
ശ്രീനഗർ: നിയന്ത്രണ രേഖ കടന്ന് ഇന്ത്യൻ അതിർത്തിയിലെത്തിയ പാക് ബാലൻ കസ്റ്റഡിയിൽ. പാക് അധീന കാശ്മീർ സ്വദേശിയായ 14കാരനെയാണ് ഇന്ത്യൻ സുരക്ഷാസേന കസ്റ്റഡിയിലെടുത്തത്. ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള സലോത്രി മേഖലയിൽ നിന്നാണ് അതീവ സുരക്ഷയുള്ള അതിർത്തി മേഖലയിലൂടെ സംശയാസ്പദമായ സാഹചര്യത്തിൽ സഞ്ചരിക്കുകയായിരുന്ന കുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്.
പിഒകെയിലെ തെട്രനോട്ട് സ്വദേശി മുഹമ്മദ് ഷെരീഫിന്റെ മകൻ ജാവിദ് അലി ആണ് പിടിയിലായതെന്ന് സുരക്ഷാ സേന സ്ഥിരീകരിച്ചു. അതിർത്തിക്ക് സമീപമുള്ള പുഴയിൽ കുളിക്കാൻ പോയതാണെന്നും അബദ്ധത്തിൽ നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യൻ ഭാഗത്തേക്ക് കടന്നതാണെന്നുമാണ് ചോദ്യം ചെയ്യലിൽ ജാവിദ് അധികൃതരോട് പറഞ്ഞത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ. കുട്ടിയുടെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് കണ്ടെത്താൻ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്.
അതിർത്തിയിലെ ഇന്ത്യൻ സൈന്യത്തിന്റെ കണ്ണ് വെട്ടിക്കാൻ പറ്റുമോ എന്ന് നോക്കാൻ പാക് സൈന്യം മുൻപും കുട്ടികളെ ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യൻ സൈനികരുടെ നീക്കങ്ങൾ പരിശോധിക്കാൻ കുട്ടികളെ മുന്നിൽ നിർത്തി വഴി കാട്ടികളായി വിടുന്നത് ഇവരുടെ തന്ത്രമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കുട്ടി അബദ്ധത്തിലാണ് അതിർത്തി കടന്നതെന്ന് വ്യക്തമായാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ പാകിസ്ഥാൻ അധികൃതർക്ക് കൈമാറി മാതാപിതാക്കളുമായി ഒന്നിപ്പിക്കും. എങ്കിലും സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെയാണ് കേസ് അന്വേഷിക്കുന്നതെന്നും ഒരു മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |