ന്യൂഡൽഹി: വിദ്യാർത്ഥി പ്രതിഷേധത്തിൽ സർക്കാരിനെതിരായ ആക്രമണം ശക്തമാക്കി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ന്യായമായ കാരണത്താലാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നതെന്നും സർക്കാർ അവരെ ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ഭരണത്തിൻ കീഴിൽ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർക്കപ്പെട്ടിരിക്കുന്നുവെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അഴിമതിക്കാരനെന്നും കഴിവില്ലാത്തവനെന്നും വിമർശിച്ച് അദ്ദേഹം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് കുറഞ്ഞത് 152 ചോദ്യപ്പേപ്പർ ചോർച്ചകളെങ്കിലും നടന്നിട്ടുണ്ടെന്നും ഇതിൽ ആർക്കെതിരെയും കുറ്റം ചുമത്തിയിട്ടില്ലെന്നും കണക്കുകൾ നിരത്തി രാഹുൽ ആരോപിച്ചു. കഴിഞ്ഞ 10 വർഷത്തെ കണക്കെടുത്താൽ ശരാശരി ഒരു മാസത്തിൽ ഒരു ചോദ്യപ്പേപ്പർ ചോർച്ച എന്ന നിരക്കിലാണ് കാര്യങ്ങൾ നടന്നിട്ടുള്ളത്. ചോദ്യപ്പേപ്പർ ചോർച്ച രാജ്യത്തെ കോടിക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെയാണ് ബാധിച്ചത്. ഇത്രയും വലിയ അട്ടിമറികൾ നടന്നിട്ടും കഴിഞ്ഞ 10 വർഷത്തിനിടെ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഒരാൾ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്തെ വിദ്യാഭ്യാസ രംഗം പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും താങ്ങാനാവാത്ത വിധം ചെലവേറിയതായി മാറി. നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ പരിശീലനത്തിനായി മാത്രം ഒരു വർഷം ഏകദേശം 1.32 ലക്ഷം കോടി രൂപ ചെലവഴിക്കുന്നുണ്ടെന്ന് രാഹുൽ പറഞ്ഞു. ഇത് രാജ്യത്തിന്റെ ആകെ വിദ്യാഭ്യാസ ബഡ്‌ജറ്റായ 1.4 ലക്ഷം കോടി രൂപയ്ക്ക് തുല്യമാണ്. അട്ടിമറിക്കപ്പെട്ട വിദ്യാഭ്യാസ സംവിധാനം പാവപ്പെട്ടവരെയും ഇടത്തരക്കാരെയും പുറത്തുനിർത്താനേ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്കുനേരെയുണ്ടായ അതിക്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ഇന്നലെ നടന്ന പ്രതിഷേധ ധർണ്ണയ്ക്കിടെ പൊലീസ് തനിക്കുനേരെ നടത്തിയ ബലപ്രയോഗത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ചില മർദ്ദനങ്ങൾ ഏൽക്കുന്നത് തനിക്ക് വിഷയമല്ലെന്നായിരുന്നു മറുപടി.
'വിദ്യാർത്ഥികളുടെ ശബ്ദമാകാൻ കഴിയുന്നത് എനിക്ക് ലഭിച്ച ബഹുമതിയാണ്. എനിക്ക് കിട്ടിയ ചില അടികളെക്കുറിച്ചോ എന്നോട് പെരുമാറിയ രീതിയെക്കുറിച്ചോ ഞാൻ വേവലാതിപ്പെടുന്നില്ല. സർക്കാർ എന്നോട് എങ്ങനെ പെരുമാറുന്നു എന്നതല്ല, വിദ്യാർത്ഥികളുടെ ആവശ്യങ്ങളും അവരുടെ ഭാവിയുമാണ് പ്രധാനമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
calling union education minister dharmendra pradhan "corrupt and incompetent," Rahul Gandhi reiterated his demand for the Minister's immediate resignation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |