
ലക്‌നൗ: മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യ മുസ്‌കാൻ റസ്തഗിയും കാമുകൻ സാഹിൽ ശുക്ലയും ലഹരിക്ക് അടിമകളെന്ന് പൊലീസ്. നിലവിൽ ജയിലിൽ കഴിയുന്ന ഇരുവരും ലഹരി ആവശ്യപ്പെട്ട് സംഘർഷവുമുണ്ടാക്കി. ലഹരി കിട്ടാത്തതു മൂലം സ്വയം മുറിവേൽപ്പിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് കടുത്ത സുരക്ഷയിലാണ് പാർപ്പിച്ചിരിക്കുന്നത്. തനിക്ക് മോർഫിൻ കുത്തിവയ്പ്പുകൾ എങ്കിലും നൽകാൻ മുസ്‌കാൻ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ലഹരി കിട്ടാത്തത് മൂലം ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയാണെന്നും ഇത് സ്വാഭാവികമാണെന്നും ജയിൽ അധികൃതർ പറഞ്ഞു. രക്തപരിശോധനയിൽ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയിരുന്നു. പ്രതികൾ ജയിലിലെ ഡീ അഡിക്ഷൻ കേന്ദ്രത്തിൽ ചികിത്സയിലാണ്.
വളരെ കുറച്ച് ഭക്ഷണം മാത്രമാണ് മുസ്കാൻ കഴിക്കുന്നത്. പലപ്പോഴും ഒരു മൂലയിൽ കുത്തിയിരിക്കും. ലഹരി കിട്ടാതായതോടെ സാഹിൽ വളരെ അസ്വസ്ഥനാണെന്നും പൊലീസ് പറയുന്നു. മീററ്റ് ജില്ലാ ജയിലിൽ 1.5 കിലോമീറ്റർ അകലത്തിൽ വെവ്വേറെ ബാരക്കുകളിലാണ് ഇരുവരെയും പാർപ്പിച്ചിരിക്കുന്നത്. അടുത്തടുത്ത് പാർപ്പിക്കണമെന്ന ഇവരുടെ ആവശ്യം പരിഗണിച്ചില്ല. ഇതുവരെ ഇവരെ കുടുംബാംഗങ്ങളാരും സന്ദർശിച്ചിട്ടില്ല.
കേസ് അതിവേഗ കോടതിയിൽ കേൾക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് മീററ്റ് എസ്.എസ്.പി ഡോ. വിപിൻ ടാഡ പറഞ്ഞു.
ഫെബ്രുവരി 24നാണ് ലണ്ടനിൽ നിന്ന് മുസ്കാന്റെ ഭർത്താവും നേവി ഉദ്യോഗസ്ഥനുമായ സൗരഭ് രജ്പുത്ത് (29) നാട്ടിലെത്തുന്നത്. മുസ്കാന്റെയും മകളുടെയും ജന്മദിനം പ്രമാണിച്ച് സർപ്രൈസ് നൽകാനാണ് എത്തിയത്. കഴിഞ്ഞ നാലിന് സൗരഭിനെ മയക്കുമരുന്ന് നൽകി ഉറക്കിയ ശേഷം കത്തി കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. ശേഷം ശരീരം കഷണങ്ങളാക്കി വീപ്പയിലടച്ച് സിമന്റിട്ടുമൂടി.
സൗരഭിനൊപ്പം കഴിഞ്ഞാൽ ലഹരി ഉപയോഗിക്കാൻ കഴിയില്ലെന്ന പേടിയും സാഹിലുമായുള്ള ബന്ധവുമാണ് കൊലപ്പെടുത്താനുള്ള കാരണം. നവംബർ മുതൽ മുസ്‌കാൻ കൊലപാതകം ആസൂത്രണം ചെയ്തുവരികയായിരുന്നുവെന്ന് എസ്.പി ആയുഷ് വിക്രം സിംഗ് വെളിപ്പെടുത്തി.
വക്കീലിനെ വേണമെന്ന്
മുസ്കാൻ
കോടതിയിൽ തനിക്ക് വേണ്ടി വാദിക്കാൻ സർക്കാർ വക്കീലിനെ വേണമെന്ന് ആവശ്യപ്പെട്ട് മുസ്കാൻ. കുടുംബം തനിക്ക് എതിരാണെന്നും സഹായിക്കില്ലെന്നും മുസ്കാൻ പറഞ്ഞതായാണ് റിപ്പോർട്ട്. വിവരം കോടതിയെ ധരിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |