SignIn
Kerala Kaumudi Online
Saturday, 18 July 2026 3.02 PM IST

രാജ്യം നടുങ്ങിയ വിമാനദുരന്തത്തിന് ഒരാണ്ട്; എങ്ങുമെത്താതെ അന്വേഷണം, സംശയനിഴലിൽ പൈലറ്റിന്റെ അവസാനവാക്ക്

plane-crash

അഹമ്മദാബാദ്: 260പേരുടെ ജീവൻ പൊലിയാനിടയാക്കിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം. 2025 ജൂൺ 12നാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗേറ്റ്‌വിക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ബോയിംഗ് 787 ഡ്രീംലൈനർ പറന്നുയർന്ന് വെറും 32 സെക്കൻഡിനുള്ളിൽ തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരിൽ 241പേരും വിമാനം വീണ സ്ഥലത്തുണ്ടായിരുന്ന 19പേരും മരണപ്പെട്ടു. അപകടത്തിന് തൊട്ടുമുമ്പ് കോക്ക്‌പിറ്റിൽ എന്താണ് സംഭവിച്ചതെന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുകയാണ്.

അപകടവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. അതിനാൽ, പൈലറ്റിന്റെ ഭാഗത്തുള്ള പിഴവാണോ സാങ്കേതിക പ്രശ്‌നങ്ങളാണോ അതോ വിമാനത്തിന്റെ സിസ്റ്റം തകരാറിലായതാണോ എന്ന് തുടങ്ങി അപകടകാരണങ്ങളെക്കുറിച്ചുള്ള നിരവധി സംശയങ്ങൾ ഉത്തരം കിട്ടാതെ തുടരുന്നുണ്ട്.

2025 ജൂലായിൽ ഇന്ത്യയുടെ എയർക്രാഫ് ആക്‌സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പുറത്തിറക്കിയ പ്രാഥമിക റിപ്പോർട്ടാണ് അന്വേഷണത്തിൽ നിർണായകമായത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെ കോക്ക്‌പിറ്റിലെ രണ്ട് ഇന്ധന നിയന്ത്രണ സ്വിച്ചുകളും റണ്ണിൽ നിന്ന് കട്ട്‌ഓഫിലേക്ക് മാറിയെന്നായിരുന്നു കണ്ടെത്തൽ. ഇതോടെയാണ് വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലേക്കുമുള്ല ഇന്ധന വിതരണം തടസപ്പെട്ടത്. വീണ്ടും സ്വിച്ച് റൺ ഓപ്‌ഷനിലേക്ക് മാറ്റാൻ പൈലറ്റ് ശ്രമിച്ചെങ്കിലും വിമാനം സമീപത്തുള്ള കെട്ടിടത്തിൽ ഇടിച്ച് തീഗോളമായി മാറുകയായിരുന്നു. എഞ്ചിനിലേക്ക് ഇന്ധനം എത്തിക്കുന്ന സ്വിച്ചുകൾ ആരാണ് ഓഫ് ചെയ്‌തത് എന്ന കോക്ക്‌പിറ്റിൽ നിന്നുള്ള ഒരു പൈലറ്റിന്റെ ചോദ്യമാണ് ഇപ്പോഴും ഉത്തരം കിട്ടാതെ നിൽക്കുന്നത്.

പൈലറ്റുമാരിൽ ഒരാൾ മനഃപൂർവം സ്വിച്ച് ഓഫ് ആക്കിയതാണോ എന്ന സംശയം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. അപകടത്തിലെ അട്ടിമറി സാദ്ധ്യതയും ഇതോടെ ചർച്ചയായി. വിമാനം പറത്തിയ ക്യാപ്‌റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറും ചരിചയസമ്പന്നരായ പൈലറ്റുമാരാണ്.

നിലവിൽ അന്വേഷണം പൂർത്തിയായിട്ടില്ല. അപകടം നടന്ന് 12 മാസത്തിനുള്ലിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നുള്ളതിനാൽ അധികൃതർ ഒരു ഇടക്കാല റിപ്പോർട്ട് ഉടൻ സമർപ്പിച്ചേക്കാം. ഇരകളുടെ കുടുംബങ്ങളും അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വകുമാർ രമേശും അപകടകാരണം പുറത്തുവിടണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. അന്തിമ റിപ്പോർട്ട് വരുംവരെ പതിറ്റാണ്ടുകൾക്കിപ്പുറം ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ വിമാനദുരന്തത്തിന്റെ കാരണം ചർച്ചചെയ്യപ്പെട്ടുകൊണ്ടേയിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, AHMEDABAD, PLANE CRASH, INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360