SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.04 AM IST

ബംഗാൾ: ആദ്യഘട്ടത്തിലെ 152ൽ 110 സീറ്റ് ബി.ജെ.പി നേടുമെന്ന് അമിത് ഷാ

d

ന്യൂഡൽഹി: കനത്ത പോളിംഗ് നടന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ബി.ജെ.പിക്ക് അനുകൂലമാണെന്നും വോട്ടെടുപ്പ് നടന്ന 152 മണ്ഡലങ്ങളിൽ 110ലും ജയിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. . മുഖ്യമന്ത്രി മമത ബാനർജിയുടെ ഭരണ കാലം അവസാനിക്കും. അടുത്ത സർക്കാർ രൂപീകരിക്കുന്നതിനുള്ള വ്യക്തമായ പാത തെളിഞ്ഞെന്നും അമിത് ഷാ കൊൽക്കത്തയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

ബംഗാളിലെ ജനങ്ങൾ ആദ്യ ഘട്ടത്തിൽ തന്നെ തൃണമൂലിന്റെ ഭാവി തീരുമാനിച്ചെന്നാണ് ലഭിച്ച പ്രതികരണം. ബി.ജെ.പി സർക്കാർ രൂപീകരിക്കാൻ തയ്യാറായിക്കഴിഞ്ഞു. രണ്ടാം ഘട്ടത്തിലും വോട്ടർമാർക്കിടയിലെ ആവേശം തുടരുമെന്നാണ് പ്രതീക്ഷ. മാറ്റത്തിന്റെ തരംഗമാണ് ബംഗാളിൽ വീശുന്നത്. മേയ് 5 ന് ശേഷം 'അംഗ, ബംഗ, കലിംഗ'(ബീഹാർ, ബംഗാൾ, ഒഡീഷ) ബി.ജെ.പി ഭരണത്തിൻ കീഴിലാകുമെന്ന് അമിത് ഷാ പറഞ്ഞു.ബി.ജെ.പി അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് ഭീകരവാഴ്ച അവസാനിപ്പിച്ച് നിയമവാഴ്ച പുനഃസ്ഥാപിക്കും. മാറ്റമെന്നാൽ നുഴഞ്ഞു കയറ്റ രഹിത ബംഗാൾ, അഴിമതിയിൽ നിന്നുള്ള സ്വാതന്ത്ര്യം,യുവാക്കൾക്ക് തൊഴിലവസരങ്ങൾ എന്നിവയാണ്.. അടുത്ത മുഖ്യമന്ത്രി ബംഗാളിൽ ജനിച്ച് വിദ്യാഭ്യാസം നേടിയ, ബംഗാളി ഭാഷയിൽ പ്രാവീണ്യമുള്ള ഒരാളായിരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

ഡൽഹിയിൽ വന്ന്

ബി.ജെ.പിയെ തകർക്കും:മമത

ന്യൂഡൽഹി: ബംഗാളിൽ ഭരണം നിലനിറുത്തുമെന്നും ശേഷം ഡൽഹിയിൽ വന്ന് ബി.ജെ.പിയെ തകർക്കുമെന്നും തൃണമൂൽ നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനർജി. കൊൽക്കത്തയിലെ ചൗരിംഗിയിൽ നടന്ന റാലിയിൽ ഒന്നാം ഘട്ടത്തിലെ ഉയർന്ന പോളിംഗ് തൃണമൂലിന് അനുകൂലമാണെന്നും മമത അവകാശപ്പെട്ടു.

ഓർക്കുക, ബി.ജെ.പിക്ക് ഞങ്ങളെ പരാജയപ്പെടുത്താൻ കഴിയില്ല. ഞങ്ങൾ അനീതിക്കും അവകാശങ്ങൾക്കുമായാണ് പോരാടുന്നത്. ബംഗാളിൽ ജനിച്ച താൻ ഇവിടെ തന്നെ മരിക്കും. ബംഗാളിൽ വിജയം നേടിയാൽ ഡൽഹിയിലേക്ക് വരും. എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒന്നിച്ച് അണിനിരത്തി ഡൽഹിയിൽ ബി.ജെ.പിയുടെ സമ്പൂർണ തകർച്ച ആഗ്രഹിക്കുന്നു. ബംഗാളിൽ അവരുടെ നാശം അനിവാര്യമാണെങ്കിലും, ഡൽഹിയിൽ നിന്നും ബി.ജെ.പിയെ പുറത്താക്കണം. ഡൽഹിയിലേക്ക് വരുമെന്ന് പറയുന്ന മമതയ്‌ക്ക് തിരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്ന് അമിത് ഷാ പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360