SignIn
Kerala Kaumudi Online
Sunday, 14 June 2026 1.20 PM IST

ന്യൂഡൽഹി തീപിടിത്തം; അന്വേഷണം തുണി കൊണ്ട് മുഖം മറച്ചെത്തിയ സ്‌ത്രീയിലേക്ക്, സിസിടിവി ദൃശ്യങ്ങളിൽ സൂചന

explosion

ന്യൂഡൽഹി: മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ സൗത്ത് ഈസ്റ്റ് ഡൽഹിയിലെ തീപിടിത്തം കരുതിക്കൂട്ടി ആസൂത്രണം ചെയ്‌തതെന്ന് സംശയം. ഗോവിന്ദ്പുരിയിൽ തീപിടിത്തമുണ്ടായ അഞ്ച്‌ നില കെട്ടിടത്തിന് സമീപമുള്ള പാർക്കിംഗ് ഏരിയയിൽ നിന്നും പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് സംശയം ബലപ്പെടുത്തിയത്. തീപിടിത്തം ഉണ്ടാകുന്നതിന് തൊട്ടുമുൻപ് മുഖം മറച്ച് കെട്ടിടത്തിലെത്തിയ സ്‌ത്രീയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

പുലർച്ചെ 2.23ന്‌ ദുപ്പട കൊണ്ട് മുഖം മറച്ചാണ് സ്‌ത്രീ കെട്ടിടത്തിന് ഉള്ളിലേക്ക് പ്രവേശിച്ചത്. തൊട്ടുപിന്നാലെ കെട്ടിടത്തിന് ഉള്ളിൽ പൊട്ടിത്തെറിയുണ്ടാകുന്നതും സ്‌ത്രീ പുറത്തേക്കിറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. നിമിഷങ്ങൾക്കകംതന്നെ കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലേക്ക് തീ പടരുകയായിരുന്നു. എന്നാൽ, സിസിടിവി ദൃശ്യങ്ങളിൽ കണ്ട സ്‌ത്രീ ആരാണെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

ഫ്ലാറ്റിലെ താമസക്കാരായ പങ്കജ് (28), മുത്തശ്ശി സുശീല ദേവി (70), പങ്കജിന്റെ സഹോദരി സോണി (20) എന്നിവർക്കാണ് ജീവൻ നഷ്‌ടമായത്. പങ്കജിന്റെ അമ്മ ഗുഡ്ഡി ദേവി (50), സംസാരശേഷി കുറഞ്ഞ ഇളയ സഹോദരി മോണി (18) എന്നിവർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. കെട്ടിടത്തിന്റെ താഴത്തെ നിലയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംശയാ‌സ്‌പദമായ രീതിയിൽ സ്‌ത്രീയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXPLOSION, INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360