SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

ഭാര്യ നൽകിയ കേസ്; വിഷമവൃത്തത്തിൽ വിജയ്, തൃഷയ്ക്ക് നേരെ സൈബർ ആക്രമണം

vijay

ചെന്നൈ: നടിയുമായി അവിഹിതം ആരോപിച്ച് സൂപ്പർതാരം വിജയ്‌യുടെ ഭാര്യ സംഗീത വിവിഹമോചനത്തിന് കോടതിയിൽ കേസ് നൽകിയ വിവരം പുറത്തുവന്നതോടെ ചർച്ചാ വിഷയം വിജയ്‌യാണ്. ചൂടുവാർത്തയായി വിഷയം നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും കരുതലോടെയാണ് രാഷ്ട്രീയ നേതാക്കൾ പ്രതികരിക്കുന്നത്.

പ്രണയവിവാഹമായിരുന്നു വിജയ്- സംഗീതയുടേത്. അത് മറ്റൊരു ബന്ധത്തിന്റെ പേരിൽ തകരുന്നത് വിജയ് ആരാധകർക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്. അതേ സമയം വിജയ് രൂപീകരിച്ച ടി.വി.കെയ്ക്ക് വിഷയം തിരിച്ചടിയായേക്കും. പ്രത്യേകിച്ചും സ്ത്രീ വോട്ടർമാർ കൈവിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം. അവസാന സിനിമ 'ജനനായകന്റെ' റിലീസ് ചെയ്യുന്നതിൽ താരത്തിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റി നിൽക്കെയാണ് ഭാര്യയുമായുള്ള പിണക്കം പരസ്യമായത്.

വിഷയത്തിൽ ഇതുവരെ വിജയ് പ്രതികരിച്ചിട്ടില്ല. നടി തൃഷയുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ ആരോപണം ഉന്നയിച്ചപ്പോഴും വിജയ് മൗനം പാലിച്ചതേയുള്ളൂ. വിജയുടെ ദാമ്പത്യത്തിൽ വില്ലത്തി തൃഷയാണെന്ന് ആരോപിച്ച് നടിക്കെതിരെ സൈബർ ആക്രമങ്ങളും കൂടി. 'ഇനിയെങ്കിലും മറ്റുള്ളവരുടെ കുടുംബം തകർക്കാതെ പോയി കല്യാണം കഴിക്കൂ...' എന്നാണ് തൃഷയ്ക്ക് ആരാധകർ നൽകുന്ന ഉപദേശം. തൃഷയെ അനുകൂലിക്കുന്നവരുമുണ്ട്.

പ്രധാന പരിപാടികളിലെല്ലാം വിജയ്‌യ്ക്കൊപ്പം പ്രത്യക്ഷപ്പെട്ടിരുന്ന സംഗീത കുറച്ചുകാലമായി പൊതുവേദികളിൽ എത്തിയിരുന്നില്ല. ടി.വി.കെ പരിപാടികളിൽ വിജയ്‌യുടെ മാതാപിതാക്കൾ എത്തിയപ്പോഴും സംഗീതയും മക്കളും എത്തിയില്ല.

ആരാധികയായ സംഗീത

1996ൽ പുറത്തിറങ്ങിയ 'പൂവേ ഉനക്കാകെ' എന്ന ചിത്രംകണ്ടാണ് സംഗീത വിജയ്‌യുടെ ആരാധികയായി തീർന്നത്. ലണ്ടനിൽനിന്ന് വിജയ്‌യെ നേരിൽ കാണാനായി മാത്രം സംഗീത ചെന്നൈയിലെത്തി. ലണ്ടൻ യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് വിജയ്ക്ക് സംഗീത സ്ഥിരമായി കത്തുകളെഴുതിയിരുന്നു. സൗഹൃദം പ്രണയമായി വളരുകയും വീട്ടുകാരുടെ അനുവാദത്തോടെ1999 ഓഗസ്റ്റിൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു. തന്റെ സിനിമകളുടെ ശരിയായ നിരൂപക ഭാര്യയാണെന്നാണ് വിജയ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നത്.

വിജയ്‌യുടെ വരുമാനത്തിന് അനുസൃതമായി സ്ഥിരമായ ജീവനാംശം വേണമെന്ന് സംഗീത വിവാഹമോചന ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. വിവാഹശേഷം താമസിച്ച വീട്ടിൽ തുടർന്നും താമസിക്കാനുള്ള അവകാശവും വേണം, അടച്ചിട്ട കോടതിമുറിയിൽ വാദം നടത്തണം, കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് മാദ്ധ്യമങ്ങളെ വിലക്കാനായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

മകനും പിണങ്ങി?

രണ്ടുകുട്ടികളാണ് ഇവർക്കുള്ളത്. മകൻ ജേസൺ സഞ്ജയ്യും മകൾ ദിവ്യ സാഷയും. 'വേട്ടൈക്കാരൻ' എന്ന സിനിമയിൽ മകൻ ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. മകൾ ദിവ്യ 'തെരി'യിലും അഭിനയിച്ചിരുന്നു. മകൻ ജേസൺ സഞ്ജയ്, വിജയിയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു. വിജയ്‌യുമായി പിണങ്ങിയതിന്റെ സൂചനയായിട്ടാണ് ഇതിനെ വ്യഖ്യാനിക്കപ്പെടുന്നത്. ഒരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് 25കാരനായ ജേസൺ.

ലണ്ടൻ വ്യവസായിയായ ശ്രീലങ്കൻ തമിഴ് വംശജൻ സ്വർണ്ണലിംഗത്തിന്റെ മകളാണ് സംഗീത.

 400 കോടി രൂപയുടെ ആസ്തി സംഗീതയ്ക്കുണ്ട്.

സൂപ്പർതാരം അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനി ഉൾപ്പെടെ സംഗീതയുടെ സുഹൃദ്വലയത്തിലുണ്ട്

ഇത് അവരുടെ സ്വകാര്യ ജീവിതമാണ്. അതിനെ രാഷ്ട്രീയവത്കരിക്കരുത്. വ്യക്തിജീവിതത്തിൽ എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും, ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ ഞങ്ങൾക്ക് അവകാശമില്ല- ഖുശ്ബു, നടി, ബി.ജെ.പി നേതാവ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360