SignIn
Kerala Kaumudi Online
Tuesday, 21 July 2026 12.01 PM IST

യുവാക്കൾ രാജ്യത്തിന്റെ അഭിമാനം: പ്രധാനമന്ത്രി #രാഹുലിനെതിരെ ഒളിയമ്പും

1

ന്യൂഡൽഹി: രാജ്യത്തെ യുവാക്കളുടെ ശേഷിയും അഭിലാഷങ്ങളും ബഹിരാകാശം പോലെ അതിരില്ലാത്തതാണെന്നും അവരുടെ നേട്ടങ്ങൾ ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ പറഞ്ഞത് '56 വയസുള്ള യുവാവിനെ' കുറിച്ച് അല്ലെന്നും കോൺഗ്രസ് നേതാവ് രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങും മുൻപുള്ള പതിവ് അഭിസംബോധനയ്‌ക്കിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്‌താവന. വിക്രം-1 റോക്കറ്റ് വിക്ഷേപണത്തിലൂടെ സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പായ സ്കൈ റൂട്ട് രാജ്യത്ത് പുതിയ യുഗപ്പിറവി സൃഷ്ടിച്ചെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ശരാശരി 28 വർഷം പഴക്കമുള്ള സ്റ്റാർട്ടപ്പിന്റെ നേട്ടം രാജ്യത്തിന്റെ ആത്മവിശ്വാസം കൂട്ടുന്നതാണ്. നമ്മുടെ യുവാക്കൾ നയിക്കുന്ന സ്റ്റാർട്ടപ്പുകൾ ബഹിരാകാശത്ത് ഇന്ത്യയുടെ പതാക ദൃഢമായി നാട്ടി. ഇത്തരം ചരിത്രപരമായ വിജയങ്ങൾ രാജ്യത്തിന് വലിയ പ്രചോദനമാകും. സർക്കാരിന്റെ നയപരമായ മാറ്റങ്ങളാണ് സ്റ്റാർട്ടപ്പുകൾക്കും യുവാക്കൾക്കും അവസരം നൽകിയതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പെട്രോൾ, ഡീസൽ, എൽ.പി.ജി, രാസവളം, രാസവസ്തുക്കൾ എന്നിവയുടെ വിതരണത്തിൽ പശ്ചിമേഷ്യൻ സംഘർഷം ഗുരുതര ഭീഷണി ഉയർത്തിയെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു.

പഴയ '56 ഇഞ്ച് നെഞ്ച്' എവിടെ : ഖാർഗെ

മറ്റുള്ളവരെ പരിഹസിക്കലാണ് പ്രധാനമന്ത്രി മോദിയുടെ ഒരേയൊരു ജോലിയെന്ന് രാഹുലിനെതിരായ പ്രസ്‌താവനയോട് പ്രതികരിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ പറഞ്ഞു. പ്രധാനമന്ത്രിയുടെ പഴയ '56 ഇഞ്ച് നെഞ്ച്' എവിടെ പോയി. പ്രധാനമന്ത്രി ആദ്യം സ്വന്തം ജനങ്ങൾക്ക് മുന്നിൽ വിശ്വാസ്യത തെളിയിക്കുക. ഭരണ പരാജയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് മറ്റുള്ളവരെ കുറ്റം പറയുന്നത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ജീവിതം നശിപ്പിച്ചതിന് ആരാണ് ഉത്തരവാദികൾ?. സ്വന്തം ബലഹീനതകൾ മറച്ചുവയ്ക്കാനായാണ് അദ്ദേഹം ഇതെല്ലാം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360