
ന്യൂഡൽഹി: പാക് ചാരസംഘടനയ്ക്കായി നിർണായക പ്രതിരോധ വിവരങ്ങൾ ചോർത്തിയ കേസിൽ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി പ്രദീപ് മുഖർജിയാണ് പിടിയിലായത്. കോയമ്പത്തൂരിലെ നാവികസേനാ പരിശീലനകേന്ദ്രത്തിൽ നിന്ന് ആന്ധ്രാപ്രദേശ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം അറസ്റ്ര് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് നേടിയ ശേഷം പ്രദീപിനെ വിജയവാഡയിലെ കൗണ്ടർ ഇന്റലിജൻസ് ആസ്ഥാനത്തെത്തിച്ചു.
സാമൂഹ മാദ്ധ്യമത്തിലൂടെയാണ് പാക് ചാരവനിത പ്രദീപിനെ സമീപിച്ചത്. സൗഹൃദം വളർത്തിയെടുത്ത ശേഷം വിശാഖപട്ടണം നാവികത്താവളവുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങൾ കൈക്കലാക്കി. പ്രധാന സംവിധാനങ്ങൾ, കപ്പൽവിന്യാസവും നീക്കങ്ങളും, പ്രവർത്തനക്രമം തുടങ്ങിയ വിവരങ്ങളാണ് ചോർത്തിയത്. സംശയകരമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം പ്രദീപിനെ നിരീക്ഷിക്കുകയായിരുന്നു. വിവരങ്ങൾ കൈമാറിയെന്ന് സ്ഥിരീകരിച്ചതോടെ നാവികസേനയുടെ അനുമതിയോടെ അറസ്റ്ര് ചെയ്യുകയായിരുന്നു. പണം ലഭിച്ചിട്ടുണ്ടോ, ഹവാല വഴിയോ ഡിജിറ്റൽ ഇടപാടുകളിലൂടെയോ പണം കൈമാറിയിട്ടുണ്ടോയെന്നതടക്കം വിശദമായ അന്വേഷണം നടന്നുവരികയാണ്.
31കാരനായ പ്രദീപിന് വിശാഖപട്ടണം ആസ്ഥാനമായ ഈസ്റ്റേൺ നേവൽ കമാൻഡിന് കീഴിലായിരുന്നു ജോലി. മാനേജ്‌മെന്റ് വികസന പരിശീലനത്തിനായി ഒരാഴ്ച മുമ്പാണ് കോയമ്പത്തൂരിലെ ഐ.എൻ.എസ് അഗ്രാനിയിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |