
ന്യൂഡൽഹി: ബി.ജെ.പിയുടെ രാഷ്ട്രീയ വളർച്ചയിൽ എക്കാലത്തും നിർണായ സ്വാധീനം ചെലുത്തിയ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ നടന്ന കോടികളുടെ സംഭാവന ക്കൊള്ള ഇന്ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ വജ്രായുധമായേക്കും. നീറ്റ് യു.ജി. ചോദ്യപേപ്പർ ചോർച്ചയും അതിനെ തുടർന്ന് ഇരുപതിലേറെ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതും സർക്കാരിനെ വിചാരണ ചെയ്യാനുള്ള മറ്റൊരു ആയുധമാവും. ഇന്നു മുതൽ ഓഗസ്റ്റ് 13 വരെയാണ് വർഷകാല സമ്മേളനം.
മുന്നോടിയായി ഇന്നലെ നടന്ന സർവ കക്ഷിയോഗത്തിൽ ഇവയടക്കം അതീവ പ്രാധാന്യമുള്ള ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് നേതാക്കളായ കൊടിക്കുന്നിൽ സുരേഷ്, ജയറാം രമേശ്, ഗൗരവ് ഗോഗോയി എന്നിവർ ആവശ്യപ്പെട്ടു. ചട്ടപ്രകാരം ചർച്ചകൾക്ക് തയ്യാറാണെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച കേന്ദ്ര മന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞു. ഇന്ത്യാ സഖ്യത്തിലുണ്ടായിരുന്ന പാർട്ടികളെ പിളർത്തി എം.പിമാരെ ഒറ്റയടിക്ക് ഭരണപക്ഷത്ത് എത്തിച്ചതിൽ പ്രതിപക്ഷം കടുത്ത അമർഷത്തിലാണ്. ഇത്തരത്തിൽ ഭൂരിപക്ഷം നിർമ്മിച്ചെടുക്കുന്നതിനോടുള്ള എതിർപ്പ് സർവകക്ഷി യോഗത്തിലും പ്രകടമായി.
എൻ.സി.പി.ഐയിൽ ലയിച്ച പശ്ചിമബംഗാളിലെ തൃണമൂൽ വിമത എം.പിമാരുടെ പ്രതിനിധികളെ യോഗത്തിൽ ക്ഷണിച്ചതിനെ ചൊല്ലിയുള്ള പ്രതിപക്ഷത്തിന്റെ പ്രതീകാത്മക വാക്കൗട്ടോടെയാണ് യോഗം തുടങ്ങിയത്. എൻ.സി.പി.ഐയെ പ്രതിനിധീകരിച്ച് സുദീപ് ബന്ദോപാദ്ധ്യായയും കകോലി ഘോഷ് ദസ്തിദാറും പങ്കെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു നീക്കം. സ്‌പീക്കർ അംഗീകരിക്കാത്ത എൻ.സി.പി.ഐയുടെ പ്രതിനിധികളെ ക്ഷണിച്ചതിനെ ചോദ്യം ചെയ്‌തെന്ന് തൃണമൂൽ എം.പി മഹുവ മൊയ്‌ത്ര പറഞ്ഞു. എല്ലാ പാർട്ടികളെയും ക്ഷണിക്കാൻ കേന്ദ്രസർക്കാരിന് അവകാശമുണ്ടെന്ന് മന്ത്രി കിരൺ റിജിജു പറഞ്ഞു.
തൃണമൂലിന് പുറമെ ആംആദ്‌മി പാർട്ടി, ശിവസേന (ഉദ്ധവ്) പാർട്ടികളെയും പിളർത്തി സഭയിൽ ഭൂരിപക്ഷമുണ്ടാക്കാൻ ശ്രമിക്കുന്ന സർക്കാർ നടപടി സമ്മേളനത്തിൽ ചോദ്യം ചെയ്യുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. മണ്ഡല പുനർനിർണയ ബില്ലിന് അനുകൂലമെന്ന തരത്തിലെ വാർത്തകൾ കോൺഗ്രസ് തള്ളി.
വിവാദ ബില്ലുകളിൽ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കണമെന്ന് സി.പി.എമ്മിലെ ജോൺ ബ്രിട്ടാസ് പറഞ്ഞു.
പുതിയ പി.എഫ് പെൻഷൻ, ലേബർ കോഡ് വിഷയങ്ങളിൽ വിശദമായ ചർച്ച നടത്തണം
എൻ.കെ.പ്രേമചന്ദ്രൻ എം.പി
ആർ.എസ്.പി അംഗം
എഥനോൾ-പെട്രോൾ മൂലം അരി അടക്കം ഭക്ഷ്യസാധനങ്ങൾക്ക് ക്ഷാമമുണ്ടാനിടയുണ്ട്
പി. സന്തോഷ് കുമാർ എം.പി
സി.പി.ഐ പ്രതിനിധി
കത്തിക്കയറാൻ ഇവ
1. അയോദ്ധ്യ സംഭാവനക്കൊള്ള
2. നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച
3. നീറ്റുമായി ബന്ധപ്പെട്ട ആത്മഹത്യകൾ
4. പാർട്ടികളെ പിളർത്തി ദുർബലമാക്കൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |