
"ചെറുകിട സംരംഭകർക്ക് നിബന്ധനകളിൽ ഇളവ്
തിരുവനന്തപുരം: 'കേരളാ ബ്രാൻഡ് " അംഗീകാരം നൽകാനുള്ള നിബന്ധനകൾ സർക്കാർ ലളിതമാക്കി. ബി.ഐ.എസ് സർട്ടിഫിക്കേഷൻ അടക്കമുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയതോടെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് പദ്ധതിയുടെ ഭാഗമാകാൻ അവസരമേറി. ആദ്യ ഘട്ടത്തിൽ 11 ഉത്പന്ന വിഭാഗങ്ങൾക്കാണ് കേരളാ ബ്രാൻഡിന്റെ പുതുക്കിയ മാനദണ്ഡങ്ങൾ ബാധകമാകുന്നത്. കേരളാ ബ്രാൻഡ് മുദ്ര ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച് ആഗോള, ആഭ്യന്തര വിപണികളിൽ സാന്നിദ്ധ്യം ശക്തമാക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ബി.ഐ.എസ് സർട്ടിഫിക്കേഷൻ അടക്കമുള്ള കർശന നിബന്ധനകൾ കാരണം നിരവധി ചെറുകിട, ഇടത്തരം സംരംഭകർക്ക് കേരളാ ബ്രാൻഡിംഗ് നേടാനായില്ല. സ്റ്റേറ്റ് ലെവൽ കമ്മിറ്റിയുടെ നിർദേശം കണക്കിലെടുത്താണ് നിബന്ധനകൾ പരിഷ്‌കരിച്ച് വ്യവസായ വകുപ്പ് ഉത്തരവിറക്കിയത്.
വെളിച്ചെണ്ണ, തേയില, കാപ്പി, നെയ്യ്, തേൻ, കുപ്പിവെള്ളം, പ്ലൈവുഡ്, ചെരുപ്പ്, പി.വി.സി പൈപ്പ്, സർജിക്കൽ റബ്ബർ ഗ്ലൗസ്, കാലിത്തീറ്റ എന്നീ ഉത്പന്നങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ പരിഷ്‌കരിച്ച മാനദണ്ഡങ്ങൾ ബാധകമാകുന്നത്.
അറിയേണ്ട മാറ്റങ്ങൾ:
കേരളത്തിലും പുറത്തുമായി ഉത്പാദന യൂണിറ്റുകളുള്ള കമ്പനികൾക്കും 'കേരളാ ബ്രാൻഡ്' ലഭിക്കും. കേരളത്തിലെ പ്ലാന്റിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങളിലെ പാക്കറ്റുകളിൽ മാത്രമേ ലോഗോ പതിപ്പിക്കാൻ അനുമതി നൽകൂ. അപേക്ഷയും അനുമതിയും താലൂക്ക് തലത്തിൽ ലഭിക്കും. ഒരു സ്ഥാപനത്തിന് ഒന്നിലധികം പ്ലാന്റുകളുണ്ടെങ്കിൽ, ഉദ്യം രജിസ്‌ട്രേഷൻ അടിസ്ഥാനമാക്കി ഓരോ യൂണിറ്റിനും വെവ്വേറെ അപേക്ഷ സമർപ്പിക്കാം. ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസറുടെ പരിശോധനയ്ക്ക് ശേഷം താലൂക്ക് ലെവൽ കമ്മിറ്റി അന്തിമ അനുമതി നൽകും.
രണ്ടു വർഷം കാലാവധി
അനുമതി ലഭിക്കുന്ന ഉത്പന്നങ്ങൾക്ക് രണ്ടു വർഷത്തേക്ക് ബ്രാൻഡ് മുദ്രണം ഉപയോഗിക്കാം. കാലാവധി പൂർത്തിയാകുന്നതിന് ഒരു മാസം മുൻപ് പുതുക്കണം.
സാമൂഹിക പ്രതിബദ്ധത വേണം
സ്ഥാപനങ്ങളിൽ ബാലവേല പാടില്ല. തേയില, കാപ്പി യൂണിറ്റുകളിൽ കുറഞ്ഞത് 25 ശതമാനവും, മറ്റു ഉത്പാദന യൂണിറ്റുകളിൽ 10 ശതമാനവും സ്ത്രീ, ട്രാൻസ്‌ജെൻഡർ, ഭിന്നശേഷിക്കാർ എന്നിവരുടെ തൊഴിൽ പങ്കാളിത്തം ഉറപ്പാക്കണം.
പ്രയോജനം ലഭിക്കുന്നവർ
സൂക്ഷ്മ,ചെറുകിട, ഇടത്തരം സംരംഭങ്ങൾ
ഭക്ഷ്യ ഉത്പന്ന നിർമ്മാതാക്കൾ
റബർ അധിഷ്‌ഠിത വ്യവസായങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |