SignIn
Kerala Kaumudi Online
Thursday, 18 June 2026 2.06 AM IST

'മഹാ' നാടകം തുടരുന്നു, പിളർപ്പ് തടയാൻ യോഗം വിളിച്ച് ഉദ്ധവ്, സ്പീക്കർക്ക് കത്ത് നൽകി വിമത നേതാക്കൾ

maharashtra

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിലെ വിമത നീക്കത്തിനു സമാനമായ നീക്കങ്ങളും അഭ്യൂഹങ്ങളും മഹാരാഷ്ട്രയെയും ഇളക്കിമറിക്കുന്നു. ശിവസേന ഉദ്ധവ് വിഭാഗത്തിലുള്ള ഒമ്പത് ലോക്‌സഭാ എം.പിമാരിൽ ആറുപേർ എൻ.ഡി.എ പക്ഷത്തുള്ള ശിവസേന ഷിൻഡേ വിഭാഗത്തിലേക്ക് കൂറുമാറുമെന്നാണ് അഭ്യൂഹം. ഇതിനിടെ കൂറുമാറ്റം തടയാൻ ഉദ്ധവ് വിഭാഗം ഡൽഹിയിൽ അടിയന്തര യോഗം വിളിച്ചു. ആറ് വിമത എം.പിമാർ പ്രത്യേക ബ്ളോക്കായി നിൽക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ സ്‌പീക്കർക്ക് കത്തുനൽകി. ഈ നീക്കത്തിന് ചുക്കാൻ പിടിക്കാൻ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേ ഡൽഹിയിലെത്തിയിരുന്നു.

ഇന്ന് രാവിലെ 11ന് പാർലമെന്റിലെ പാർട്ടി ചേംബറിൽ വിളിച്ച ഉദ്ധവ് വിഭാഗത്തിന്റെ യോഗത്തിൽ കർശനമായി പങ്കെടുക്കണമെന്ന് എം.പിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. ഉദ്ധവ് ഡൽഹിയിലേക്ക് തിരിച്ചു. എത്ര എം.പിമാർ പങ്കെടുക്കുമെന്നത് യഥാർത്ഥ ചിത്രം വ്യക്തമാക്കും. പ്രത്യേക ബ്ളോക്കായി നിൽക്കാനുള്ള വിമതരുടെ നീക്കം അനുവദിക്കരുതെന്നും തങ്ങളുടെ വാദം കേൾക്കണമെന്നും ഉദ്ധവ് വിഭാഗം സ്‌പീക്കർക്ക് കത്തുനൽകി.

50 കോടി ഓഫർ

കൂറുമാറാൻ എം.പിമാർക്ക് 50 കോടി രൂപ ഓഫർ ലഭിച്ചതായി ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു. പാർട്ടി വിടാൻ താത്പര്യമുണ്ടെങ്കിൽ രാജിവയ്‌ക്കണം. ഇന്നത്തെ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ നടപടിയെടുക്കും. ഷിൻഡേയുടെ മകൻ ശ്രീകാന്ത് ഷിൻഡെ വിമത എം.പിമാരുമായി കൂടിക്കാഴ്‌ച നടത്തിയെന്ന വാർത്ത ഉദ്ധവ് വിഭാഗം തള്ളി.

ലയനം 19ന്?

19ന് മുംബയിൽ വച്ച് ഷിൻഡേ വിഭാഗത്തിൽ ലയിക്കാനാണ് ആറ് എം.പിമാരുടെ നീക്കം. മൂന്നിൽ രണ്ട് എം.പിമാരുള്ളതിനാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ലെന്നാണ് കരുതുന്നത്. ബംഗാളിൽ 20 തൃണമൂൽ എം.പിമാർ എൻ.സി.പി.ഐയിൽ ലയിക്കുന്നതിന് സമാനമാണ് നീക്കം. ഒമ്പത് അംഗങ്ങളുള്ള ഉദ്ധവ് വിഭാഗം മൂന്നായി ചുരുങ്ങിയാൽ പ്രതിപക്ഷത്തിനും തിരിച്ചടിയാകും. സർക്കാരിന് ബില്ലുകൾ പാസാക്കാനുള്ള ഭൂരിപക്ഷം കൂടുകയും ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360