
ന്യൂഡൽഹി: ''രാജ്യം മുഴുവൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു, താങ്കൾ എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെ. ജീവനും മരണത്തിനുമിടയിൽ പോരാടുന്നതിനിടയിലും, ഗുരുതരമായി പരിക്കേറ്റിട്ടും സ്വന്തം ജീവനേക്കാൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയത് ഇന്ത്യക്കാരുടെ അഭിമാനം ഉയർത്തി..'' ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്ത് 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യക്കാരനായ പൈലറ്ര് സ്മിത് മച്ചാറിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ.
ദുബായിലെ ആശുപത്രിയിൽ കഴിയുന്ന മച്ചാറിനോട് വീഡിയോ കോളിൽ സംസാരിക്കുകയായിരുന്നു മോദി. ''താങ്കൾ ഒരു നിമിഷത്തിന്റെ അംശത്തിൽ എടുത്ത തീരുമാനമാണ് അത്രയുംപേരുടെ ജീവൻ രക്ഷിച്ചത്. അതിനാൽ ഇന്ത്യക്കാർക്ക് അഭിമാനത്തോടെ പറയാനാകും ഇന്ത്യക്കാർ ജീവൻ അപഹരിക്കുന്നവരല്ല, ജീവൻ രക്ഷിക്കുന്നവരാണെന്ന്''- മോദി പറഞ്ഞു. സംസാരത്തിനിടെ മച്ചാർ വികാരാധീനനായി.
'ഹനുമാനെ സ്‌തുതിച്ച്
മനസിന് ധൈര്യം പകർന്നു'
(വീഡിയോ കോൾ സംഭാഷണം)
മോദി: താങ്കളുടെ മാതാവ് ഗീതാ ബെഹൻ, ഭൂപേന്ദ്ര ഭായ്, ഭാര്യ സോണൽ എന്നിവരുമായി സംസാരിച്ചിരുന്നു. ഗീതാ ബെഹൻ ഭഗവദ്ഗീതയുടെ സന്ദേശങ്ങൾ പൂർണമായി ഉൾക്കൊണ്ട് മകനിൽ ആഴത്തിലുള്ള സാംസ്കാരിക മൂല്യങ്ങൾ വളർത്തി ജീവിതത്തിൽ പ്രാവർത്തികമാക്കി. വിമാനത്തിലെ ആ സംഭവം ഒാർക്കാമോ..
മച്ചാർ: മരണത്തെ മുന്നിൽക്കണ്ടു. ധൈര്യം കൈവിടാതെ പ്രവർത്തിച്ചില്ലെങ്കിൽ യാത്രക്കാരുടെ ജീവൻ അപകടത്തിലാകുമെന്ന് മനസിലായി. ഹനുമാനെ സ്‌തുതിച്ച് മനസിന് ധൈര്യം പകർന്നു. വിമാനം അപകടത്തിലേക്കാണ് പോകുന്നതെന്ന് തിരിച്ചറിഞ്ഞ് ഉടൻ പ്രവർത്തിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരെ മരിക്കാൻ അനുവദിക്കരുതെന്ന ഉറച്ച തീരുമാനത്തോടെയാണ് കോക്ക്പിറ്റ് തുറക്കാൻ ശ്രമിച്ചത്.
മോദി: ഇന്ന് ലോകം മുഴുവൻ താങ്കളുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു.
മച്ചാർ: പ്രധാനമന്ത്രിയുമായി സംസാരിക്കാൻ കഴിയുമെന്ന് ഒരിക്കലും കരുതിയതല്ല.
വലിയ അഭിമാനം തോന്നുന്നു.
മോദി: ഇന്ത്യയൊട്ടാകെ താങ്കൾക്കു വേണ്ടി പ്രാർത്ഥിക്കുകയാണ്. മികച്ച ചികിത്സ നൽകിയ സൗദി, യു.എ.ഇ സർക്കാരുകൾക്ക് നന്ദി പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |