SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.37 PM IST

ബംഗാളിൽ കാറ്റ് മാറി വീശുന്നു, വിദ്യാർത്ഥി സംഘടന സ്ഥാപകദിനം; പരീക്ഷ മാറ്റാൻ നിർദ്ദേശം

e


കൊൽക്കത്ത: തൃണമൂൽ വിദ്യാർത്ഥി സംഘടനാ സ്ഥാപക ദിനത്തിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം നിരസിച്ച് കൽക്കട്ട സർവകലാശാല. ചാൻസലർ കൂടിയായ ഗവർണർ കടുത്ത നിലപാട് സ്വീകരിതോടെ വൈസ് ചാൻസലർ സിൻഡിക്കേറ്റ് യോഗം വിളിച്ച് സർക്കാർ നിർദ്ദേശത്തിനെതിരായ തീരുമാനമെടുപ്പിച്ചു. സർവകലാശാലയുടെ സ്വയംഭരണാവകാശം സംരക്ഷിക്കുന്നതിൽ നിർണായകമായ ഈ തീരുമാനം സംസ്ഥാനത്തും രാജ്യമൊട്ടാകെയും അക്കാഡമികരംഗത്ത് ചർച്ചാ വിഷയമായി. കൽക്കട്ട സർവകലാശാല 28ന് നടത്താനിരുന്ന ബി.കോം, എൽ.എൽ.ബി പരീക്ഷകൾ തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ തൃണമൂൽ ഛത്ര പരിഷത്തിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് പുനഃക്രമീകരിക്കണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവകലാശാലയോട് നിർദ്ദേശിച്ചിരുന്നു.
വൈസ് ചാൻസലർ പ്രൊഫ. ശാന്ത ദത്ത വിവരം ചാൻസലർ കൂടിയായ ഗവർണർ ഡോ. സി.വി. ആനന്ദബോസിന്റെ ശ്രദ്ധയിൽപ്പെടുത്തി. ചാൻസലറുടെ നിർദ്ദേശപ്രകാരം അവർ അതിനായി സിൻഡിക്കേറ്റ് യോഗം വിളിച്ചു. വൈസ് ചാൻസലർ ശക്തമായ നിലപാട് സ്വീകരിതോടെ സർക്കാർ നിർദ്ദേശം നിരസിക്കാൻ സിൻഡിക്കേറ്റ് നിർബന്ധിതമായി. അങ്ങനെ, പരീക്ഷകൾ നിശ്ചയപ്രകാരം തുടരുന്നതിന് അനുകൂലമായി തീരുമാനമെടുപ്പിക്കുന്നതിൽ അവർ വിജയിച്ചു.
ഒരു വിദ്യാർത്ഥി സംഘടനയുടെ സ്ഥാപക ദിനത്തെക്കുറിച്ച് സംസ്ഥാന സർക്കാർ സർവകലാശാലയ്ക്ക് കത്തെഴുതുന്നത് അഭൂതപൂർവമാണ്. സർക്കാർ നിർദ്ദേശത്തിനെതിരെ വി.സിയും സിൻഡിക്കേറ്റും തീരുമാനമെടുക്കുന്നതും അപൂർവ സംഭവം.പരീക്ഷ ക്രമീകരിക്കുന്നതിനേക്കാൾ സർവകലാശാല അതിന്റെ സ്വയംഭരണം സംരക്ഷിക്കുന്നതിൽ കാട്ടിയ ജാഗ്രതയാണ് ബംഗാളിലെ അക്കാദമിക വൃത്തങ്ങളിൽ പുതിയ ഉണർവുണ്ടാക്കിയത്.
'സർവകലാശാലയുടെ സ്വയംഭരണവും നഷ്ടപ്രതാപവും വീണ്ടെടുക്കുന്നതിൽ ഏറ്റവും നിര്ണായകവും ധീരവുമായ നിലപാട്' എന്നാണ് ബംഗാളിലെ മാധ്യമങ്ങൾ ഈ തീരുമാനത്തെ പ്രകീർത്തിച്ചത്. 'ഭയവും ഭീഷണിയും അഴിമതിയും കൊണ്ട് അദ്ധ്യാപകർ വലയുന്ന സംസ്ഥാനത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സിൻഡിക്കേറ്റ് എടുത്ത തീരുമാനം അഭൂതപൂർവമാണ്' ഒരു രാഷ്ട്രീയ നിരൂപകൻ ചാനൽ ചർച്ചയിൽ പറഞ്ഞു. തീരുമാനത്തെ പിന്തുണച്ച് കൽക്കട്ട യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷനും (സി.യു.ടി.എ) പ്രസ്താവന പുറപ്പെടുവിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360