
വോട്ടർപ്പട്ടിക വീണ്ടും പരിശോധിക്കും
ന്യൂഡൽഹി: എസ്.ഐ.ആർ പ്രക്രിയയിൽ വോട്ടർപ്പട്ടികയിൽ നിന്ന് പുറത്താക്കിയവരെ തിരികെ ചേർക്കാൻ സ്‌പെഷ്യൽ ഡ്രൈവ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. 13 കോടിയിലധികം പേരുകൾ വെട്ടിനീക്കിയെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപണമുന്നയിക്കുന്നതിനിടെയാണ് തീരുമാനം. എസ്.ഐ.ആർ പ്രക്രിയ പൂർത്തിയായ കേരളം അടക്കം 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും വോട്ടർപ്പട്ടിക വീണ്ടും പരിശോധിക്കും. ഒഴിവാക്കിയവരിൽ അർഹതയുള്ളവരുണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ പട്ടികയിൽ ചേർക്കും. നീക്കിയവരുടെ പട്ടിക ബൂത്ത് തല ഓഫീസർമാർ (ബി.എൽ.ഒ) തയ്യാറാക്കും. വോട്ടർമാരുടെ വീടുകളിലെത്തി രേഖകൾ പരിശോധിക്കും. അർഹരെങ്കിൽ ഫോം 6 നൽകി തിരികെ ചേർക്കാനും നിർദ്ദേശിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് കമ്മിഷൻ കത്തയച്ചു. സെപ്‌തംബർ 26ന് ഫുൾ കമ്മിഷൻ ചേർന്നതിന്റെ തുടർച്ചയെന്ന നിലയിലുള്ള നടപടിയെന്നാണ് വിശദീകരണം. പുതിയ വോട്ടർമാരെ ചേർക്കാൻ സ്‌പെഷ്യൽ ക്യാമ്പുകളും സംഘടിപ്പിക്കും.
പ്രതിഷേധം ഫലംകണ്ടു
കർണാടകയിൽ അന്വേഷണം
കർണാടകയിൽ മുസ്ലിം, പിന്നാക്ക വിഭാഗക്കാരെ കൂട്ടത്തോടെ നീക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ ബൂത്ത് തല ഏജന്റുമാർ പേരുകൾ നീക്കം ചെയ്തെന്ന പരാതിയും പരിശോധിക്കും. കുറ്രക്കാരായവർക്കെതിരെ നടപടിയെടുക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി. എസ്.ഐ.ആറിലൂടെ പിന്നാക്കക്കാരെ ലക്ഷ്യമിടുന്നതായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. അന്വേഷണമാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ നേതൃത്വത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് ഉപരോധിക്കുകയും ചെയ്‌തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |