SignIn
Kerala Kaumudi Online
Wednesday, 02 September 2026 1.59 AM IST

ജെൻസി സമരം: കേസുകൾക്ക് ശുഭാന്ത്യം

kjp

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയിൽ ജെൻസികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ട് രാജ്യത്ത് രജിസ്റ്റർ ചെയ്‌ത മുഴുവൻ കേസുകളും സുപ്രീംകോടതി റദ്ദാക്കി. പിന്നാലെ സെപ്‌തംബർ 5ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് നടത്താനിരുന്ന കോക്രോച്ച് ജനത പാ‌ർട്ടി (സി.ജെ.പി)​ മാർച്ച് പിൻവലിച്ചു. സി.ജെ.പിക്കാർ സുപ്രീംകോടതി വളപ്പിൽ മധുരം വിതരണം ചെയ്‌തു.

സമ്പൂർണമായ നീതി ഉറപ്പാക്കാൻ ഭരണഘടനയിലെ 142-ാം അനുച്ഛേദം സുപ്രീംകോടതിക്ക് നൽകിയിരിക്കുന്ന സവിശേഷാധികാരം പ്രയോഗിച്ചാണ് കേസുകൾ പിൻവലിച്ചത്. പുതിയ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു. നീറ്റടക്കം പ്രവേശന പരീക്ഷകളുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്‌ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം കൈമാറാൻ മൂന്നുമാസം സമയം കൂടി വേണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം അംഗീകരിച്ചു.

അഞ്ചിന് നടത്താനിരുന്ന മാർച്ച് പിൻവലിച്ചതായി സി.ജെ.പി വക്താവ് സൗരവ് ദാസാണ് കോടതിയെ അറിയിച്ചത്. തീരുമാനത്തെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പ്രകീർത്തിച്ചു. തുറന്ന മനസോടെ ചർച്ച ചെയ്യാൻ കഴിയാത്തത്ര സങ്കീർണമായ ഒന്നും ലോകത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്ന കേന്ദ്രസർക്കാർ നിലപാടിനോട് അനുകൂല സമീപനമാണ് ബീഹാർ, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, അസാം,​ കേരളം അടക്കം സംസ്ഥാനങ്ങൾ സ്വീകരിച്ചത്.

 ഡൽഹിയിൽ ഒരു എഫ്.ഐ.ആർ

ഡൽഹി ജന്തർ മന്ദർ സമരത്തിൽ ഗുരുതര ക്രിമിനിൽ പശ്ചാത്തലമുള്ള 2873പേർ എത്തിയിരുന്നു. അവർക്കെതിരെ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ അനുമതി നൽകണമെന്ന ഡൽഹി പൊലീസിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചു. ശാരീരികമായി ആക്രമിക്കൽ, സ്വത്തുവകകൾ നശിപ്പിക്കൽ എന്നിവയ്‌ക്ക് കേസെടുക്കാം.

'എല്ലാ ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടു".

- അഭിജീത് ദീപ്കെ,

സി.ജെ.പി സ്ഥാപകൻ

English Summary

The Supreme Court has quashed all cases registered across the country in connection with protests over the question paper leak.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP, SUPREMECOURT, CASE CLOSED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360