SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

വോട്ടർപ്പട്ടികയിൽ ഏഴുലക്ഷം പേരെ തിരുകിക്കയറ്റിയെന്ന് തൃണമൂലിന്റെ പരാതിയിൽ ഇടപെടാതെ സുപ്രീംകോടതി

x

തൃണമൂൽ കോൺഗ്രസിന് തിരിച്ചടി

ന്യൂഡൽഹി: വോട്ടർപ്പട്ടികയിൽ ഏഴുലക്ഷം പേരെ തിരഞ്ഞെടുപ്പ് കമ്മിഷൻ തിരുകി കയറ്റിയെന്ന തൃണമൂൽ കോൺഗ്രസിന്റെ പരാതിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. സംശയങ്ങളുടെ പേരിൽ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് നിലപാടെടുത്തു. തൃണമൂലിനും വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവർക്കും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമിയാണ് വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ബംഗാളിലെ തിരഞ്ഞെടുപ്പ് 23, 29 തീയതികളിലായി രണ്ടുഘട്ടമായാണ് നടക്കാൻ പോകുന്നത്. ഇതിനിടെയുണ്ടായ അസാധാരണ നടപടിയാണ് ഹർജിക്കാർ ചോദ്യം ചെയ്‌തത്. കന്നിവോട്ടർമാർ, മണ്ഡലം മാറി വരുന്നവ‌‌ർ എന്നിവർക്കുള്ളതാണ് ഫോം 6. ഇവ ഉപയോഗിച്ചാണ് വോട്ടർമാരെ പട്ടികയിലുൾപ്പെടുത്തിയിരിക്കുന്നത്. കട്ട് ഓഫ് തീയതി കഴിഞ്ഞ ശേഷവും ഇത്തരത്തിൽ ഫോം 6 മുഖേന പട്ടികയിൽ ചേർക്കുന്നത് നിയമപരമല്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലനമുണ്ടാക്കുന്ന കാര്യമാണെന്ന് വാദിച്ചെങ്കിലും കോടതി മുഖവിലയ്‌ക്കെടുത്തില്ല. ഇതു പോലത്തെ കാര്യങ്ങളിൽ ശക്തമായ തെളിവില്ലാതെ ഇടപെടില്ലെന്ന് വ്യക്തമാക്കി. എസ്.ഐ.ആർ (തീവ്ര വോട്ടർപട്ടിക പുതുക്കൽ) പ്രക്രിയ വിഷയം പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കേണ്ടതായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.

ഹൈക്കോടതിയുടെ

റിപ്പോർട്ട് തേടി

എസ്.ഐ.ആർ പ്രക്രിയയുമായി ബന്ധപ്പെട്ട അപ്പലേറ്റ് ട്രൈബ്യൂണലുകളുടെ പ്രവർത്തനം മരവിച്ച മട്ടാണെന്ന് മറ്റൊരു കൂട്ടം ഹർജിക്കാരുടെ അഭിഭാഷകൻ ദേവദത്ത് കമ്മത്ത് കോടതിയെ അറിയിച്ചു. വോട്ടർപ്പട്ടികയിൽ നിന്ന് പുറത്തായവർക്ക് അപ്പീൽ നൽകാൻ 19 അപ്പലേറ്റ് ട്രൈബ്യൂണലുകളാണ് നിലവിലുള്ളത്. എന്നാലവ പ്രവർത്തനരഹിതമാണ്. ആയിരക്കണക്കിന് കിലോമീറ്റർ ദൂരം സഞ്ചരിച്ച് ട്രൈബ്യൂണലുകളിൽ എത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണിതെന്ന് അഭിഭാഷകൻ വാദിച്ചു. ഇക്കാര്യത്തിൽ കൽക്കട്ട ഹൈക്കോടതിയിൽ നിന്നു റിപ്പോർട്ട് തേടാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മറുപടി നൽകി. 34.45 ലക്ഷം അപ്പീലുകളാണ് ട്രൈബ്യൂണലുകൾക്ക് മുന്നിലുള്ളത്. അതേസമയം, അപ്പീൽ വിഷയത്തിൽ തുടർച്ചയായി ഹ‌ർജികൾ വരുന്നതിനെ കോടതി വിമർശിച്ചു. ദൗർഭാഗ്യകരമെന്ന് വിശേഷിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360