ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ താൻ നടത്തുന്ന നിരാഹാര സമരം നിർത്തണമെങ്കിൽ സിജെപി മാർച്ചിൽ പങ്കെടുത്തവർക്കെതിരെ നിയമനടപടിയോ ശിക്ഷാ നടപടിയോ ഉണ്ടാകരുതെന്ന് ആക്‌ടിവിസ്റ്റ് സോനം വാങ്‌ചുക്. കേന്ദ്രമന്ത്രിമാരായ ജെ പി നദ്‌ദ, ജിതേന്ദ്ര സിംഗ് എന്നിവർക്ക് എഴുതിയ കത്തിലാണ് വാങ്‌ചുക് ഇക്കാര്യം ആവശ്യപ്പെട്ടത്. നിയമ നടപടിയോ ശിക്ഷാ നടപടിയോ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകണമെന്നാണ് വാങ്‌ചുക് കത്തിൽ ആവശ്യപ്പെടുന്നത്.
താൻ നേരത്തെ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാം എന്നറിയിച്ചതിനും ആശുപത്രിയിൽ സന്ദർശിച്ചതിനും കേന്ദ്ര മന്ത്രിമാരോട് അദ്ദേഹം നന്ദി അറിയിച്ചു. എന്നെ സന്ദർശിച്ചതിനും നിരാഹാരം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചതിനും നന്ദി. സർക്കാർ ഇക്കാര്യങ്ങൾ പോസിറ്റീവായി പരിഗണിക്കുമെന്ന് കരുതുന്നു: പരീക്ഷാ പേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യചെയ്‌ത കുട്ടികളുടെ കുടുംബങ്ങൾക്ക് മതിയായ നഷ്‌ടപരിഹാരം നൽകുക, ബഹുമാനപ്പെട്ട മന്ത്രിയുടെ രാജി പരിഗണിക്കുന്നതടക്കം സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സഭയിൽ ചർച്ച ചെയ്യുക.' വാങ്‌ചുക് കത്തിൽ പറയുന്നു.
ജൂലായ് 20ന് നടന്ന പാർലമെന്റ് മാർച്ചിൽ പൊലീസ് അതിക്രമമുണ്ടായെങ്കിലും രാജ്യവും ലോകവും സമരക്കാരുടെ ക്ഷമയും പ്രതിബദ്ധതയും കണ്ടു. സമരത്തിൽ പങ്കെടുത്തവർക്കെതിരെ നിയമ നടപടികളോ, പ്രതികാര നടപടികളോ സ്വീകരിക്കുകവഴി ഭരണഘടനാസ്ഥാപനങ്ങളോടുള്ള വിശ്വാസം തകരില്ലെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നെന്നും സോനം വാങ്‌ചുക് കത്തിൽ പറയുന്നു. നിരാഹാരം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നെന്നും എന്നാലത് സമരം ആരംഭിച്ച യുവാക്കളുടെ ചെലവിലല്ലെന്നും വാങ്‌ചുക്ക് സൂചിപ്പിച്ചു.
'നിങ്ങളുടെ സന്ദർശനശേഷം വിവിധ രാഷ്‌ട്രീയ പാർട്ടികളിലെ പാർലമെന്റ് അംഗങ്ങളായ ഏകദേശം 65 പേർ എനിക്ക് കത്തയച്ചിട്ടുണ്ട്. ചിലർ ഇതിനകം വന്നു, മറ്റുള്ളവരെ ഇന്ന് വൈകുന്നേരം പ്രതീക്ഷിക്കുന്നു. എന്റെ വിദ്യാർത്ഥികൾക്കരികിലേക്കും എന്റെ ജീവിതത്തെ നിർവചിച്ച തൊഴിലിലേക്കും തിരിച്ചുവരാൻ ഞാനാഗ്രഹിക്കുന്നു. പക്ഷെ അത് ഈ പ്രസ്ഥാനം ആരംഭിച്ച യുവാക്കളുടെ ചെലവിലാക്കാൻ കഴിയില്ല.'- വാങ്‌ചുക്ക് കുറിച്ചു. അതിനാൽ സമരം ചെയ്‌തവർക്കെതിരെ നിയമനടപടിയൊന്നും ഉണ്ടാകരുതെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. 'അത്തരം ഉറപ്പുകൾ ലഭിക്കാത്തപക്ഷം ഞാനെന്റെ നിരാഹാരസമരം അനിശ്ചിതകാലത്തേക്ക് തുടരാൻ നിർബന്ധിതനാകും. ഈ മുന്നേറ്റത്തെ അടിച്ചമർത്താൻ കൂടുതൽ പൊലീസിനെ ഉപയോഗിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.' - സോനം വാങ്‌ചുക് പറഞ്ഞു.
Activist Sonam Wangchuk has said he will end his hunger strike against the alleged NEET examination question paper leak only if no legal or disciplinary action is taken against those who participated in the CJP march. In a letter addressed to Union Ministers J.P. Nadda and Jitendra Singh, Wangchuk made this demand.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |