SignIn
Kerala Kaumudi Online
Friday, 23 October 2026 2.23 PM IST

സുപ്രീം കോടതി പുറത്തുവിട്ടത് നിർണായക വിവരം, രാജിസമ്മർദ്ദത്തിൽ ജഡ്ജി

note

ന്യൂഡൽഹി :ഡൽഹി ഹൈക്കോടതി ജഡ്‌ജി യശ്വന്ത് വർമ്മയുടെ വസതിയോട് ചേർന്നുള്ള സ്റ്റോർ റൂമിൽ നോട്ടുകൂമ്പാരം കണ്ടെത്തിയതു സംബന്ധിച്ച് ഏറെ നിർണായകമായ വിവരങ്ങളാണ് സുപ്രീംകോടതി പുറത്തുവിട്ടത്. ജുഡീഷ്യറിയുടെ വിശ്വാസ്യത നിലനിർത്താനും, അന്വേഷണത്തിൽ സുതാര്യതയും ഉറപ്പാക്കാനാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അസാധാരണ നടപടിക്ക് മുതിർന്നതെന്നാണ് സൂചന. ഇതോടെ,യശ്വന്ത് വർമ്മ വലിയ സമ്മർദ്ദത്തിലാണ്. രാജിവയ്‌ക്കുമോ എന്ന് ഉറ്റുനോക്കുകയാണ് നിയമവൃത്തങ്ങൾ. പൊലീസ് കമ്മിഷണർ, ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ രജിസ്ട്രാർ കം സെക്രട്ടറി, സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഹൈക്കോടതി ചീഫ് ജസ്റ്റിസും നടത്തിയ ആശയവിനിമയം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് വെബ്സൈറ്റിലൂടെ പുറത്തുവിട്ടത്.

#വസതിക്ക് സുരക്ഷയൊരുക്കുന്ന സി.ആർ.പി.എഫ് സംഘം താമസിക്കുന്ന ഗാർഡ് റൂമിനോട് ചേർന്ന സ്റ്റോർ റൂമിലാണ് ഹോളിദിനമായ മാർച്ച് 14ന് രാത്രി പതിനൊന്നരയോടെ തീപിടിത്തമുണ്ടായത്. ജഡ്‌ജിയുടെ പേഴ്സണൽ സെക്രട്ടറി കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചു

# ലക്‌നൗവിലായിരുന്ന ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാദ്ധ്യായയെ 15ന് വൈകീട്ട് 4.50ന് ഡൽഹി പൊലീസ് കമ്മിഷണർ സഞ്ജയ് അറോറ വിളിച്ചു

സംഭവവും നോട്ടുകൂമ്പാരം കണ്ടെത്തിയതും അറിയിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉടൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ അറിയിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശപ്രകാരം കമ്മിഷണറിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടി

# മാർച്ച് 15ന് രാവിലെ കത്തിക്കരിഞ്ഞ നോട്ടുകൾ സ്റ്റോർ റൂമിൽ നിന്ന് നീക്കം ചെയ്‌തതായി സുരക്ഷാ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കമ്മിഷണർ ഈ വിവരം ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അറിയിച്ചു. രാത്രി 09.10ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ രജിസ്ട്രാർ-കം-സെക്രട്ടറി സ്ഥലം സന്ദർശിച്ചു. യശ്വന്ത് വർമ്മ അവിടെ ഉണ്ടായിരുന്നു. ആവശ്യമില്ലാത്ത വീട്ടുസാമഗ്രികൾ സൂക്ഷിക്കുന്ന ഇടമാണെന്ന് വിശദീകരണം. പൂട്ടിയിടാറില്ലെന്നും വ്യക്തമാക്കി.

# മാർച്ച് 16ന് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നേരിൽക്കണ്ട് കാര്യങ്ങൾ അറിയിച്ചു

17ന് യശ്വന്ത് വർമ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സന്ദർശിച്ച് വിശദീകരണം നൽകി. ഉപയോഗിക്കാത്ത ഫർണിച്ചറുകൾ,​ മെത്ത തുടങ്ങിയവയാണ് സൂക്ഷിച്ചിരുന്നത്. വീട്ടുജോലിക്കാർ,​തോട്ടക്കാർ,​പൊതുമരാമത്ത് ജീവനക്കാർ എന്നിവർക്ക് എപ്പോഴും പ്രവേശിക്കാൻ കഴിയുന്ന തരത്തിലാണ് റൂം. സംഭവസമയത്ത് ഭോപ്പാലിലായിരുന്നു. മകളാണ് അറിയിച്ചത്. കമ്മിഷണർ വാട്സാപ്പിൽ അയച്ചുകൊടുത്ത ചിത്രങ്ങളും ദൃശ്യങ്ങളും കാണിച്ചപ്പോൾ ഗൂഢാലോചനയുണ്ടെന്ന സംശയം പ്രകടിപ്പിച്ചു.

# മാർച്ച് 21ന്,​ ജഡ്‌ജിയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം നൽകുന്ന കാര്യം ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചപ്പോൾ അനുകൂലമായി ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രതികരിച്ചു

മാർച്ച് 22ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രാഥമിക റിപ്പോർട്ട് സുപ്രീംകോടതിക്ക് കൈമാറി. പ്രഥമദൃഷ്‌ട്യാ ജഡ്‌ജിയുടെ വസതിയിലുള്ളവർ,​ വീട്ടുജോലിക്കാർ,​ തോട്ടക്കാർ,​ പൊതുമരാമത്ത് ജീവനക്കാർ എന്നിവർക്കല്ലാതെ മറ്റാർക്കും സ്റ്റോർ റൂമിലേക്ക് പ്രവേശിക്കാൻ സാദ്ധ്യമല്ല. ആഴത്തിലുള്ള അന്വേഷണം വേണമെന്ന് ശുപാർശ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360