
ഭോപ്പാൽ: ആംബുലൻസില്ല, മറ്ര് സൗകര്യങ്ങളൊന്നും ഒരുക്കിയില്ല. ചുട്ടുപൊള്ളുന്ന വെയിലിൽ മകന്റെ ദേഹത്ത് അവർ വെള്ളം നനച്ച തുണിയിട്ടുകൊണ്ടിരുന്നു. അങ്ങനെ കിലോമീറ്ററുകളോളം താണ്ടി ആ മാതാപിതാക്കൾ ആശുപത്രിയിലെത്തി. കഴിഞ്ഞ ദിവസമാണ് മദ്ധ്യപ്രദേശിൽ നിന്ന് ആരോഗ്യസംവിധാനത്തിന്റെ കടുത്ത അനാസ്ഥയും ക്രൂരതയും വെളിവാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. നട്ടെല്ലിന് പ്രശ്നമുള്ള ആദർശ് എന്ന പന്ത്രണ്ടുവയസുകാരനെ പൊരിവെയിലിൽ സ്‌ട്രെച്ചറിൽ കിലോമീറ്ററുകളോളം ചുമന്ന മാതാപിതാക്കൾ. ഇൻഡോറിലാണ് ഈ ദാരുണ സംഭവം.
15 ദിവസമായി ഇൻഡോറിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ മഹാരാജ യശ്വന്ത്‌റാവു (എം.വൈ) ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആദർശ്. നട്ടെല്ലിന് പ്രശ്നമുള്ളതിനാൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ അറ്റൻഡറെയോ, ആംബുലൻസ് സൗകര്യമോ ഒന്നും അനുവദിച്ചില്ല. തുടർന്ന് മാതാപിതാക്കൾ തന്നെ കുട്ടിയെ സ്‌ട്രെച്ചറിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
എന്നാൽ അവിടെയെത്തിയപ്പോൾ കുട്ടിയെ അഡ്മിറ്റ് ചെയ്യേണ്ടതിന്റെ ആവശ്യമില്ലെന്നും റിപ്പോർട്ടുകൾ മാത്രം പരിശോധിച്ചാൽ മതിയെന്നും പറഞ്ഞ് മടക്കി അയച്ചു. വീണ്ടും അവർ മകനെ സ്‌ട്രെച്ചറിൽ ചുമന്ന് തിരികെ (എം.വൈ) ആശുപത്രിയിലെത്തിച്ചു.
ഇതാദ്യമായല്ല മഹാരാജ യശ്വന്ത്രാവു ആശുപത്രിയ്‌ക്കെതിരെ ഇത്തരമൊരു ആരോപണം ഉയരുന്നത്. 2026 മാർച്ചിലും സമാനമായ സംഭവം നടന്നു. ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ വിരൽ നഴ്സിന്റെ അശ്രദ്ധമൂലം അറ്റുപോയതും, എലികളുടെ കടിയേറ്റ് രണ്ട് നവജാത ശിശുക്കൾ മരിച്ചതും വലിയ വിവാദമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |