ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് വർദ്ധിപ്പിച്ചത്. ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്. രാജ്യത്തുടനീളമുള്ള നയാര എനർജിയുടെ 7,108 ഇന്ധന സ്റ്റേഷനുകളിലും പുതിയ വില ബാധകമാണ്.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെയും ശുദ്ധീകരിച്ച എണ്ണ ഉൽപ്പന്നങ്ങളുടെയും വില ഉയർന്നതിനെ തുടർന്നാണ് വില വർദ്ധിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ഉയർന്ന എണ്ണവില കമ്പനിയുടെ ലാഭവിഹിതത്തിൽ സമ്മർദം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നയാരയുടെ നടപടി.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനർജി നേരത്തെയും സമാനമായ രീതിയിൽ ഇന്ധനവില കൂട്ടിയിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഇന്ധന വിതരണത്തെ ബാധിച്ച സാഹചര്യത്തിലായിരുന്നു അന്നത്തെ വിലവർദ്ധന. എന്നാൽ പിന്നീട് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതോടെ കഴിഞ്ഞ ജൂലായ് ഒന്നിന് നിരക്ക് വർദ്ധന പിൻവലിച്ചിരുന്നു.
അതേസമയം, അന്താരാഷ്ട്ര എണ്ണവില ഉയർന്നിട്ടും ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വിലയിൽ വലിയ മാറ്റം വരുത്തിയിട്ടില്ല. ഇതോടെ സ്വകാര്യ ഇന്ധന കമ്പനികളും പൊതുമേഖലാ എണ്ണക്കമ്പനികളും ഈടാക്കുന്ന വിലകൾ തമ്മിലുള്ള വലിയ വ്യത്യാസം ഉണ്ടാകും. ഇന്ധന വിൽപ്പനയിൽ നിയന്ത്രണം ഏർപ്പെടുത്താൻ പാടില്ലെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സ്വകാര്യ ഇന്ധന റീട്ടെയിലർമാർക്ക് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിലവർദ്ധന.
Private fuel retailer Nayara Energy has increased petrol prices by ₹5 and diesel prices by ₹3 per litre across its 7,108 fuel stations in India. The revised rates came into effect from Saturday morning. The hike reportedly follows rising crude oil and refined fuel prices. Public-sector oil companies have not made similar significant price changes despite higher international crude prices.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |