
ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ മുതിർന്ന നേതാവ് മീനാക്ഷി നടരാജനെ രാജ്യസഭയിലെത്തിക്കാൻ കോൺഗ്രസ് നടത്തിയ എല്ലാ ശ്രമവും പരാജയപ്പെട്ടു. പത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജൻ സമർപ്പിച്ച ഹർജിയിൽ അടിയന്തരമായി ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു.
മൂന്ന് രാജ്യസഭാ സീറ്റിലും ബി.ജെ.പി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, സംസ്ഥാന സെക്രട്ടറി രജനീഷ് അഗ്രവാൾ, മദ്ധ്യപ്രദേശിലെ മത്സ്യതൊഴിലാളി ക്ഷേമ ബോർഡ് മുൻ ചെയർമാൻ മഹേഷ് കേവാത്ത് എന്നിവർ വിജയച്ചതിന്റെ സർട്ടിഫിക്കറ്റ് വരണാധികാരി അരവിന്ദ് ശർമ്മ ഉടൻ കൈമാറുകയും ചെയ്‌തു.
പത്രിക പിൻവലിക്കാനുള്ള സമയം ഇന്നലെ വൈകിട്ട് മൂന്നിന് അവസാനിക്കുന്ന സാഹചര്യം അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വൈകിട്ടുതന്നെ ഫലം പ്രഖ്യാപിക്കാൻ സാദ്ധ്യതയുണ്ടെന്ന് അറിയിച്ചു. തടയണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉത്തരവിടാൻ ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, എ.എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ച് തയ്യാറായില്ല. തിരഞ്ഞെടുപ്പ് നടപടികൾ പുരോഗമിക്കുന്നതിനിടെ എങ്ങനെ ഇടപെടാൻ കഴിയുമെന്ന് ചോദിച്ചു. ഹർജി നിലനിൽക്കുമോയെന്നും സംശയമുന്നയിച്ചു. നടപടികളിൽ പിഴവുകളുണ്ടെങ്കിൽ കോടതിക്ക് ഇടപെടാമെന്ന് അഭിഷേക് മനു സിംഗ്‌വി വാദിച്ചു. ഹർജി നിലനിൽക്കില്ലെന്ന് ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മിഷനും അറിയിച്ചു. ഇന്ന് വിശദമായി വാദം കേൾക്കാമെന്ന് കോടതി പ്രതികരിച്ചു. ഫലം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഹർജി അപ്രസക്തമായെന്ന് കോടതി നിലപാടെടുത്താൽ പുതിയ ഹർജി നൽകേണ്ടി വരും. അല്ലെങ്കിൽ കോടതിയുടെ അനുമതി വാങ്ങി ഹർജി ഭേദഗതി ചെയ്യാൻ സാധിക്കും.നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയിൽ നടപടിയുണ്ടായില്ല.
സീറ്റു ചോരിയെന്ന് കോൺഗ്രസ്
വോട്ടുചോരിക്ക് പിന്നാലെ ബി.ജെ.പി സീറ്റു ചോരി ആരംഭിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും ലോക്‌സഭാ എം.പിയുമായ കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ഇതിനിടെ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നേരിട്ടുകണ്ട് പരാതി പറയാൻ സമയം തേടിയിരിക്കുകയാണ് മദ്ധ്യപ്രദേശിലെ കോൺഗ്രസ് നേതൃത്വം. അവിടുത്തെ പാർട്ടി എം.എൽ.എമാർ ഇന്ന് ഡൽഹിയിലെത്തിയേക്കും.
മദ്ധ്യപ്രദേശിൽ രണ്ടെണ്ണത്തിൽ ബി.ജെ.പിക്കും ഒന്നിൽ കോൺഗ്രസിനും ജയിക്കാൻ കഴിയുന്ന സാഹചര്യമായിരുന്നു. മൂന്നാമത്തെ സീറ്റിൽ മീനാക്ഷി നടരാജനെ കോൺഗ്രസ് നിറുത്തി. ഇതിനിടെയാണ് ബി.ജെ.പി മഹേഷ് കേവാത്തിന്റെ പേര് പ്രഖ്യാപിച്ചത്. പത്രികയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ക്രിമിനൽ കേസ് വിവരം മറച്ചുവച്ചുവെന്ന് ബി.ജെ.പി സ്ഥാനാർത്ഥി പരാതി നൽകി. ഇതോടെ 9ന് വരണാധികാരി പത്രിക തള്ളി. സ്വകാര്യ അന്യായത്തിൽ നോട്ടീസ് അയയ്ക്കുക മാത്രമാണ് ഹൈദരാബാദിലെ മജിസ്ട്രേട്ട് കോടതി ചെയ്‌തിരിക്കുന്നതെന്നാണ് കോൺഗ്രസിന്റെ വാദം. കോൺഗ്രസ് പ്രാദേശിക നേതാവ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ തെലങ്കാനയുടെ ചുമതലയുള്ള മീനാക്ഷി നടരാജൻ നടപടി സ്വീകരിച്ചില്ലെന്നാണ് മജിസ്ട്രേട്ട് കോടതിയിലെ പരാതിക്കാരി ആരോപിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |