
കൊല്ലൂർ: തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം നേതാവുമായ സി. ജോസഫ് വിജയ് കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. കഴിഞ്ഞ മാസം മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കൊല്ലൂർ സന്ദർശനമാണിത്. ന്യൂഡൽഹിയിൽ വിവിധ ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുത്ത വിജയ്, അവിടെ നിന്നാണ് കർണാടകയിലെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ന്യൂഡൽഹിയിൽ നിന്നും പ്രത്യേക വിമാനത്തിൽ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി അവിടെ നിന്ന് റോഡ് മാർഗം കൊല്ലൂരിലേക്ക് വരുകയായിരുന്നു. മൂന്നര മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തിൽ
ക്ഷേത്രത്തിലെത്തി ദർശനം നടത്തിയ വിജയ്, ദേവിയുടെ വിഗ്രഹത്തിന് മുന്നിൽ വെള്ളിവാൾ സമർപ്പിച്ചു. സങ്കല്പ ദീപാരാധന ഉൾപ്പെടെയുള്ള വിശേഷാൽ പൂജകളിലും സംബന്ധിച്ചു.
ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ച അദ്ദേഹം നാലര മണിയോടെ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് മംഗളൂരു വിമാനത്താവളം വഴി പ്രത്യേക വിമാനത്തിൽ ചെന്നൈയിലേക്ക് മടങ്ങി.
കൊല്ലൂർ ക്ഷേത്രത്തിൽ വിജയിനെ ക്ഷേത്രം തന്ത്രി രാമചന്ദ്ര അഡിഗ, ക്ഷേത്രം ട്രസ്റ്റി മലയാളിയായ പി.വി അഭിലാഷ്, എക്സിക്യൂട്ടീവ് ഓഫീസർ പ്രശാന്ത്, പ്രധാന അർച്ചകരായ വിഘ്‌നേഷ് അഡിഗ, നിത്യാനന്ദ അഡിഗ, സുരേഷ് ഭട്ട് എന്നിവരും ക്ഷേത്രം ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിന് ശേഷം ട്രസ്റ്റിയുടെ നേതൃത്വത്തിൽ വിജയിയെ ദേവീസന്നിധിയിൽ വച്ച് ആദരിച്ചു. മൂകാംബിക ദേവിയുടെ വിഗ്രഹത്തിന്റെ രൂപം അദ്ദേഹത്തിന് സമ്മാനിച്ചു.വിജയ് ക്ഷേത്ര ദർശനത്തിനെത്തുന്ന വിവരമറിഞ്ഞ് കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ഭക്തരും ആരാധകരും കൊല്ലൂരിൽ എത്തിയിരുന്നു. കർണാടക പൊലീസും തമിഴ്നാട് സി.ഐ.ഡി സുരക്ഷാ വിഭാഗവും ചേർന്ന് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് കൊല്ലൂരിലും യാത്രാമധ്യേയുള്ള പ്രധാന കവലകളിലും ഒരുക്കിയിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |