
ഇംഫാൽ: കുക്കി-മെയ്‌തി സംഘർഷത്തിന്റെ മുറിവുകൾ ഉണങ്ങാത്ത മണിപ്പൂരിൽ ആറു മാസത്തേക്ക് കൂടി ആംഡ് ഫോഴ്സസ് (സ്‌പെഷ്യൽ പവേഴ്സ്) ആക്‌ട് (അഫ്സ്‌പ) ബാധകമാക്കി കേന്ദ്രസർക്കാർ. അതേസമയം,സംസ്ഥാനത്തെ 13 പൊലീസ് സ്റ്റേഷനുകളെ അഫ്സ്‌പയുടെ പരിധിയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. മണിപ്പൂരിലെ ക്രമസമാധാന നില വിലയിരുത്തിയ ശേഷമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. സംഘർഷ സാദ്ധ്യതയുള്ള നാഗാലാൻഡിലെയും അരുണാചൽ പ്രദേശിലെയും മേഖലകളിൽ ആറുമാസത്തേക്ക് കൂടി നിയമം ബാധകമാക്കി. ക്രമസമാധാനവും സുരക്ഷയും കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 ഒക്ടോബർ ഒന്ന് മുതൽ പ്രഖ്യാപിച്ച മൂന്ന് സംസ്ഥാനങ്ങളിലെയും അഫ്സ്‌പയുടെ കാലാവധി ഇന്ന് അവസാനിക്കും. പുതിയ വിജ്ഞാപനം നാളെ മുതൽ നിലവിൽ വരും. നാഗാലൻഡിലെ എട്ട് ജില്ലകളിലും മറ്റ് അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷൻ പരിധികളിലുമാണ് അഫ്സ്പ നീട്ടിയത്. അരുണാചൽപ്രദേശിലെ തിരാപ്, ചാംഗ്‌ലാംഗ്, ലോംഗ്ഡിംഗ് തുടങ്ങിയ ജില്ലകളിലാണ് അഫ്സ്പ.
നിലവിൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്. 1980കൾ മുതൽ അഫസ്പ മണിപ്പൂരിൽ നിലവിലുണ്ട്. സായുധസേനകൾക്ക് പ്രത്യേക അധികാരം നൽകുന്ന നിയമമാണ് അഫസ്പ. പല പ്രദേശങ്ങളിലും കേന്ദ്രസർക്കാർ അഫ്സ പിൻവലിച്ചുവെങ്കിലും മണിപ്പൂരിൽ കലാപത്തെ തുടർന്നാണ് വീണ്ടും നിയമം കൊണ്ടുവരുന്നത്. അതേസമയം,മണിപ്പൂരിലെ വിവിധ പ്രദേശങ്ങളിൽ സുരക്ഷാസേന പരിശോധന നടത്തി. റൈഫിൾ,പിസ്റ്റൾ,നാടൻ മൊർട്ടർ തുടങ്ങിയവ പിടിച്ചെടുത്തു. ചുരാചന്ദ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു പരിശോധന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |