
□പട്ടിക വിഭാഗങ്ങളെ മൂന്നായി തിരിച്ച് സംവരണം
ന്യൂഡൽഹി: വിദ്യാഭ്യാസത്തിലും തൊഴിലിലും തദ്ദേശ സ്ഥാപനങ്ങളിലും ഒ.ബി.സി സംവരണം 42% ആയി ഉയർത്തുന്നതിനുള്ള ബില്ലുകൾ തെലങ്കാന നിയമസഭ പാസാക്കി. പട്ടിക വർഗ വിഭാഗങ്ങളുടെ ജോലിക്കും വിദ്യാഭ്യാസത്തിനുമുള്ള സംവരണം 10% ആക്കാനും പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളെ മൂന്നു വിഭാഗങ്ങളാക്കി തിരിച്ച് സംവരണം നടത്താനുമുള്ള ബില്ലും പാസാക്കി. അടുത്തിടെ നടത്തിയ ജാതി സർവേ അടിസ്ഥാനമാക്കിയാണ് തെലങ്കാനയിലെ രേവന്ത റെഡ്ഡി നയിക്കുന്ന കോൺഗ്രസ് സർക്കാരിന്റെ തീരുമാനം.
കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ച ബില്ലിനെ ബി.ജെ.പി, ബി.ആർ.എസ്, എ.ഐ.എം.ഐ.എം, സി.പി.ഐ അംഗങ്ങളും പിന്തുണച്ചു. പുതിയ ബില്ലുകൾ നടപ്പായാൽ, സംസ്ഥാനത്തെ ജാതി സംവരണം 67% ആയി ഉയരും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10% കൂടാതെയാണിത്. സുപ്രീംകോടതി നിശ്ചയിച്ച പരിധി 50% ആയതിനാൽ സംവരണം കോടതിയിൽ ചോദ്യംചെയ്യാൻ ഇടയുണ്ട്. സംസ്ഥാന സർക്കാർ നടത്തിയ ജാതി സെൻസസിൽ ജനസംഖ്യയിൽ 56.33% ഒ.ബി.സിക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
നിലവിലെ
സംവരണം
1.ഒ.ബി.സി: വിദ്യാഭ്യാസത്തിലും തൊഴിലിലും 29%, തദ്ദേശ സ്ഥാപനങ്ങളിൽ 23%(ഇത് ഏകീകരിച്ചാണ് 42% ആക്കിയത്)
2. പട്ടികജാതി: 15%, പട്ടികവർഗം: 6%
3.സാമ്പത്തിക പിന്നാക്ക വിഭാഗം: 10%
ജാതി സെൻസസ്
56.33% ഒ.ബി.സി, പട്ടികജാതി 17.43%, പട്ടികവർഗം 10.45%, മുസ്ലിം 12.56%(10.08% ഒ.ബി.സി മുസ്ലിം), മറ്റ് ജാതിക്കാർ 15.79%.
50% കടന്നാൽ
കോടതി ഇടപെടൽ
2023 നവംബറിൽ ബിഹാർ നിയമസഭ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലുമുള്ള സംവരണം 65 ശതമാനമാക്കിയത് പട്ന ഹൈക്കോടതി റദ്ദാക്കി. മഹാരാഷ്‌ട്രയിൽ മറാത്താ സംവരണം, 2011ൽ ഛത്തീസ്ഗഡ് നിയമം, കർണാടകയിലെ നീക്കം എന്നിവയും കോടതി തടഞ്ഞു.തമിഴ്നാട്ടിലെ 69% സംവരണം ചോദ്യം ചെയ്യപ്പെടാതിരിക്കാൻ ഭരണഘടനയുടെ 9-ാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയതിനെതിരെ നൽകിയ ഹർജി സുപ്രീംകോടതിയിലാണ്.
''ഒ.ബി.സി വിഭാഗത്തിന് 42 % സംവരണം എന്നത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നൽകിയ വാഗ്‌ദാനമാണ്. സംവരണം നടപ്പിലാക്കാൻ ആവശ്യമായ ഭരണഘടനാ ഭേദഗതിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ പ്രതിപക്ഷ പാർട്ടികളും ഒത്തുചേരണം.
-രേവന്ത് റെഡ്ഡി,
മുഖ്യമന്ത്രി:
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |