
ചെന്നൈ: ബംഗളൂരു- ചെന്നൈ എക്സ്പ്രസ് വേ നേരത്തെ നിശ്ചയിച്ചതുപോലെ ആഗസ്റ്റിൽ തുറക്കില്ല. 262 കിലോമീറ്റർ എക്സ്പ്രസ് വേ പൂർണമായി തുറക്കാൻ 2026 ജൂൺ വരെ കാത്തിരിക്കണം. ആഗസ്റ്റിൽ നിർമ്മാണം പൂർത്തിയാകില്ലെന്ന് വ്യക്തമായതോടെയാണ് ദേശീയപാത അതോറിട്ടി (എൻ.എച്ച്.എ.ഐ) കരാറുകാർക്ക് സമയപരിധി നീട്ടി നൽകിയത്. പാത കടന്നുപോകുന്ന കർണാടകയിലെ ഹൊസ്‌കോട്ടെ മുതൽ കെ.ജി.എഫ് വരെയുള്ള 71 കിലോമീറ്റർ കഴിഞ്ഞ ഡിസംബറിൽ ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. എന്നാൽ ടോൾ പിരിവ് ആരംഭിച്ചിട്ടില്ല. ആന്ധ്രയിൽ 85ഉം തമിഴ്നാട്ടിൽ 106 കിലോമീറ്ററുമുള്ള പാതയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ബംഗളൂരു-ചെന്നൈ യാത്ര 3- 4 മണിക്കൂർ കൊണ്ട് സാദ്ധ്യമാകും.ബംഗളൂരു ഗ്രാമജില്ലയിലെ ഹൊസ്‌കോട്ടെ കോളത്തൂർ ജംക്ഷനിൽ നിന്ന് ആരംഭിച്ച് ദൊബാസ്‌പേട്ട്, കോലാർ, കെ.ജി.എഫ്, ചിറ്റൂർ, വെല്ലൂർ, റാണിപേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ വഴി ശ്രീപെരുംപത്തൂരിൽ നിലവിലെ ചെന്നൈ-ബംഗളൂരു ദേശീയപാതയുമായാണ് എക്സ്പ്രസ് വേ ചേരുന്നത്.
വേഗപരിധി- 100-120 കിലോമീറ്റർ വരെ
ചെലവ് 16,370 കോടി രൂപ
പദ്ധതിക്കായി ഏറ്റെടുത്തത് - 2650 ഏക്കർ
71 അടിപ്പാതകൾ
31 വലിയ പാലങ്ങൾ
6 ടോൾ പ്ലാസകൾ
നിർമ്മാണത്തിന് തടസം
വീടുകളില്ലാത്ത തുറന്ന സ്ഥലങ്ങളിലൂടെ കടന്നുപോകുന്നതിനാൽ എക്സ്‌പ്രസ് വേയ്ക്ക് ഭൂമി ഏറ്റെടുക്കൽ കാര്യമായ വെല്ലുവിളികൾ സൃഷ്ടിച്ചില്ല. എന്നാൽ വൈദ്യുതി ടവറുകൾ ഉൾപ്പെടെ മാറ്റി സ്ഥാപിക്കന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി വൈകിയിരുന്നു.
വാഹന നിരോധനം
ബംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ ഉപയോഗിക്കുന്നതിൽ നിന്ന് ഇരുചക്ര വാഹനങ്ങൾക്ക് എൻ.എച്ച്.എ.ഐ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഹൈവേയിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് വയസ്സുള്ള ഒരു കുട്ടി ഉൾപ്പെടെ നാല് പേർ മരിച്ച സംഭവത്തെ തുടർന്നാണ് തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |