
ന്യൂഡൽഹി: ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ പരിശ്രമങ്ങൾ വൃഥാവിലാക്കി സഞ്ജയ് ജാദവ്, സഞ്ജയ് ദേശ്മുഖ്, നാഗേഷ് പാട്ടീൽ അഷ്ടികർ, ഭൗസാഹെബ് വാക്ചൗരെ, സഞ്ജയ് ദിന പാട്ടീൽ, ഓംരാജെ നിംബാൽക്ക എന്നീ എം.പിമാർ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക‌്നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേനയിൽ ചേർന്നു. ഇതോടെ ലോക്‌സഭയിൽ ഷിൻഡെ വിഭാഗത്തിന്റെ അംഗബലം 13ആയി ഉയർന്നു.
മുംബയിൽ നടന്ന ചടങ്ങിൽ ഏക്‌നാഥ് ഷിൻഡെ ആറ് വിമത എം.പിമാരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. അവർ സ്ഥാപകൻ ബാൽ താക്കറെയുടെ ആദർശങ്ങൾ പിന്തുടരുന്ന ശിവസേനയിൽ എത്തിയെന്നും അദ്ദേഹം പറഞ്ഞു. 2022-ൽ 40 എം.എൽ.എമാർക്കൊപ്പം താൻ നടത്തിയ പിളർപ്പിനെ ഓർമ്മിപ്പിച്ച ഷിൻഡേ പുതിയ സംഭവം പാർട്ടിയിലെ 'രണ്ടാം ഘട്ടം' മെന്ന് വിശേഷിപ്പിച്ചു. ബാലാസാഹേബ് താക്കറെയുടെ പ്രത്യയശാസ്ത്രം സംരക്ഷിക്കാനുള്ള പോരാട്ടമാണ് താൻ നടത്തിയത്.
കൂറുമാറ്റങ്ങളെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും തള്ളിയ ഷിൻഡെ, തന്നോടൊപ്പം ചേർന്നവർ പാർട്ടി തത്വങ്ങളോട് പ്രതിബദ്ധതയുള്ള താഴെ തട്ടിൽ നിന്നുള്ള നേതാക്കളാണെന്ന് പറഞ്ഞു. ആറ് എംപിമാർ ജൂൺ 17 ന് ഡൽഹിയിൽ ഉദ്ധവ് വിഭാഗം വിളിച്ച യോഗത്തിൽ നിന്ന് വിട്ടു നിന്നതോടെ പിളർപ്പ് ഉറപ്പായിരുന്നു. ഷിൻഡേ വിഭാഗത്തിൽ ലയിക്കുന്നത് ചൂണ്ടിക്കാട്ടി ആറുപേരും ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്ക് കത്തു നൽകിയിരുന്നു. ശിവസേനയുടെ ചിഹ്‌നമായ കടുവയുടെ പേര് സൂചിപ്പിച്ച 'ഓപ്പറേഷൻ ടൈഗർ' എന്ന പേരിൽ ബി.ജെ.പിയുടെ സഹായത്തോടെയാണ് ഷിൻഡെ വിഭാഗം എംപിമാരെ സ്വാധീനിച്ചത്.
ഓംരാജെ നിംബാൽക്കറും നാഗേഷ് അഷ്ടികറും പാർട്ടി വിടുമെന്ന് ആദ്യമേ പ്രഖ്യാപിച്ചിരുന്നു. ധാരാശിവ് എംപിയായ ഒംരാജെ നിംബാൽക്കർ പിതാവ് പവൻരാജെ നിംബാൽക്കറുടെ കൊലപാതകക്കേസിലെ വിധിക്കു ശേഷം തീരുമാനിക്കുമെന്നും പറഞ്ഞു. ശനിയാഴ്‌ച കേസിലെ വിധി വന്നതോടെ അദ്ദേഹം മനസു തുറന്നു. ഹിംഗോളി എംപി നാഗേഷ് അഷ്ടികർ പിന്നീട് ഫേസ്ബുക്ക് ലൈവിൽ കൂറുമാറ്റം പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിരുന്ന് മണ്ഡലത്തിൽ ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു.
അധികാരത്തിനും പണത്തിനും വേണ്ടി ആറ് എം.പിമാർ പാർട്ടിയെയും ജനങ്ങളെയും വഞ്ചിച്ചു.
- ഉദ്ധവ് താക്കറെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |