
ന്യൂഡൽഹി: ഇന്ത്യ-സ്വീഡൻ ബന്ധത്തെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ തലത്തിലേക്കുയർത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്വീഡിഷ് ഉൽഫ് ക്രിസ്റ്റേഴ്‌സണും സ്വീഡനിലെ ഗോഥെൻബർഗിൽ നടത്തിയ കൂടിക്കാഴ്‌ചയിൽ ധാരണ. ജനങ്ങൾ,ഭൂമി,ആരോഗ്യം, പ്രതിരോധം എന്നീ നാല് വിഷയങ്ങളെ ആധാരമാക്കിയാണ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുക. സ്വീഡനിലെ കിരീടാവകാശി വിക്ടോറിയ രാജകുമാരിയുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം.
തന്ത്രപരമായ പങ്കാളിത്തം പ്രവർത്തനക്ഷമമാക്കുന്നതിന്,രാഷ്ട്രീയ,സാമ്പത്തിക,സാങ്കേതിക,സുരക്ഷ,കാലാവസ്ഥ,ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിലെ സഹകരണത്തിന് സമഗ്രമായ ഗതി നിശ്‌ചയിക്കുന്ന ഇന്ത്യ-സ്വീഡൻ സംയുക്ത ആക്ഷൻ പ്ലാൻ 2026-2030 തയ്യാറാക്കി.
നൂതന സാങ്കേതികവിദ്യ-
കണക്റ്റിവിറ്റി സഹകരണം
സ്റ്റാർട്ടപ്പുകളും ഗവേഷണ ആവാസവ്യവസ്ഥയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ - സ്വീഡൻ ശാസ്ത്ര സാങ്കേതിക കേന്ദ്രം സ്ഥാപിക്കും. ഇരു രാജ്യങ്ങളും സ്ഥിരതയ്ക്കും സുരക്ഷയ്ക്കുമുള്ള തന്ത്രപരമായ സംഭാഷണവും ഭാവി ലക്ഷ്യമിട്ടുള്ള സാമ്പത്തിക പങ്കാളിത്തവും നൂതന സാങ്കേതികവിദ്യ-കണക്റ്റിവിറ്റി സഹകരണം,ബഹിരാകാശ സഹകരണം എന്നിവയും ഉറപ്പാക്കും.
എ.ഐ, ആരോഗ്യ-സാങ്കേതികവിദ്യ, ഹരിത മൊബിലിറ്റി, ശുദ്ധ ഊർജ്ജം, സെമികണ്ടക്‌ടർ, വിതരണ ശൃംഖലകൾ, നവീകരണം തുടങ്ങിയ മേഖലകളിലും സഹകരിക്കും. കാർബൺ വ്യാവസായിക പരിവർത്തനത്തിനുള്ള ലീഡർഷിപ്പ് ഗ്രൂപ്പ് ഫോർ ഇൻഡസ്ട്രി ട്രാൻസിഷന്റെ(ലീഡ് ഐടി) മൂന്നാം ഘട്ടം തുടങ്ങും. ഇന്ത്യയും സ്വീഡനും തമ്മിൽ ജനാധിപത്യ മൂല്യങ്ങൾ,നിയമവാഴ്ച,മനുഷ്യ കേന്ദ്രീകൃത വികസനം എന്നിവയിലൂന്നിയ ശക്തമായ ബന്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
യൂറോപ്യൻ ഇൻഡസ്ട്രിയൽ
റൗണ്ട് ടേബിൾ
സ്വീഡനിലെ ഗോഥെൻബർഗിൽ വോൾവോ ഗ്രൂപ്പ് സംഘടിപ്പിച്ച യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ,യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ വ്യവസായ പ്രമുഖർ, പ്രമുഖ യൂറോപ്യൻ-ഇന്ത്യൻ കമ്പനികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. നിക്ഷേപം, നവീകരണം, ഉദ്പാദനം തുടങ്ങിയ മേഖലകളിൽ ലോകത്തിലെ ഏറ്റവും ആകർഷക കേന്ദ്രങ്ങളിലൊന്നായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ-യൂറോപ്പ് സി.ഇ.ഒമാരുടെ റൗണ്ട് ടേബിൾ വർഷന്തോറും സംഘടിപ്പിക്കാനും ഇന്ത്യ ഡെസ്ക് രൂപീകരിക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |