SignIn
Kerala Kaumudi Online
Thursday, 04 June 2026 8.11 AM IST

ജഡ്ജിയുടെ വീട്ടിൽ കത്തിയ നോട്ടുകൂമ്പാരം അപ്രത്യക്ഷം, പിടിമുറുക്കി സുപ്രീംകോടതി, രാജിവയ്ക്കാൻ സമ്മർദ്ദം

READ ENGLISH VERSION
note

ന്യൂഡൽഹി : ഡൽഹി ഹൈക്കോടതി ജഡ്‌ജി യശ്വന്ത് വർമ്മയുടെ വസതിയോട് ചേർന്നുള്ള സ്റ്റോർ റൂമിൽ കണ്ടെത്തിയ 500 രൂപയുടെ വൻനോട്ടുകൂമ്പാരം അപ്രത്യക്ഷമായി. ചാക്കുകെട്ടുകളിലായി സൂക്ഷിച്ചിരുന്ന നോട്ടുകൾ തീപിടിത്തത്തിൽ കത്തിക്കരിയുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സുപ്രീംകോടതി സ്വന്തം വെബ് സൈറ്റിലൂടെ പുറത്തുവിട്ടിരുന്നു. അതിനു മുമ്പുതന്നെ നീക്കം ചെയ്തിരുന്നു.

ആരാണ് നീക്കം ചെയ്തതെന്ന് അറിയിക്കാൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാദ്ധ്യായയ്‌ക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിർദ്ദേശം നൽകി.

പണത്തിന്റെ സ്രോതസ്, കഴിഞ്ഞ ആറു മാസം അവിടെ പ്രവർത്തിച്ച ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ, ജഡ്‌ജിയുടെ ആറു മാസത്തെ ഫോൺകോൾ വിശദാംശങ്ങൾ എന്നിവയും തേടി. മൊബൈൽ ഫോണും ഡേറ്റയും നശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാനും കർശന നിർദ്ദേശം നൽകി.

ജഡ്ജിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ക്രിമിനൽ പ്രോസിക്യൂഷനിലേക്ക് കടക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി അഭിഭാഷകനായ മാത്യൂസ് ജെ നെടുമ്പാറ സുപ്രീംകോടതിയെ സമീപിച്ചു.

കത്തിക്കരിഞ്ഞവ നീക്കം ചെയ്യുന്നത് കണ്ടതായി സുരക്ഷാ ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യം രേഖാമൂലം ഡൽഹി പൊലീസ് കമ്മിഷണർ സഞ്ജയ് അറോറ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാദ്ധ്യായയെ അറിയിച്ചിട്ടുണ്ട്.

യശ്വന്ത് വർമ്മയ്‌ക്ക് മേൽ രാജിക്ക് സമ്മർദ്ദമുണ്ടെന്നാണ് സൂചന. ഇംപീച്ച്മെന്റ് ഒഴിവാക്കാനാണിത്.ജുഡിഷ്യൽ ചുമതലയിൽ നിന്ന് സുപ്രീംകോടതി മാറ്റിനിറുത്തിയിരിക്കുകയാണ്.

പാർലമെന്റിൽ ഇന്ന് വിഷയം വന്നേക്കും. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പ്രസ്‌താവന നടത്താൻ സാദ്ധ്യതയുണ്ട്.

പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കർണാടക ഹൈക്കോടതിയിലെ മലയാളി ജഡ്‌ജി അനു ശിവരാമൻ എന്നിവരടങ്ങിയ മൂന്നംഗ സമിതി അന്വേഷണനടപടികളിലേക്ക് കടന്നു.

എന്റെ പണം അവിടെയില്ല

എല്ലാം ഗൂഢാലോചന:ജഡ്ജി

#വസതിയിൽ നിന്ന് വേറിട്ടാണ് സ്റ്റോർ റൂം. താൻ അവിടെ നോട്ടുകെട്ടുകൾ സൂക്ഷിച്ചിട്ടില്ല. കത്തിയ നോട്ടുകെട്ടുകൾ തന്നെയോ വീട്ടുകാരെയോ ആരും കാണിച്ചിട്ടില്ല. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ രജിസ്ട്രാർ - കം - സെക്രട്ടറിക്കൊപ്പം അവിടെ സന്ദർശിച്ചപ്പോൾ നോട്ടുകൾ കത്തിക്കരിഞ്ഞത് കണ്ടില്ല.

കമ്മിഷണർ കൈമാറിയ ദൃശ്യങ്ങൾ കണ്ട് ഞെട്ടി. തന്നെ കുടുക്കാനും അപകീർത്തിപ്പെടുത്താനുമുള്ള ഗൂഢാലോചനയാണ്.

14ന് തീപിടിത്തമുണ്ടാകുമ്പോൾ സ്ഥലത്ത് ഇല്ലായിരുന്നു. 15ന് വൈകീട്ടാണ് താനും ഭാര്യയും ഭോപ്പാലിൽ നിന്ന് തിരിച്ചെത്തിയത്.15ന് രാവിലെ നോട്ടുകൾ നീക്കം ചെയ്തുവെന്നതിനെ കുറിച്ച് അറിയില്ലെന്നും ജഡ്ജി വിശദീകരണം നൽകി.

#കരിഞ്ഞ നോട്ടുകൾ

പാറിപ്പറക്കുന്നു

ഡൽഹി തുഗ്ലക് ക്രെസന്റ് റോഡിലെ ജഡ്‌ജിയുടെ വസതിക്ക് മുന്നിൽ 500 രൂപയുടെ കത്തിക്കരിഞ്ഞ നോട്ടുകൾ പാറിപ്പറക്കുകയാണ് . കുറച്ചുദിവസമായി നിത്യകാഴ്ചയാണെന്ന് ശുചീകരണ തൊഴിലാളികൾ പറയുന്നു. മാദ്ധ്യമപ്രവർത്തകർക്കും കിട്ടി കരിഞ്ഞ നോട്ടുകളുടെ അവശിഷ്‌ടങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360