SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.48 AM IST

അവിനാശിയിൽ കച്ച മുറുക്കി മുരുകൻ

d

തിരുപ്പൂർ അവിനാശി മണ്ഡലത്തിലെ മുക്കണ്ണൂർ ഗ്രാമം. സ്ത്രീകളും പുരുഷന്മാരും അണ്ണാ ഡി.എം.കെയുടേയും ബി.ജെ.പിയുടേയും കൊടികളുയർത്തി നിൽക്കുന്നു. സമീപത്തെ കടവരാന്തകളിലും നിറയെ ആളുകൾ. അണ്ണാ ഡി.എം.കെ എൻ.ഡി.എയിൽ തിരിച്ചെത്തിയതിനു ശേഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പാണ്.

താമരയ്ക്ക് വോട്ടു ചെയ്യണമെന്ന് നാട്ടുകാരോട് അഭ്യർത്ഥിച്ച് അനൗൺസ്മെന്റ് വാഹനം. പിറകെ കാറിൽ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ എൽ.മുരുകൻ. അദ്ദേഹമാണ് മുന്നണി സ്ഥാനാർത്ഥി. പ്രദേശിക നേതാക്കൾ ഷാൾ അണിയിച്ചു സ്വീകരിച്ചു. തുറന്ന പ്രചാരണ വാഹനത്തിലേക്ക് മുരുകൻ കയറുമ്പോഴേക്കും ആകാശത്ത് വർണ്ണമഴ പെയ്യിച്ച് കരിമരുന്ന് പ്രയോഗം.

സ്റ്റാലിന്റെ ഭരണവീഴ്ചകൾ എണ്ണിപ്പറഞ്ഞ് മുരുകന്റെ പ്രസംഗം. 'അഞ്ചു വർഷത്തെ ഭരണത്തിൽ രണ്ടര വയസുള്ള കുട്ടിക്കുപോലും രക്ഷയില്ല. ചിന്തിക്കാൻ പോലും കഴിയാത്ത ക്രൂരതകളാണ് നടക്കുന്നത്. രാവിലെ അഞ്ചു മണിക്ക് വീട്ടിൽ കോലമിടാൻ സ്ത്രീകൾക്ക് പേടിയാണ്. താലിമാല പിടിച്ചുപറിക്കും. എങ്ങും കൈക്കൂലി. ഇവരെയെല്ലാം പാഠം പഠിപ്പിക്കേണ്ട ദിവസമാണ് ഏപ്രിൽ 23..."

കഴിഞ്ഞതവണ അണ്ണാ ഡി.എം.കെയുടെ പി.ധനപാൽ 50,902 വോട്ടിനാണ് അവിനാശിയിൽ വിജയിച്ചത്. അവിനാശി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ കോകില മണിയാണ് ഡി.എം.കെ സ്ഥാനാർത്ഥി. 26കാരിയായ കോകിലയാണ് പാർട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി.

ലക്ഷം ഭൂരിപക്ഷം നേടും: മുരുകൻ

ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എൽ.മുരുകൻ കേരളകൗമുദിയോട് പറഞ്ഞു. ജനങ്ങൾ അവരുടെ അണ്ണനായി, മകനായി, അനുജനായാണ് എന്നെ കാണുന്നത്. എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായിരുന്നപ്പോൾ കർഷകർക്കു വേണ്ടി ചെയ്ത നല്ല കാര്യങ്ങളൊക്കെ ഇവരുടെ മനസിലുണ്ട്.

 കേന്ദ്രമന്ത്രി എന്ന ഇമേജ് വോട്ട് കൂടാൻ കാരണമാകുമോ?

ഞാൻ വിജയിച്ചാൽ നരേന്ദ്ര മോദിയോടു സംസാരിച്ച് വികസനം കൊണ്ടുവരുമെന്ന വിശ്വാസം നാട്ടുകാർക്കുണ്ട്

 ബി.ജെ.പിക്ക് സിറ്റിംഗ് സീറ്റുകൾ കിട്ടിയില്ലെന്ന പരാതി ഉയർന്നിരുന്നു ?

ചില സീറ്റുകളിൽ മാത്രം മാറ്റം വന്നു. അത് പ്രശ്നമേ അല്ല. മുന്നണി സ്ട്രോങ്ങായി പോകുന്നു.

 ടി.വി.കെ ഭീഷണിയാകുമോ?

ജനക്കൂട്ടത്തെ കണ്ട് രാഷ്ട്രീയ നേട്ടം തീരുമാനിക്കാനാകില്ല. ചിരഞ്ജീവി പാർട്ടി രൂപീകരിച്ചപ്പോൾ വലിയ ജനക്കൂട്ടമുണ്ടായിരുന്നു. വിജയകാന്ത് വന്നപ്പോഴും അങ്ങനെതന്നെ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: THIRIPUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360