SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.44 AM IST

സസ്പെൻസ് ത്രില്ലറിൽ തമിഴകം, എണ്ണം തികയ്ക്കാൻ പാടുപെട്ട് വിജയ്

vijay

ചെന്നൈ: ഓരോ മണിക്കൂറിലും നാടകീയ നീക്കങ്ങൾ നടക്കുന്ന തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയ്‌ക്ക് മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴി തെളിഞ്ഞിട്ടില്ല. പക്ഷെ, ഇന്ന് 118 എന്ന കേവല ഭൂരിപക്ഷം ഗവർണർക്കു മുന്നിൽ അവതരിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ടി.വി.കെ നേതാക്കൾ പ്രകടിപ്പിക്കുന്നത്.

അഞ്ചു കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ 113ൽ എത്തി നിൽക്കുകയാണ് അംഗബലം. അഞ്ചുപേർ കൂടി വേണം. ഉചിതമായ തീരുമാനമെടുക്കാമെന്ന് സഖ്യകക്ഷികളോട് ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ.സ്റ്റാലിൻ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, അണ്ണാ ഡി.എം.കെയെ പിളർത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. അതു പരാജയപ്പെടുത്താനുള്ള തത്രപ്പാടിലാണ് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി. അദ്ദേഹം വിമത എം.എൽ.എമാരെ ഇന്നലെ രാത്രി റിസോർട്ടിൽ സന്ദർശിച്ചു. അണ്ണാ ഡി.എം.കെ വിട്ട് ടി.വി.കെയിലെത്തിയ സെങ്കോട്ടയ്യനാണ് വിമത നീക്കത്തിനു ഊർജ്ജം പകരുന്നത്.

ഇന്നലെ വീണ്ടും ഗവർണർ രാജേന്ദ്ര ആർലേക്കറെ ലോക്‌ഭവനിലെത്തി വിജയ് കണ്ടിരുന്നു. അര മണിക്കൂറിലേറെ നടന്ന ചർച്ചയിൽ 118 പേരുടെ പിന്തുണ കത്ത് വേണമെന്ന നിലപാടിൽ ഗവർണർ ഉറച്ചുനിന്നു.

പിന്തുണ കത്ത് നൽകിയില്ലെങ്കിലും സി.പി.ഐ, സി.പി.എം, വി.സി.കെ പാർട്ടികൾ ഗവർണറുടെ തീരുമാനത്തെ അപലപിക്കുകയും വിജയ്‌യെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ടി.വി.കെയ്ക്ക് അനുകൂലമാണ് ജനവിധിയെന്നും ഗവർണർ വിജയ്‌യെ സർക്കാർ ഉണ്ടാക്കാൻ അനുവദിക്കണമെന്നും ഘടകകക്ഷി നേതാക്കളുമായുള്ള യോഗത്തിനുശേഷം ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ.സ്റ്റാലിനും വ്യക്തമാക്കി.

 മുന്നിൽ രണ്ടുവഴികൾ

1. രണ്ട് സീറ്റുകൾ വീതമുള്ള വി.സി.കെ, സി.പി.എം, സി.പി.ഐ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കുക. ഈ പാർട്ടികളുടെ സംസ്ഥാന മേധാവികളെ ടി.വി.കെ നേതാക്കൾ ഇന്നലെ നേരിട്ട് കണ്ട് രേഖാമൂലം അഭ്യർത്ഥന കൈമാറി. വി.സി.കെ അദ്ധ്യക്ഷൻ തിരുമാളവൻ സി.പി.ഐ, സി.പി.എം സംസ്ഥാന സെക്രട്ടറിമാരുമായി പ്രത്യേകം ചർച്ച നടത്തി. ഉപാധികളോടെ പിന്തുണ നൽകുന്ന കാര്യത്തിൽ സമവായത്തിലെത്തിയെന്ന് സൂചന.

2. അണ്ണാ ഡി.എം.കെയിൽ വിമതശബ്ദം ഉയർത്തുന്ന നേതാക്കളായ സി.വി.ഷണ്മുഖം, ഒ.എസ്.മണിയൻ എന്നിവരേയും അവരെ അനുകൂലിക്കുന്ന എം.എൽ.എമാരുടേയും പിന്തുണ അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് സ്വീകരിക്കുക. ഈ വിമതനേതാക്കളെ പിന്തുണയ്ക്കുന്ന 28 എം.എൽ.എമാർ ഇപ്പോൾ പുതുച്ചേരിയിലെ റിസോ‌ർട്ടിലാണ്. സി.വി.ഷണ്മുഖത്തിന് ഉപമുഖ്യമന്ത്രിസ്ഥാനവും മറ്റു രണ്ടുപേർക്ക് മന്ത്രിസ്ഥാനവുമാണ് വിമത നേതാക്കളുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360