
മുംബയ്: ഐ.ഐ.ടി മുബയ്യിലെരണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥി സാഹിൽ വകോഡെയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി പൊലീസ്. പ്രൊഫസർ സൂര്യനാരായണ ദൂല്ലയെ കോളേജ് ഡീൻ സ്ഥാനത്തു നിന്നും സസ്‌പെൻഡ് ചെയ്തു. അതേസമയം, അദ്ദേഹം എനർജി സയൻസ് ആൻഡ് എൻജിനിയറിംഗ് വിഭാഗം അദ്ധ്യാപകനായി തുടരും. കഴിഞ്ഞ മൂന്നു ദിവസമായി വിദ്യാർത്ഥികൾ ക്യാമ്പസിൽ പ്രതഷേധം നടത്തിവരുന്നതിനിടെയാണ് നടപടി.
അതേസമയം, അന്വേഷണത്തിന് ശേഷമേ ദൂല്ലയ്‌ക്കെതിരെ തുടർനടപടിയുണ്ടാകൂയെന്ന് ഡയറക്ടർ ഷിരീഷ് ബി. കേദാരെ വിദ്യാർത്ഥികൾക്ക് അയച്ച ഇ-മെയിലിൽ പറഞ്ഞു. ഇതിനിടെ വിദ്യാർത്ഥികൾ മുന്നോട്ടുവച്ച 18 ആവശ്യങ്ങൾ അടങ്ങിയ അവകാശ പത്രിക ഐ.ഐ.ടി ഡയറക്ടർ പ്രൊഫ. ശിരീഷ് കേദാരെ ഒപ്പുവച്ചു. നേരത്തെ നടത്തിയ പ്രസ്താവനയിൽ വസ്തുതകൾ അന്വേഷിക്കുന്നതിന് മുൻപ് വ്യക്തമാക്കിയതിൽ ഐ.ഐ.ടി മുംബയ് ഖേദം പ്രകടിപ്പിച്ചു.
സാഹിൽ പരീക്ഷ എഴുതിയപ്പോൾ ഇൻവിജലേറ്ററായിരുന്നു ദൂല്ല. സാഹിൽ ചോദ്യപേപ്പർ ചാറ്റ് ജി.പി.ടിയിൽ അപ്‌ലോഡ് ചെയ്ത് ഉത്തരമെഴുതാൻ ശ്രമിച്ചെന്നാണ് ആരോപണം. സാഹിൽ ജാതി വവേചനം നേരിട്ടെന്നും മാനസികമായി പീഡിപ്പിക്കപ്പെട്ടുവെന്നും വിദ്യാർത്ഥിയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് കുടുംബത്തിന്റെപരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് ദൂല്ലയുടെ പേരും എഫ്.ഐ.ആറിൽ ഉൾപ്പെടുത്തുകയായിരുന്നു.
അദ്ധ്യാപകനെ പിന്തുണച്ച്
ഫാക്കൽറ്റി ഫോറം
വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതഷേധം തുടരുന്നതിനിടെ പ്രൊഫ. സൂര്യനാരായണ ദൂല്ലയെ പിന്തുണച്ച് അദ്ധ്യാപക ഫോറം രംഗത്ത്. ഭരണ ചുമതലകളിൽ നിന്ന് ദൂല്ലയെ താത്കാലികമായി മാറ്റിയത് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കാനാണെന്നും അദ്ദേഹം അദ്ധ്യാപകനായി തുടരുകയാണെന്നും ഫോറം വ്യക്തമാക്കി. ദൂല്ലയെ പിന്തുണച്ച് ഇന്നലെ ക്യാമ്പസിൽ അദ്ധ്യാപകർ മാർച്ച് നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |