SignIn
Kerala Kaumudi Online
Friday, 23 October 2026 5.07 PM IST

ശീതകാല സമ്മേളനം ഇന്നുമുതൽ, എസ്.ഐ.ആർ, തൊഴിൽ കോഡ് വിഷയങ്ങളിൽ പ്രക്ഷുബ്ദ്ധമാകും

d

ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സിറ്റിംഗുള്ള പാർലമെന്റ് ശൈത്യകാല സമ്മേളനം ഇന്ന് ആരംഭിക്കും. കേരളം അടക്കം സംസ്ഥാനങ്ങളിൽ നടക്കുന്ന എസ്.ഐ.ആർ നടപടികൾ, പുതിയ ലേബർ കോഡ്, ഡൽഹി സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിൽ ദേശീയ സുരക്ഷ തുടങ്ങിയവയിൽ പ്രത്യേക ചർച്ച വേണമെന്ന് പ്രതിപക്ഷം ഇന്നലെ കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു.

സുഗമമായ സമ്മേളനകാലം ഉറപ്പാക്കാനായി സർക്കാർ വിളിച്ച യോഗത്തിൽ തൊഴിലില്ലായ്മ, പണപ്പെരുപ്പം, ഫെഡറലിസം, സംസ്ഥാനങ്ങളിലെ ക്രമസമാധാനം അടക്കം നിരവധി ആശങ്കകൾ പ്രതിപക്ഷം ഉയർത്തി.

ചെറിയ ശീതകാല സമ്മേളനം

19 വരെയുള്ള സമ്മേളനം പാർലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ചെറിയ ശീതകാല സമ്മേളനമാകും. കുറഞ്ഞത് 20 ദിവസം നീണ്ടുനിൽക്കാറുള്ള ശീതകാല സമ്മേളനം വെട്ടിക്കുറച്ചതിൽ പ്രതിപക്ഷം സർക്കാരിനെ കുറ്റപ്പെടുത്തി. 15 ദിവസമേ ചർച്ചകൾ നടക്കൂയെന്നും പാർലമെന്ററി പാരമ്പര്യം അവസാനിപ്പിക്കാനാണ് നീക്കമെന്നും ലോക്‌സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു.

പ്രതിഷേധം തുടരും

കഴിഞ്ഞ വർഷകാല സമ്മേളനം തടസപ്പെടുത്തിയ എസ്.ഐ.ആർ പ്രതിഷേധം ശീതകാല സമ്മേളനത്തിലും തുടരും. ഇക്കാര്യത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് സി.പി.എം നേതാവ് ജോൺ ബ്രിട്ടാസ് പറഞ്ഞു.ഡൽഹി സ്‌ഫോടനം രാജ്യസുരക്ഷ ആശങ്കയിലാക്കിയെന്ന് യോഗത്തിൽ സി.പി.ഐ നേതാവ് പി. സന്തോഷ് കുമാർ ചൂണ്ടിക്കാട്ടി. കർഷകരുടെ ഭൂമി നഷ്‌ടപ്പെടുന്ന വിഷയം കേരളാകോൺഗ്രസ് നേതാവ് ജോസ് കെ.മാണിയും ലേബർ കോഡിലെ ആശങ്ക മുസ്ളിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറും ഉയർത്തി. വർദ്ധിച്ചുവരുന്ന വായു മലിനീകരണത്തിന്റെ ആരോഗ്യ സുരക്ഷ, രാജ്യത്തെ സാമ്പത്തിക സുരക്ഷ, പ്രകൃതി സുരക്ഷ തുടങ്ങിയവ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു.

ചർച്ചയ്‌ക്ക് സന്നദ്ധം

എല്ലാ വിഷയങ്ങളിലും ചർച്ചയ്‌ക്ക് തയ്യാറാണെന്നും അക്കാര്യത്തിൽ പാർലമെന്റിന് ചില ചട്ടങ്ങളുണ്ടെന്നും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ, ബി.ജെ.പി അദ്ധ്യക്ഷനും രാജ്യസഭയിലെ സഭാ നേതാവുമായ ജെ.പി. നദ്ദ തുടങ്ങിയവരും 36 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

14 ബില്ലുകൾ

യു.ജി.സി, എ.ഐ.സി.ടി.ഇ, എൻ.സി.ടി.ഇ എന്നിവ ഒരു കുടക്കീഴിലാക്കാനുള്ള ഹയർ എഡ്യൂക്കേഷൻ കമ്മിഷൻ ഒഫ് ഇന്ത്യ ബിൽ, ആണവോർജ്ജ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ലക്ഷ്യമിടുന്ന ആണവോർജ്ജ ബിൽ എന്നിവ അടക്കം 14 പുതിയ ബില്ലുകൾ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360