
നടപടിയെടുത്തത് തുക്കാറാം മുണ്ടേ
മുംബയ്: നിരോധിച്ച പാൻ മസാലയുടെ കമ്പനി പരസ്യത്തിൽ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്‌റോഫ് എന്നിവർക്ക് നോട്ടീസ്. മഹാരാഷ്ട്ര ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മിഷണർ തുക്കാറാം മുണ്ടെയാണ് നോട്ടീസയച്ചത്. 15 ദിവസത്തിനകം മറുപടി നൽകണം. കരാർ, പണമിടപാട് വിവരങ്ങൾ, ഏജൻസി വിവരങ്ങൾ എന്നിവ ഹാജരാക്കണം. വിമൽ പാൻ മസാല നിർമ്മാതാക്കളുടെ ഏലക്കാ ച്യൂയിംഗം പരസ്യത്തിലാണ് താരങ്ങൾ ഒന്നിച്ചഭിനയിച്ചത്.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ പങ്കാളിയായാൽ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം 10 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ പിഴയും മൂന്ന് വർഷം വരെ പരസ്യങ്ങളിൽ അഭിനയിക്കുന്നതിന് വിലക്കും നേരിടേണ്ടിവരും. പാൻമസാലയുടെ ബ്രാൻഡ് മൂല്യം ഉയർത്താനാണ് പരസ്യത്തിലൂടെ ശ്രമിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഒമ്പത് പേജുള്ള നോട്ടീസിൽ വ്യക്തമാക്കുന്നു.
2022ൽ ഇതേ ബ്രാൻഡിന്റെ പരസ്യത്തിൽ ഷാറൂഖിനും അജയ് ദേവ്ഗണിനുമൊപ്പം പ്രത്യക്ഷപ്പെട്ടതിന് നടൻ അക്ഷയ് കുമാർ ആരാധകരോട് മാപ്പുപറഞ്ഞിരുന്നു. മഹാരാഷ്ട്രയിൽ പാൻ മസാലയുടെ നിർമ്മാണം, സംഭരണം, വിതരണം, വില്പന എന്നിവ നിരോധിച്ചിട്ടുണ്ട്. പ്രചാരണത്തിൽ നിന്ന് പിന്മാറാനും സമൂഹ മാദ്ധ്യമ അക്കൗണ്ടുകളിൽ നിന്ന് പരസ്യങ്ങൾ നീക്കം ചെയ്യാനും താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |