SignIn
Kerala Kaumudi Online
Sunday, 24 May 2026 1.17 AM IST

51,​000 നിയമന ഉത്തരവ് കൈമാറി, ഇന്ത്യയുടെ യുവശക്തിയിൽ ലോകം ആവേശത്തിൽ: മോദി

5

ന്യൂഡൽഹി: ആഗോള തലങ്ങളിൽ ഇന്ത്യൻ യുവാക്കൾ വ്യക്തിമുദ്ര പതിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ യുവശക്തിയിലും സാങ്കേതിക പുരോഗതിയിലും ഇന്ന് ലോകം അതിയായ ആവേശത്തിലാണ്. ആഗോള സമൂഹം ഇന്ത്യയുടെ വികസന യാത്രയിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നു. ഇതേ വീര്യവും ഊർജ്ജവും പൊതുസേവനത്തിലും പ്രതിഫലിക്കണം. തൊഴിലിനെ രാജ്യസേവനത്തിനുള്ള മാർഗമായി കാണുന്ന യുവാക്കളിലൂടെയാണ് വികസിത ഇന്ത്യ നിർമ്മിക്കാനാവുകയെന്നും മോദി പറഞ്ഞു. 19-ാമത് റോസ്ഗാർ മേളയിൽ 51,000ത്തിലധികം ഉദ്യോഗാർത്ഥികൾക്ക് കൂടി നിയമന ഉത്തരവ് കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

'യുവജനതയെ പുതിയ അവസരങ്ങളിലൂടെ ശാക്തീകരിക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ പ്രതിഫലനമാണ് തൊഴിൽ മേള. 2047ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ ഇന്ത്യക്കാരനും പ്രവർത്തിക്കുന്നത്. ഊർജ്ജം, ധാതുക്കൾ, സുസ്ഥിര നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളും അതിവേഗം പുരോഗമിക്കുകയാണ്.

ഈ മേഖലകളിലെ പങ്കാളിത്തം പുതിയ സമ്പദ്‌വ്യവസ്ഥയിലേക്കും പുതിയ അവസരങ്ങളിലേക്കുമുള്ള കവാടം തുറക്കുന്നു. രാജ്യം നിലവിൽ വിവിധ മേഖലകളിൽ നിക്ഷേപം നടത്തുന്നുണ്ട്. ഈ നിക്ഷേപങ്ങൾ രാജ്യത്തെ യുവാക്കൾക്കായി ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ഇന്ന് ഗ്രാമീണ മേഖലകളിൽ പോലും ദ്രുതഗതിയിലുള്ള മാറ്റം വ്യക്തമാണ്. മെച്ചപ്പെട്ട കണക്ടിവിറ്റി കർഷകർക്കും ചെറുകിട വ്യാപാരികൾക്കും വിദ്യാർത്ഥികൾക്കും പുതിയ വഴികൾ തുറന്നു നൽകി' - അദ്ദേഹം പറഞ്ഞു.

പുതിയ അവസരങ്ങൾ വരും

സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളുമായുള്ള ഹരിത സംക്രമണ സഹകരണം പുതിയ തൊഴിലവസരങ്ങൾ തുറക്കും. യു.എ.ഇ, നോർവേ എന്നീ രാജ്യങ്ങളുമായുള്ള പങ്കാളിത്തം ഇന്ത്യയുടെ കപ്പൽ നിർമ്മാണ മേഖലയെയും തുറമുഖ അടിസ്ഥാന സൗകര്യങ്ങളെയും ശക്തിപ്പെടുത്തും. ഇത് മികച്ച നൈപുണ്യമുള്ള തൊഴിലാളികൾക്ക് വലിയ അവസരമൊരുക്കും. ഇന്ത്യ ഒരു ആഗോള നെക്സ്റ്റ് ജനറേഷൻ ടെക് ഹബ്ബായി മാറും. സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ സ്വീഡനുമായും, സൂപ്പർകമ്പ്യൂട്ടിംഗിൽ യു.എ.ഇയുമായുള്ള സഹകരണം ഇന്ത്യയുടെ സാങ്കേതിക ശേഷിയും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കും. ഓരോ അന്താരാഷ്ട്ര പങ്കാളിത്തത്തിലൂടെയും ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്കും യുവ പ്രൊഫഷണലുകൾക്കും ആഗോള വിപണിയിലേക്കും അത്യാധുനിക അറിവുകളിലേക്കും പ്രവേശിക്കാനുള്ള വലിയ അവസരങ്ങളാണ് സർക്കാർ ഒരുക്കുന്നതെന്നും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360