
ലക്‌നൗ: മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊന്ന് കഷണങ്ങളാക്കിയ സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. വെട്ടിനുറുക്കിയ 15ഓളം ശരീര ഭാഗങ്ങൾ സിമന്റുമായി ചേർത്ത് വീപ്പയിലടച്ചു. ഉത്തർപ്രദേശിലെ മീററ്റിലാണ് കൊടുംക്രൂരത. സൗരഭ് രജ്പുത്താണ് (29) കൊല്ലപ്പെട്ടത്. സൗരഭ് രജ്പുത്തിന്റെ ഭാര്യ മുസ്‌കാൻ റസ്‌തോഗിയും കാമുകൻ സാഹിൽ ശുക്ലയുമാണ് അറസ്റ്റിലായത്.
പ്രണയ വിവാഹം
2016ലായിരുന്നു മുസ്‌കാന്റെയും സൗരഭിന്റെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ഭാര്യയോടൊപ്പം നിക്കാൻ ആഗ്രഹിച്ച സൗരഭ് മർച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ചു. വീട്ടിൽ പ്രശ്നമായതോടെ സൗരഭും മുസ്‌കാനും വാടക വീട്ടിലേക്ക് മാറി. 2019ൽ ഇരുവർക്കും ഒരു മകളുണ്ടായി. ഇതിനിടെ മുസ്‌കാൻ തന്റെ സുഹൃത്ത് സാഹിലുമായി പ്രണയത്തിലാണെന്ന് സൗരഭ് അറിഞ്ഞു. ഇത് വലിയ പ്രശ്നമാകുകയും വിവാഹമോചന വക്കിൽ വരെയെത്തുകയും ചെയ്തു. എന്നാൽ മകളെയോർത്ത് ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു. 2023ൽ സൗരഭ് വീണ്ടും ലണ്ടനിൽ മർച്ചന്റ് നേവിയിൽ ചേർന്നു.
മകളുടെ പിറന്നാൾ
ആഘോഷിക്കാൻ
ഫെബ്രുവരി 28 ന് സൗരഭിന്റെ മകൾക്ക് ആറ് വയസ്. ആഘോഷിക്കാൻ ഫെബ്രുവരി 24 ന് സൗരഭ് മടങ്ങിയെത്തി. ഇതിനിടെ സൗരഭിനെ കൊലപ്പെടുത്താൻ മുസ്‌കാനും സാഹിലും തീരുമാനിച്ചു. മാർച്ച് നാലിന് മുസ്‌കാൻ സൗരഭിന്റെ ഭക്ഷണത്തിൽ ഉറക്കഗുളികകൾ കലർത്തി. ഉറക്കത്തിനിടെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി. മൃതദേഹം വെട്ടിനുറുക്കി. കഷണങ്ങൾ ഒരു ഡ്രമ്മിൽ ഇട്ടു. സിമന്റിട്ട് അടച്ചു.
മണാലിയിലേക്ക്
അയൽക്കാർ സൗരഭിനെക്കുറിച്ച് ചോദിച്ചപ്പോൾ, ഒരു യാത്രയിലാണെന്ന് മുസ്കാൻ പറഞ്ഞു. തുടർന്ന് മുസ്കാനും
സാഹിലും സൗരഭിന്റെ ഫോണുമായി മണാലിയിലേക്ക് പോയി. സൗരഭിന്റെ സമൂഹ മാദ്ധ്യമങ്ങളിൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തു. എന്നാൽ സൗരഭ് ദിവസങ്ങളോളം കോളുകൾ എടുക്കാതിരുന്നതോടെ കുടുംബം പൊലീസിൽ പരാതി നൽകി.
വെളിപ്പെടുത്തൽ
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മുസ്‌കാനെയും സാഹിലിനെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ അവർ പൊട്ടിക്കരഞ്ഞു. കുറ്റസമ്മതം നടത്തി. പൊലീസ് വീപ്പ കണ്ടെത്തി. ചുറ്റിക ഉപയോഗിച്ച് സിമന്റ് പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വീപ്പ പിന്നീട് മോർച്ചറിയിലേക്ക് മാറ്റി. സൗരഭ് കൊല്ലപ്പെട്ട് 14 ദിവസത്തിന് ശേഷം ഡ്രിൽ മെഷീൻ ഉപയോഗിച്ച് വീപ്പയിൽ നിന്ന് സിമന്റ് മാറ്റി. ഇരുവരെയും കസ്റ്റഡിയിലെടുത്തെന്നും കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.
ലഹരി ഉപയോഗവും
മുസ്കാന് ലഹരി ഉപയോഗിക്കാൻ കഴിയില്ല എന്ന പേടിയും ഉണ്ടായിരുന്നെന്ന് മുസ്‌കാന്റെ അമ്മ കവിതാ രസ്‌തോഗി പറയുന്നു. കുടുംബവും സ്വത്തും ഉപേക്ഷിച്ച് മുസ്‌കാനൊപ്പം ജീവിക്കാൻ വന്ന സൗരഭിനെ കൊലപ്പെടുത്തിയ മകൾക്ക് തൂക്കുകയർ നൽകണമെന്ന് മുസ്‌കാന്റെ കുടുംബം ആവശ്യപ്പെട്ടു. മകളെ തൂക്കിലേറ്റണം. നീതിക്കുവേണ്ടി സൗരഭിന്റെ മാതാപിതാക്കൾക്കൊപ്പം പോരാടും-മുസ്കാന്റെ മാതാപിതാക്കൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |