SignIn
Kerala Kaumudi Online
Tuesday, 16 June 2026 2.20 AM IST

തൃണമൂൽ പിളർപ്പ്, തിരഞ്ഞെടുപ്പിൽ ജയിക്കാത്ത എൻ‌.സി‌.പി‌.ഐയ്‌ക്ക് 20 എം.പിമാർ

s

ന്യൂഡൽഹി: വിമത തൃണമൂൽ എം.പിമാർ ലയനം പ്രഖ്യാപിച്ചതോടെ സംസ്ഥാന പാർട്ടിയെന്ന അംഗീകാരം പോലുമില്ലാത്ത,2023ൽ ത്രിപുരയിൽ രജിസ്റ്റർ ചെയ്‌ത നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഒഫ് ഇന്ത്യയാണ് (എൻ‌.സി‌.പി‌.ഐ) ദേശീയ രാഷ്‌ട്രീയത്തിൽ ചർച്ച. കഴിഞ്ഞ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടിയുടെ രണ്ട് സ്ഥാനാർത്ഥികൾക്കും കെട്ടിവച്ച കാശുപോലും ലഭിച്ചില്ല.

നിലവിൽ പശ്ചിമബംഗാൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയെ തിരഞ്ഞെടുപ്പ് കമ്മിഷൻ 'രജിസ്റ്റർ ചെയ്ത അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടി' (ആർ‌.യു‌.പി‌.പി) എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ദേശീയ,സംസ്ഥാന പാർട്ടിയായി അംഗീകാരം നേടുന്നതിന് ആവശ്യമായ വോട്ടുകളോ സീറ്റുകളോ തിരഞ്ഞെടുപ്പുകളിൽ ലഭിക്കാത്ത പാർട്ടികളെയാണ് ഈ വിഭാഗത്തിൽപ്പെടുത്തുക. ത്രിപുരയിൽ രജിസ്റ്റർ ചെയ്യുമ്പോൾ അദ്ധ്യക്ഷയായിരുന്ന അഭിഭാഷകയായ ഷെവ്‌ലി കുണ്ടു ഏതാനും ദിവസം മുൻപ് രാജിവച്ചിരുന്നു. 2023ലെ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികൾ കഷ്‌ടിച്ച് 500ൽ പരം വോട്ടാണ് നേടിയത്. ബംഗാളിൽ ഒരു മാദ്ധ്യമ സ്ഥാപനം അടക്കം നടത്തുന്ന ഒരു ഗ്രൂപ്പാണ് പാർട്ടി സ്ഥാപിച്ചത്.

പാർട്ടി വൈസ് പ്രസിഡന്റ് ഉത്തിയ കുണ്ടു ബംഗാൾ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സുവേന്ദു അധികാരിയെ അഭിനന്ദിച്ചും മമതാ ബാനർജിയെ വിമർശിച്ചും സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. കൂറുമാറ്റ നിരോധന നിയമം ബാധകമാകാതിരിക്കാനാണ് 20 വിമത തൃണമൂൽ എംപിമായ മറ്റൊരു പാർട്ടിയിൽ ലയിക്കുന്നത്. ഒരു നിയമസഭാ കക്ഷിയിലെ മൂന്നിൽ രണ്ട് ജനപ്രതിനിധികൾ പുതിയ പാർട്ടിയിൽ ലയിക്കുന്നതിനാൽ നിയമ തടസമില്ലെന്നാണ് വിമത പക്ഷത്തിന്റെ വാദം. ഇതിനായി യഥാർത്ഥ തൃണമൂൽ തങ്ങളാണെന്ന് അവർക്ക് തെളിയിക്കേണ്ടതുണ്ട്. ഇതിന് തടയിടാനാണ് മമത ബാനർജി വിഭാഗത്തിന്റെ ശ്രമം.

2016ൽ അരുണാചൽ പ്രദേശിൽ കോൺഗ്രസിൽ നിന്ന് മുൻ മുഖ്യമന്ത്രി നബാം തുകിയെ ഒഴികെയുള്ള എം.എൽ.എമാർ പീപ്പിൾസ് പാർട്ടി ഒഫ് അരുണാചൽ പ്രദേശിൽ(പി.പി.എ) ചേർന്നത് സമാനമായ രീതിയിൽ. പിന്നീട് പേമ ഖണ്ഡുവിന്റെ നേതൃത്വത്തിൽ അടക്കം 32 എം.എൽ.എമാർ പി.പി.എയിൽ നിന്ന് ബി.ജെ.പിയിലേക്ക് കൂറുമാറിയപ്പോളാണ് വടക്കു കിഴക്കൻ മേഖലയിൽ ബി.ജെ.പിയുടെ ആദ്യ സർക്കാർ രൂപീകരിച്ചത്. 2019 ലെ അടുത്ത തിരഞ്ഞെടുപ്പിൽ, ബി.ജെ.പി ബാനറിൽ മത്സരിച്ച പേമഖണ്ഡു ജയിച്ച് അധികാരം നിലനിറുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, KL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360