
ന്യൂഡൽഹി: പൂർണമായി ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സൈനിക ചരക്ക് വിമാനമായ സി-295 ന്റെ ആദ്യ പരീക്ഷണ പറക്കൽ വിജയകരം. എയർബസ് ഡിഫൻസ് ആൻഡ് സ്‌പേസിന്റെ സഹായത്തോടെ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡാണ് (ടി.എ.എസ്.എൽ) ഗുജറാത്തിലെ വഡോദരയിൽ വിമാനം നിർമ്മിച്ചത്. ഭാരമേറിയ ചരക്കുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ അനുയോജ്യമായ വിമാനമാനമാണിത്.
യുദ്ധമുഖത്ത് ആളും ആയുധവും എത്തിക്കാനും ദുരന്ത രക്ഷാപ്രവർത്തനത്തിനും സമുദ്ര പട്രോളിംഗിനും ഉപയോഗിക്കാൻ കഴിയുംവിധം അത്യാധുനിക സൗകര്യങ്ങളുള്ള വിമാനമാണിത്.
2021 സെപ്‌തംബറിൽ ഇന്ത്യ സ്പെയിനുമായി 56 സി-295 വിമാനങ്ങൾക്കായി 21,935 കോടി രൂപയുടെ കരാറിൽ ഒപ്പിട്ടിരുന്നു. 16 വിമാനങ്ങൾ സ്പെയിനിൽ നിർമ്മിച്ച് ഇന്ത്യയിലെത്തിക്കും. ബാക്കി 40 വിമാനങ്ങൾ 'മേക്ക് ഇൻ ഇന്ത്യ' സംരംഭത്തിന് കീഴിൽ ഗുജറാത്തിലെ പ്ളാന്റിൽ നിർമ്മിക്കും. ഇവ 2031-ഓടെ കൈമാറും. 2024 ഒക്ടോബർ 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേർന്നാണ് വഡോദര പ്ലാന്റ് ഉദ്ഘാടനം ചെയത്‌ത്.
ആവ്‍റോ വിമാനങ്ങൾക്ക് പകരം
1. 1960 മുതൽ ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്ന ബ്രിട്ടീഷ് വിമാനമായ ആവ്‍റോ വിമാനങ്ങൾക്ക് പകരമാണിത്
2. ചൈന അതിർത്തിയിലും ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം പോലുള്ള മറ്റിടങ്ങളിലും വ്യോമസേനയ്‌ക്ക് കരുത്താകും
3. മെഡിക്കൽ ഒഴിപ്പിക്കൽ ദൗത്യങ്ങളിൽ, 24 സ്ട്രെച്ചറുകളും ഏഴ് മെഡിക്കൽ അറ്റൻഡന്റുമാരെയും വഹിക്കും
4. മണിക്കൂറിൽ 482 കിലോ മീറ്ററാണ് പരമാവധി വേഗം. 110 നോട്ട് വേഗതയിൽ താണു പറക്കും.
5. സൈനികർക്കൊപ്പം ചരക്കും വേഗത്തിൽ കയറ്റാനും ഇറക്കാനും പിന്നിൽ വലിയ റാമ്പുകൾ.
6. ചെറിയ ടേക്ക് ഓഫ്, ലാൻഡിംഗ് സവിശേഷത മൂലം താത്‌കാലിക എയർസ്ട്രിപ്പുകളിലും ഉപയോഗിക്കാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |