ന്യൂഡൽഹി: മലയാളിയായ വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് നാവിക സേന ഉപമേധാവിയായി ഇന്നലെ ചുമതലയേറ്റു. തൃശൂർ കുരിയച്ചിറ സ്വദേശിയാണ്.
വൈസ് അഡ്മിറൽ തരുൺ സോബ്തി വിരമിച്ച ഒഴിവിലാണിത്.
പഹൽഗാം ഭീകരാക്രമണത്തിന് പാകിസ്ഥാനും പാക് ഭീകരർക്കും തിരിച്ചടി നൽകിയ 'ഓപ്പറേഷൻ സിന്ദൂറിൽ' സുപ്രധാന പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ്. 1999ലെ കാർഗിൽ യുദ്ധം,2001ൽ ഇന്ത്യ-പാക് അതിർത്തിയിലെ 'ഓപ്പറേഷൻ പരാക്രം' എന്നിവയിലും പങ്കെടുത്തു. 2020ൽ ഇന്ത്യ-ചൈന അതിർത്തിയിലെ ഗാൽവാൽ താഴ്‌വരയിലുണ്ടായ സംഘർഷത്തിന് പിന്നാലെ 'ഓപ്പറേഷൻ സ്നോ ലെപ്പേർഡ്' നടത്തിയപ്പോൾ വെസ്റ്റേൺ ഫ്ലീറ്റിന്റെ ഫ്ലീറ്റ് ഓപ്പറേഷൻസ് ഓഫീസറായിരുന്നു. 2024ൽ അതി വിശിഷ്ട സേവാ മെഡലും 2025ൽ യുദ്ധ് സേവാ മെഡലും നൽകി രാജ്യം ആദരിച്ചു. സേനയിലെ 'ഡയറക്ടർ ജനറൽ നേവൽ ഓപ്പറേഷൻസ്' ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അമ്പിളി പ്രമോദാണ് ഭാര്യ. ചിത്രാഞ്ജലി,സിദ്ധാന്ത എന്നിവർ മക്കൾ.
'എ' കാറ്റഗറി സീ കിംഗ്
ഓപ്പറേഷൻസ് ഓഫീസർ
നാവികസേനയിലെ 'എ' കാറ്റഗറി സീ കിംഗ് ഓപ്പറേഷൻസ് ഓഫീസറാണ് അദ്ദേഹം. കമ്മ്യൂണിക്കേഷൻ ആൻഡ് ഇലക്ട്രോണിക് വാർഫെയർ വിദഗ്ദ്ധൻ.
36 വർഷത്തിൽപ്പരം നീണ്ട സേവനത്തിനിടെ, കടലിലും കരയിലുമായി കമാൻഡ്, ഓപ്പറേഷണൽ, പരിശീലനം, സ്റ്റാഫ് തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിച്ചു. ഗോവയിലെ നേവൽ അക്കാഡമിയിൽ പരിശീലനം നേടിയ പ്രമോദ്,1990 ജൂലായ് ഒന്നിനാണ് സേനയിൽ പ്രവേശിച്ചത്. തമിഴ്നാട്ടിലെ വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലും,ഗോവയിലെ നേവൽ വാർ കോളേജിലെ നേവൽ ഹയർ കമാൻഡ് കോഴ്‌സിലും പരിശീലനം നേടി.
വഹിച്ചിരുന്ന സുപ്രധാന ചുമതലകൾ
1.അസിസ്റ്റന്റ് ചീഫ് ഓഫ് നേവൽ സ്റ്റാഫ് (എയർ)
2.ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് മഹാരാഷ്ട്ര നാവിക ഏരിയ
3.ഇന്ത്യൻ നാവിക അക്കാഡമി ഡെപ്യൂട്ടി കമാൻഡന്റ്
4.ടാക്റ്റിക്കൽ ഓഡിറ്റ് ഗ്രൂപ്പിലെയും,ഇന്ത്യൻ നേവൽ സ്ട്രാറ്റജിക് ആൻഡ് ഓപ്പറേഷണൽ കൗൺസിലിലെയും അംഗം
5.ഐ.എൻ.എസ് രാജ്‌പുതിന്റെ എക്സിക്യൂട്ടീവ് ഓഫീസർ
6.ഐ.എൻ.എസ് അഭയ,ഐ.എൻ.എസ് ശാർദുൽ,ഐ.എൻ.എസ് സത്പുര എന്നിവയുടെ കമാൻഡ്
7.നാവിക സേനാ ആസ്ഥാനത്ത് ജോയിന്റ് ഡയറക്‌ടർ (നേവൽ എയർ സ്റ്റാഫ്)
8.പ്രിൻസിപ്പൽ ഡയറക്‌ടർ (എയർക്രാഫ്റ്റ് അക്വിസിഷൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |