
മുംബയ്: രാജാരവി വർമയുടെ ചിത്രം ലേലം ചെയ്തത് 2.6 കോടിയ്ക്ക്. രവിവർമ്മ വരച്ച ഹൈദരാബാദ് നൈസാം മഹബൂബ് അലിഖാൻ അസഫ് ജാ ആറാമന്റെ ചിത്രമാണ് മുംബയ് പുണ്ടോൾ ആർട്ട് ഗാലറിയിലെ ലേലത്തിൽ 2.6 കോടിക്ക് വിറ്റത്. ഹൈദരാബാദ് നൈസാം 500 രൂപ വിലയിട്ട ചിത്രമാണിത്. നൈസാം വാങ്ങിയ ചിത്രം അതേപടി പിന്നീട് രവിവർമ്മ ഓയിൽ പെയിന്റിൽ വരച്ചിരുന്നു.
19x11 ഇഞ്ച് വലിപ്പമുള്ള ഈ ചിത്രമാണ് ലേലത്തിനുവച്ചത്. ഇതോടൊപ്പം,ഗണപതിയുടെ മടിയിൽ ഭാര്യമാർ ഇരിക്കുന്ന ‘റിദ്ധി സിദ്ധി ഗണപതി’ എന്ന ചിത്രം 16 കോടിക്ക് വിറ്റു. ജർമ്മനിയിലെ ഫ്രിറ്റ്സ് ഷ്ളിച്ചർ കുടുംബാംഗങ്ങളുടെ ശേഖരത്തിലുള്ളതാണ് ഈ ചിത്രങ്ങൾ.
കൊട്ടാരം ഫോട്ടോഗ്രാഫർ രാജാ ദീൻദയാലാണ് നൈസാമിന്റെ ഫോട്ടോ വരക്കാൻ ഹൈദരാബാദിലേക്ക് രവിവർമയെ ക്ഷണിച്ചത്. രവിവർമയും സഹോദരൻ രാജരാജവർമയും 1902 ജനുവരി 22ന് അവിടെയെത്തി. എന്നാൽ, പലതവണ ശ്രമിച്ചിട്ടും നൈസാമിനെ കാണാനായില്ല. പിന്നീട്, ജോൺസ്റ്റണ ആൻഡ് ഹോഫ്മാൻ എടുത്ത നൈസാമിന്റെ ഫോട്ടോ മാതൃകയാക്കി അഞ്ചു ചിത്രങ്ങൾ വരച്ച് കൊട്ടാരത്തിൽ ഏൽപ്പിച്ച് മടങ്ങി.
1000 രൂപ വില നിശ്ചയിച്ചിരുന്ന ചിത്രത്തിലൊന്നാണ് നൈസാം 500 രൂപയ്ക്ക് വാങ്ങിയത്. പിന്നീട് രവിവർമയുടെ ലോണാവാലയിലെ പ്രസ് വാങ്ങിയ ഷ്ളിച്ചർ അവിടെയുണ്ടായിരുന്ന പെയിന്റിംഗുകൾ കൂടി സ്വന്തമാക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |