
റായ്പൂർ: ഛത്തീസ്ഗഢിലെ ബീജാപൂരിൽ ഇന്നലെ അമ്പത് മാവോയിസ്റ്റുകൾ കീഴടങ്ങി. ഇതിൽ 14 പേരുടെ തലയ്ക്ക് 68 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നതാണെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാന പൊലീസിന്റെയും സി.ആർ.പി.എഫിന്റെയും മുന്നിലാണ് അവർ ആയുധങ്ങൾ വച്ച് കീഴടങ്ങിയത്. മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിലുള്ള വിശ്വാസം നഷ്ടപ്പെടൽ, മുതിർന്ന കേഡർമാർ ആദിവാസികളെ ചൂഷണം ചെയ്യൽ തുടങ്ങിയവയാണ് കീഴടങ്ങാനുള്ള കാരണമായി അവർ പറഞ്ഞെതെന്ന് ബീജാപൂർ സീനിയർ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ യാദവ് പറഞ്ഞു. അതേസമയം, 50 പേരിൽ ആറ് പേർക്ക് എട്ട് ലക്ഷം രൂപ വീതവും മൂന്ന് പേർക്ക് അഞ്ച് ലക്ഷം രൂപ വീതവും അഞ്ച് പേർക്ക് ഒരു ലക്ഷം രൂപ വീതവും പാരിതോഷികം നൽകി. ജില്ലാ റിസർവ് ഗാർഡ് (ഡി.ആർ.ജി), ബസ്തർ ഫൈറ്റേഴ്‌സ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്), സി.ആർ.പി.എഫ്, അതിന്റെ എലൈറ്റ് കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ) യൂണിറ്റ് എന്നിവയാണ് കീഴടങ്ങലിന് സൗകര്യമൊരുക്കിയതെന്ന് യാദവ് പറഞ്ഞു. കീഴടങ്ങുന്ന മാവോയിസ്റ്റുകളെ സർക്കാർ നയമനുസരിച്ച് പുനരധിവസിപ്പിക്കും. 33,700 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് ഈ കീഴടങ്ങലുണ്ടായത്.
ശനിയാഴ്ച സുക്മയിലും ബീജാപൂരിലും നടന്ന ഇരട്ട ഏറ്റുമുട്ടലുകളിൽ 11 സ്ത്രീകൾ ഉൾപ്പെടെ 18 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു. 2026 മാർച്ച് 31ഓടെ നക്സലിസം ഇല്ലാതാക്കുക എന്ന സംസ്ഥാനത്തിന്റെ ദൗത്യത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണിത്.
ഈ വർഷം ഛത്തീസ്ഗഢിൽ നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ 134 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. അതിൽ 118 പേർ ബസ്തർ ഡിവിഷനിലാണ്. കൂടാതെ, ഏഴ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ബസ്തർ മേഖലയിൽ 2024ൽ 792 മാവോയിസ്റ്റുകൾ കീഴടങ്ങിയതായി പൊലീസ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |