
റായ്‌പൂർ: ഛത്തീസ്‌ഗഢിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഇന്നലെ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ദന്തേവാഡയ്ക്കും ബിജാപൂർ ജില്ലയ്ക്കും ഇടയിലെ അതിർത്തി പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് സാന്നിദ്ധ്യം കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിച്ചു. തലയ്ക്ക് 25 കോടി വിലയിട്ട മാവോയിസ്റ്റ് നേതാവ് സുധീർ എന്ന സുധാകരാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. ഇയാൾ വർഷങ്ങളായി സേനയുടെ നോട്ടപ്പുള്ളിയാണ്. തെലങ്കാന സ്വദേശിയായ ഇയാൾ ഛത്തീസ്ഗഢ് കേന്ദ്രീകരിച്ച് ഒട്ടവവധി ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. മറ്റു രണ്ട് മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരിൽ നിന്ന് വലിയ ആയുധശേഖരം പിടിച്ചെടുത്തുവെന്നാണ് സുരക്ഷാ സേന പറയുന്നു.
പ്രദേശത്ത് മാവോയിസ്റ്റുകൾ എത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് കാട്ടിനുള്ളിൽ ഏറ്റുമുട്ടലുണ്ടായതെന്ന് ദന്ദേവാഡ പൊലീസ് സൂപ്രണ്ട് ഗൗരവ് റായ് പറഞ്ഞു.
കേന്ദ്ര നിർദ്ദേശത്തെത്തുടർന്ന് ഛത്തീസ്‌ഗഢിൽ മാവോയിസ്റ്റ് വേട്ട വർദ്ധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്‌ച ബിജാപൂരിലും കങ്കേറിലും ഉണ്ടായ ഏറ്റുമുട്ടലിൽ ഇരുപത്തിയഞ്ചിലധികം മാവോയിസ്റ്റുകളെ വധിച്ചിരുന്നു. ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. കഴിഞ്ഞവർഷം മാത്രം 219 മാവോയിസ്റ്റുകളെയാണ് ഛത്തീസ്‌ഗഢിൽ വധിച്ചത്. 2023ൽ 22 പേരെയും 2022ൽ 30 പേരെയുമാണ് സുരക്ഷാസേന വധിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇക്കൊല്ലം രാജ്യത്തുടനീളം നടന്ന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിൽ 113 പേരെയാണ് വധിച്ചത്. 104 പേർ അറസ്റ്റിലാവുകയും 164 പേർ കീഴടങ്ങുകയും ചെയ്തു. ഛത്തീസ്‌ഗഢിലെ ബാസ്റ്റർ, ദന്ദേവാഡ, ബിജാപൂർ, കങ്കേർ, നാരായൺപൂർ, കൊണ്ടാഗോൺ, സുഖ്‌മ മേഖലകളിലാണ് കൂടുതലായും മാവോയിസ്റ്റ് പ്രവർത്തനങ്ങൾ നടക്കുന്നത്. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനായ റെഡ് കോറിഡോറിന്റെ ഭാഗമായി ആയിരത്തിലധികം സൈനികരെയാണ് ഇവിടെ വിന്യസിച്ചിട്ടുള്ളത്.
നക്സൽ പ്രവർത്തനങ്ങൾക്കെതിരെയുള്ള നടപടികൾ പുരോഗമിക്കുന്നതിനിടയിൽ, ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് മാർച്ച് 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഛത്തീസ്ഗഢിലെ മാവോവാദം അവസാനത്തിലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻ ശക്തികേന്ദ്രങ്ങൾ തിരിച്ചുപിടിച്ചതിലൂടെ സർക്കാർ നേതൃത്വത്തിലുള്ള സംരംഭങ്ങളിൽ ആത്മവിശ്വാസം പുനഃസ്ഥാപിച്ച സംസ്ഥാന പൊലീസിന്റെയും കേന്ദ്ര സേനയുടെയും സംയുക്ത ശ്രമങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |