SignIn
Kerala Kaumudi Online
Thursday, 22 October 2026 10.11 PM IST

ന്യൂസിലൻഡ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച, ഖാലിസ്ഥാൻ ഘടകങ്ങളെ നിയന്ത്രിക്കണം: മോദി

m

ന്യൂഡൽഹി: ന്യൂസിലൻഡിലെ ഖാലിസ്ഥാൻ പ്രവർത്തനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച ഇന്ത്യ നടപടിയെടുക്കാൻ ആവശ്യപ്പെട്ടു. ഡൽഹിയിലെത്തിയ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണുമായുള്ള കൂടിക്കാഴ്‌ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം ഉന്നയിച്ചത്. ഭീകര ഭീഷണിയെ ഇരു രാജ്യങ്ങളും ശക്തമായി എതിർക്കുമെന്ന് സംയുക്ത പ്രസ‌്‌താവനയിൽ ഇരുവരും വ്യക്തമാക്കി.

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഞങ്ങൾ ഒന്നാണ്. 2019ലെ ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണവും 2008ലെ മുംബയ് ഭീകരാക്രമണവും ഒരേ രൂപത്തിലുള്ളതാണ്. ഇതിനെതിരെ കടത്ത നടപടി അത്യാവശ്യമാണ് - സംയുക്ത പത്രസമ്മേളനത്തിൽ മോദി പറഞ്ഞു. നിയമവിരുദ്ധ ഘടകങ്ങൾക്കെതിരെ ന്യൂസിലൻഡ് സർക്കാരിന്റെ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു.


ഇന്ത്യയുടെ ആശങ്ക ന്യൂസിലൻഡിനെ ധരിപ്പിക്കാൻ സാധിച്ചതായി വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജയ്ദീപ് മജുംദാർ പറഞ്ഞു. പ്രതിരോധ മേഖലയിലെ സഹകരണം ഉൾപ്പെടെയുള്ള ഏഴ് ധാരണാപത്രങ്ങളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.

സ്വതന്ത്ര വ്യാപാര കരാർ (എഫ്‌.ടി‌.എ) ചർച്ചകൾ ആരംഭിക്കൽ, പ്രൊഫഷണലുകളുടെയും വിദഗ്‌ദ്ധ തൊഴിലാളികളുടെയും കൈമാറ്റം സുഗമമാക്കൽ, ഇന്തോ-പസഫിക് ഓഷ്യൻസ് സംരംഭത്തിലും ദുരന്ത നിവാരണ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള സഖ്യത്തിലും ന്യൂസിലൻഡിനെ ചേർക്കൽ തുടങ്ങിയ പ്രഖ്യാപനങ്ങളും നടത്തി.

പ്രതിരോധത്തിൽ

ഉൾപ്പടെ സഹകരണം

വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം, ഗവേഷണം, ശാസ്ത്ര സാങ്കേതിക വിദ്യ, ബഹിരാകാശം, ജനങ്ങളുടെ സഹകരണം, കായിക വിനോദങ്ങൾ എന്നിവയിൽ കൂടുതൽ സഹകരണം. ഇരുരാജ്യങ്ങളിലെയും പൗരൻമാരുടെ യാത്ര സുഗമമാക്കാൻ നടപടി. പരമ്പരാഗത വൈദ്യശാസ്ത്ര വിവരങ്ങൾ പങ്കുവയ്‌ക്കും. ഒന്നിച്ച് ശാസ്ത്ര ഗവേഷണങ്ങൾ.

യു.എൻ: ഇന്ത്യയ്‌ക്ക് പിന്തുണ

ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ സ്ഥാനാർത്ഥിത്വത്തെ ന്യൂസിലൻഡ് പിന്തുണയ്‌ക്കും. കൂടാതെ ബഹുമുഖ വേദികളിൽ സ്ഥാനാർത്ഥിത്വത്തിന് പരസ്പര പിന്തുണ നൽകും.

ആഗോള വെല്ലുവിളികളെ നേരിടുന്നതിൽ ഐക്യരാഷ്ട്രസഭ കേന്ദ്രീകരിച്ചുള്ള ബഹുമുഖ സംവിധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ചയിൽ ഊന്നിപ്പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360