
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പരാജയങ്ങളും, പിളർപ്പുകളും ദുർബലമാക്കിയ പ്രതിപക്ഷ 'ഇന്ത്യ' മുന്നണി
പാർട്ടികൾ നിലനിൽപ്പിന്റെ പോരാട്ടത്തിൽ . ദൗർബല്യങ്ങളും പടലപ്പിണക്കങ്ങളും തീർത്ത് 2029 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് ശക്തി വീണ്ടെടുക്കാൻ ഡൽഹിയിൽ ഇന്ന് നിർണായക യോഗം.
'ഇന്ത്യ ജൻബന്ധൻ' എന്ന പേരിൽ ഇന്നുച്ചയ‌്ക്ക് 12 മണിക്ക് ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ളബിൽ നടക്കുന്ന യോഗത്തിൽ, തമിഴ്നാട്ടിൽ ടി.വി.കെയെ പിന്തുണച്ച കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് മുന്നണി വിട്ട ഡി.എം.കെ പങ്കെടുക്കില്ല. ആംആദ്‌മി പാർട്ടിയും വിട്ടുനിന്നേക്കും. 23 പാർട്ടികൾ പങ്കെടുക്കും.പശ്ചിമബംഗാളിലും തമിഴ്നാട്ടിലും 'ഇന്ത്യ' മുന്നണിയിലെ പാർട്ടികളായ തൃണമൂൽ കോൺഗ്രസിനും ഡി.എം.കെയ്‌ക്കും അധികാരം നഷ്‌ടപ്പെട്ട സാഹചര്യത്തിലാണ് യോഗം വിളിച്ചത്. തൃണമൂൽ കോൺഗ്രസിലെ പിളർപ്പ് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചിട്ടുണ്ട്. ബി.ജെ.പി പിന്തുണയോടെ നടന്ന പിളർപ്പിനെ തുടർന്ന് മമത മുൻകൈയെടുത്താണ് ഡൽഹിയിൽ യോഗം വിളിച്ചതും. പങ്കെടുക്കുന്ന പ്രമുഖർ: മല്ലികാർജ്ജുന ഖാർഗെ, രാഹുൽ ഗാന്ധി(കോൺഗ്രസ്), മമതാ ബാനർജി, അഭിഷേക് ബാനർജി(തൃണമൂൽ), അഖിലേഷ് യാദവ്(എസ്.പി), ഉദ്ധവ് താക്കറെ(ശിവസേന).
അജണ്ടകൾ:
സംസ്ഥാനങ്ങളിൽ സ്വീകരിക്കുന്ന വ്യത്യസ്‌ത നിലപാടുകൾ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നത്.
കോൺഗ്രസ്-ടി.വി.കെ ധാരണയിൽ പ്രതിഷേധിച്ച് ഡി.എം.കെ മുന്നണി വിട്ട സാഹചര്യം
പാർലമെന്റിന്റെ ഇരുസഭകളിലും എൻ.ഡി.എ പിടിമുറുക്കിയ സാഹചര്യത്തിൽ ജൂലായിൽ തുടങ്ങുന്ന വർഷകാല സമ്മേളനത്തിനുള്ള തന്ത്രങ്ങൾ.
സി.പി.എം പ്രതിഷേധം
അറിയിക്കും
കേരളത്തിൽ ബി.ജെ.പിയുമായി ചേർന്ന് ഡീലുണ്ടാക്കിയെന്ന തിരഞ്ഞെടുപ്പ് കാലത്തെ കോൺഗ്രസിന്റെ ആരോപണം യോഗത്തിൽ സി.പി.എം ഉന്നയിക്കും. രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസാണ് സി.പി.എമ്മിനെ പ്രതിനിധീകരിക്കുക. കേരളത്തിൽ ഉന്നയിച്ച ആരോപണത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയ്‌ക്ക് കത്തെഴുതിയിരുന്നു. പ്രതിപക്ഷ സഖ്യം ഐക്യത്തോടെ തുടരുമെന്നും,. മോദി സർക്കാരിന്റെ നയങ്ങളോടും നടപടികളോടും ശക്തമായ എതിർപ്പുള്ള ചില പാർട്ടികൾ സ്വന്തം കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചതായും കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |