ലക്‌നൗ: ഓപ്പറേഷൻ സിന്ദൂർ വ്യോമ പ്രവർത്തനങ്ങൾക്ക് നിർണായക നേതൃത്വം നൽകിയ റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്രയെ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) തിരഞ്ഞെടുത്തു. ഈ വർഷം ഏപ്രിലിലാണ് ജിതേന്ദ്ര മിശ്ര ഇന്ത്യൻ വ്യോമസേനയിൽ നിന്ന് വിരമിച്ചത്. ഓപ്പറേഷൻ സിന്ദൂരിലെ മികച്ച നേതൃത്വത്തിന് അംഗീകാരം ലഭിച്ച മുതിർന്ന സൈനിക കമാൻഡർമാരിൽ ഒരാളാണ് അദ്ദേഹം.
രാഷ്ട്രപതി ദ്രൗപതി മുർമു അദ്ദേഹത്തിന് 'സർവോത്തം യുദ്ധ സേവാ മെഡൽ' സമ്മാനിച്ചിട്ടുണ്ട്. യുദ്ധം, സംഘർഷം എന്നീ സാഹചര്യങ്ങളിൽ അത്യുന്നത നിലവാരത്തിലുള്ള വിശിഷ്ട സേവനത്തിനാണ് ഈ പുരസ്കാരം നൽകുന്നത്. ഇന്ത്യയിലെ അപൂർവമായ സൈനിക ബഹുമതികളിലൊന്നാണിത്. അദ്ദേഹത്തിന്റെ മികച്ച പ്രവർത്തനം മുൻ നിർത്തിയാണ് പുതിയ ചുമതല നൽകിയിരിക്കുന്നത്.
പ്രവർത്തന ആസൂത്രണം, ഏകോപനം, ലോജിസ്റ്റിക്സ്, വലിയ സൈനിക വിഭാഗങ്ങളുടെ നിയന്ത്രണം എന്നിവയിൽ ജിതേന്ദ്ര മിശ്രയ്ക്കുള്ള പരിചയം അയോദ്ധ്യ ട്രസ്റ്റിന് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ഉത്തർപ്രദേശിലെ ദേവ്റിയ ജില്ലയിലുള്ള ഭോപത്പുര സ്വദേശിയാണ് ജിതേന്ദ്ര മിശ്ര. അയോദ്ധ്യയിൽ നിന്ന് റോഡ് മാർഗം ഏകദേശം മൂന്ന് മണിക്കൂർ യാത്ര ചെയ്തെത്താവുന്ന അകലത്തിലാണ് ഈ ഗ്രാമം.
രാമക്ഷേത്ര ട്രസ്റ്റിന്റെ സിഇഒ എന്ന നിലയിൽ ക്ഷേത്രത്തിന്റെ ദൈനംദിന ഭരണനിർവഹണം, തീർഥാടകർക്കുള്ള സൗകര്യങ്ങൾ, സാമ്പത്തിക ക്രമീകരണങ്ങൾ, ജീവനക്കാരുടെ ഏകോപനം, സുരക്ഷാ വിഭാഗങ്ങളുമായുള്ള ഏകോപനം തുടങ്ങിയ പ്രധാന ചുമതലകൾ ജിതേന്ദ്ര മിശ്രയ്ക്കായിരിക്കും. രാമക്ഷേത്രത്തിലെത്തുന്ന തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഭരണപരമായ ആവശ്യങ്ങൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനുള്ള നിർണായക ചുവടുവയ്പായാണ് അദ്ദേഹത്തിന്റെ നിയമനം വിലയിരുത്തപ്പെടുന്നത്.
Air Marshal Jitendra Mishra, who played a key leadership role in the Indian Air Force’s Operation Sindoor, has been appointed the first CEO of the Shri Ram Janmabhoomi Teerth Kshetra Trust. He retired from the IAF in April this year. Mishra, a recipient of the Sarvottam Yudh Seva Medal, brings extensive experience in military planning, coordination and logistics to the Ayodhya temple trust.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |