SignIn
Kerala Kaumudi Online
Sunday, 02 August 2026 6.17 AM IST

ഗോ​ൾഡൻ ഗ്ലൗ

s

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്നലെ പ്രീതി പവാറിന്റെ സ്വർണനേട്ടത്തോടെയാണ് ഇന്ത്യ മെഡൽക്കുതിപ്പ് തുടങ്ങിയത്. വനിതകളുടെ 54 കിലോഗ്രാം വിഭഗം ഫൈനലിൽ കാനഡയുടെ സ്‌കാർലറ്റ് ഡൽഗാഡോയെ 5-0ത്തിന് തരിപ്പണമാക്കിയാണ് പ്രീതി സ്വർണമണിഞ്ഞത്. മൂന്ന് റൗണ്ടുകളിലും പ്രീതി കൃത്യമായ പഞ്ചുകളിലൂടെ സ്കാർലറ്രിന് മേൽ പൂർണ ആധിപത്യം പുലർത്തി. മികച്ച ഡിഫൻസും വേഗതയേറിയ കൗണ്ടർ അറ്റാക്കുകളുമാണ് പ്രീതിയെ റിംഗിൽ തുണച്ചത്. അഞ്ച് ജഡ്ജുമാരും പ്രീതിക്ക് അനുകൂലമായാണ് വിധി എഴുതിയത്. ഇത്തവണത്തെ ഗെയിംസിൽ ബോക്സിംഗിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണ് പ്രീതി സ്വന്തമാക്കിയത്. ഹരിയാനയിലെ ഭിവാനി സ്വദേശിയായ ഈ 22കാരെ ഇന്ത്യൻ ആർമിയിലെ ഉദ്യോഗസ്ഥയാണ്.

ജയ് ജയ്‌സ്‌മിൻ

വനിതകളുടെ 57കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ വടക്കൻ അയർലാൻഡിന്റെ മിക്കേൽ വാഷിനെ ഇന്ത്യയുടെ ജയ്‌‌സ്മിൻ ലംബോറിയ കീഴടക്കിയതും 5-0ത്തിനാണ്.

ലോകചാമ്പ്യനായ ജയ്സ്‌മിന് ആദ്യ റൗണ്ടിൽ 3-2ന്റെ നേരിയ മുൻതൂക്കമായിരുന്നു ഉണ്ടായിരുന്നത്. രണ്ടാം റൗണ്ടിൽ ശക്തമായ കോമ്പിനേഷൻ പഞ്ചുകളിലൂടെ തിരിച്ചടിച്ച ജയ്സ്മിൻ അഞ്ച് ജഡ്ജുമാരുടെയും വോട്ട് ഒരുപോലെ സ്വന്തമാക്കി മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി.

അവസാന റൗണ്ടിൽ വാഷിന്റെ ആക്രമണങ്ങളെ സമചിത്തതയോടെ പ്രതിരോധിച്ച ജയ്‌സ്‌മിൻ സ്വർണം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ തവണത്തെ വെങ്കലം ഇത്തവണ പൊന്നാക്കി മാറ്റാനായതിന്റെ സന്തോഷത്തിലാണ് ജയ്‌സ്‌മിന്റെ മടക്കം. കോമൺവെൽത്ത് ഗെയിംസിന് തൊട്ടുമുൻപ് ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ ആയിരുന്ന ജയ്‌സ്‌മിൻ പക്ഷേ ഗ്ലാസ്ഗോയിൽ മിന്നും പ്രകടനമാണ് പുറത്തെടുത്തത്. ഹരിയാനയിലെ ഭിവാനി സ്വദേശി തന്നെയായ ജയ്‌സ്‌മിനും ആർമി ഉദ്യോഗസ്ഥായാണ്.

സൂപ്പർ കസിൻസ്

കസിൻസായ സാക്ഷി ചൗധരി 51 കിലോഗ്രാം വിഭാഗത്തിലും പ്രിയ ഘൻഘാസ് 60 കിലോഗ്രാം വിഭാഗത്തിലും പൊന്നണിഞ്ഞു. ഇംഗ്ലണ്ടിന്റെ റൂബി വൈറ്റ്‌സിനെ ഫൈനലിൽ 5-0ത്തിന് വീഴ്‌ത്തിയാണ് സാക്ഷി പൊന്നായത്. പ്രിയ സ്‌പിലിറ്റ് ഡിസിഷനിലൂടെ 4-1ന് കാനഡയുടെ മേരി ബത്തൂൽ അൽ അഹമ്മദിയെയാണ് കീഴടക്കിയത്.

മിന്നും പൊന്ന്

വനിതകളുടെ 70 കിലോഗ്രാം വിഭാഗത്തിൽ ഇംഗ്ലണ്ടിന്റെ ഒളിമ്പ്യൻ ചാൻറ്റെല്ലെ റീഡിനെ 5-0ത്തിന് തോൽപ്പിച്ചാണ് അരുന്ധതി ചൗധരി പൊന്നായത്. പുരുഷന്മാരുടെ 60 കിലോഗ്രാമിൽ നമീബിയയുടെ ട്രൈഎഗൈൻ മോണിംഗ് എൻഡെവ്ലോയെ സ്‌പിലിറ്റ് ഡിസഷനിലൂടെ 3-2ന് പരാജയപ്പെടുത്തിയാണ് സച്ചിൻ സിവാചിന്റെ സ്വർണ നേട്ടം. അവസാന റൗണ്ടിലെ മിന്നും പ്രകടനമാണ് മത്സരം സച്ചിന് അനുകൂലമാക്കിയത്. 80 കിലോഗ്രാം ഫൈനലിൽ ഇംഗ്ലണ്ടിന്റെ ദിമേജി ഷിട്ടുവിനെതിരെ 4-1നാണ് അൻകുഷിന്റെ വിജയം.

പുരുഷന്മാരുടെ 55 കിലോഗ്രാം ഫൈനലിൽ ഓസ്ട്രേലിയയുടെ ജയ് ഡിക്സണോട് തോറ്റതോടെയാണ് ജാദുമണി സിംഗിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. 90പ്ലസ് കിലോഗ്രാം ഫൈനലിൽ നരേന്ദർ ബെർവാൾ 0-5ന് ഇംഗ്ലണ്ടിന്റെ ദാമർ തോമസിനോടും

വനിതകളുടെ 75 കിലോഗ്രാം ഫൈനലിൽ ലവ്‌ലിന ബൊർഗൊഹെയ്ൻ 1-4ന് ഓസ്ട്രേലിയയുടെ എമ്മ സൂ ഗ്രീൻടീയോടും തോറ്റു.

സല്യൂട്ട് സോമൻ റാണ

പുരുഷന്മാരുടെ പാരാ ഷോട്ട് പുട്ടിൽഎഫ് 57വിഭാഗത്തിൽ ചരിത്ര സ്വർണ നേട്ടത്തോടെ സോമണ റാണ ഇന്ത്യയുടെ അഭിമാനമായി. 13.40 മീറ്റർ ദൂരത്തേയ്ക്ക് ഷോട്ട് പുട്ട് എറിഞ്ഞാണ് റാണയുടെ സ്വർണ നേട്ടം. കോമൺവെൽത്ത് ഗെയിംസിൽ പാരാഷോട്ട്പുട്ടിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. 2006-ൽ ജമ്മു കശ്മീരിലെ ലാൻഡ്‌മൈൻ സ്ഫോടനത്തിൽ വലതുകാൽ നഷ്ടപ്പെട്ട മുൻ ആർമി ബോക്സറായ സോമൻ റാണയുടെ അതിജീവനത്തിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവാണ് 43-ാം വയസിലെ സുവർണ നേട്ടം.

ഈ ഇനത്തിൽ ഇന്ത്യയുടെ ശുഭം ജുയൽ (13.28 മീറ്റർ)​ വെള്ളി നേടി.

ട്രിപ്പിളിലും ഡബിൾ

പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പിൽ 16.58 മീറ്റർ ചാടി ഇന്ത്യയുടെ പ്രവീൺ ചിത്രവേൽ വെള്ളിയും 16.52മീറ്റർ ചാടി സെൽവ പ്രഭു വെങ്കലവും നേടി. 16.72 മീറ്റർ ചാടിയ ജമൈക്കയുടെ ജോർദാൻ സ്കോട്ടിനാണ് സ്വർണം. കഴിഞ്ഞതവണയും ട്രിപ്പിളിൽ ഇന്ത്യയ്ക്ക് ഡബിൾ മെഡൽ നേട്ടം ഉണ്ടായിരുന്നു. 2022ൽ വെറും 3 സെന്റീ മീറ്റർ വ്യത്യാസത്തിൽ നഷ്ടമായ വെങ്കലം ഇത്തവണ വെള്ളിയാക്കി മാറ്റുകയായിരുന്നു പ്രവീൺ.

ഇരട്ടമെഡലുമായി ഗുൽവീർ

കഴിഞ്ഞ ദിവസം 10,​000 മീറ്ററിൽ വെള്ളി നേടിയ ഗുൽവീർ സിംഗ് ഇന്നലെ 5000 മീറ്ററിൽ (13.24.95)​ വെങ്കലം നേടി ചരിത്ര മെഴുതി.കോമൺവെൽത്ത് ഗെയിംസിൽ ഈ ഇനത്തിലും മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഗുൽവീർ. 10,​000 മീറ്ററിലും കോമൺവെൽത്ത് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം ഗുൽവീറാണ്.

ഗെയിംസിന് കൊടിയിറക്കം

ജൂലായ് 23ന് ആരംഭിച്ച് 11 ദിവസം നീണ്ടു നിന്ന കോമൺവെൽത്ത് ഗെയിംസിന് ഇന്ന് കൊടിയിറക്കം. ഗ്ലാസ്‌ഗോയിലെ പ്രശസ്തമായ ഓവോ ഹൈഡ്രോ ഇൻഡോർ അരീനയിലാണ് സമാപനച്ചടങ്ങുകൾ,ഒടുവിൽ റിപ്പോർട്ടുകിട്ടുമ്പോൾ​ 8 സ്വർണവും 15 വെള്ളിയും 7 വെങ്കലവും ഉൾപ്പെടെ 30 മെഡലുകൾ നേടിയിട്ടുണ്ട് ഇന്ത്യ.

ഫിഫ ലോകകപ്പ് സ്വകാര്യവത്കരിക്കിനുള്ള നീക്കം ഉപേക്ഷിച്ചു

സൂറിച്ച്:ആഗോളതലത്തിൽ കടുത്ത എതിർപ്പിനെ തുടർന്ന് ഫിഫ ലോകകപ്പ് സ്വകാര്യ വത്കരിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. . ലോകകപ്പിന്റെ വാണിജ്യ അവകാശങ്ങൾ സ്വകാര്യ കമ്പനികൾക്ക് വിൽക്കാനുള്ള നീക്കം പുറത്തുവന്ന് വെറും 72 മണിക്കൂറുകൾക്കുള്ളിലാണ് ഫിഫയ്ക്ക് ഈ നാടകീയമായ പിന്മാറ്റം നടത്തേണ്ടി വന്നത്. ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫാന്റിനോയാണ് പദ്ധതി ഉപേക്ഷിച്ച കാര്യം അറിയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360