SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.33 AM IST

വോട്ടെടുപ്പ്: ബംഗാളിൽ വ്യാപക അക്രമം

s

ന്യൂഡൽഹി: പശ്ചിമബംഗാളിൽ 152 സീറ്റുകളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ വ്യാപക അക്രമം. മുർഷിദാബാദ് അടക്കം വിവിധ ഇടങ്ങളിൽ ഏറ്റുമുട്ടലുകളുണ്ടായി. സ്ഥാനാർത്ഥികളുടെ വാഹനങ്ങൾ ആക്രമിക്കപ്പെട്ടു. മുർഷിദാബാദിലെ നവോദയിൽ ഹുമയൂൺ കബീറിന്റെ ആം ജനത ഉന്നയാൻ പാർട്ടിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും പ്രവർത്തകർ ഏറ്റുമുട്ടി. റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തിയ അഞ്ചുപേർ അറസ്റ്റിലായി.

പുരുലിയയിലെ ബുധ്പൂർ ഗ്രാമത്തിൽ തൃണമൂലിന് ചെയ്‌ത വോട്ടുകൾ ബി.ജെ.പിക്ക് പോയെന്ന് ആരോപിച്ചുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധിച്ച തൃണമൂൽ പ്രവർത്തകരും കേന്ദ്രസേനയും ഏറ്റുമുട്ടി. കേന്ദ്രസേനാംഗങ്ങൾക്ക് പരിക്കേറ്റു. പ്രവർത്തകർ പൊലീസ് വാഹനങ്ങൾ അടക്കം തകർത്തു. ദുബ്രാജ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിംഗ് ബൂത്തിലായിരുന്നു സംഭവം.

ബിർഭുമിൽ ലാബ്പൂർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി ദേബാശിഷ് ഓജയുടെ ഏജന്റിനെ തൃണമൂൽ പ്രവർത്തകർ കാറിൽനിന്ന് വലിച്ചിറക്കി വടികളും കല്ലുകളുംകൊണ്ട് ആക്രമിച്ചു. അസൻസോൾ സൗത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി അഗ്നിമിത്ര പോളിന്റെ കാർ അക്രമികൾ തകർത്തു. സ്ഥാനാർത്ഥിയുടെ സെക്രട്ടറിക്ക് പരിക്കേറ്റു. തെക്കൻ ദിനാജ്പൂരിലെ കുമാർഗഞ്ചിൽ ബി.ജെ.പി സ്ഥാനാർത്ഥി ശുഭേന്ദു സർക്കാരിനെ അക്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിലായി.

ഹരിശ്ചന്ദ്രപൂരിലെ ബംഗ്രുവ ഗ്രാമത്തിൽ തൃണമൂൽ ക്യാമ്പ് ഓഫീസ് നശിപ്പിച്ചതിനെ ചൊല്ലി സംഘർഷമുണ്ടായി. ബിർഭുമിലെ മുറാറൈയിൽ കോൺഗ്രസ്-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു.

കനത്ത ചൂട്: മൂന്ന്

വോട്ടർമാർ മരിച്ചു

പശ്ചിമബംഗാളിൽ കനത്ത ചൂടിൽ മൂന്ന് വോട്ടർമാർ മരിച്ചു. മാൾഡ മാലതിപൂരിൽ വോട്ട് ചെയ്യാൻ ക്യൂവിൽ നിൽക്കുന്നതിനിടെ പ്രമീള ബാഗ്ഡി (60) കുഴഞ്ഞു വീണുമരിച്ചു. ബിർഭുമിലെ സൂരിയിൽ വോട്ടുചെയ്യാൻ പോകുന്നതിനിടെ അസിം റോയ് എന്നയാൾ സൂര്യാതപമേറ്റ് മരിച്ചു. വോട്ടുചെയ്ത് വീട്ടിലേക്ക് മടങ്ങിയ 66കാരനും കുഴഞ്ഞുവീണു മരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360