
മീററ്റ്: ഇൻസ്റ്റഗ്രാമിലൂടെ ജീവനൊടുക്കുമെന്ന സൂചന നൽകി വീഡിയോ പങ്കുവച്ച യുവാവിനെ എട്ട് മിനിട്ടിനുള്ളിൽ കണ്ടെത്തി ജീവൻ രക്ഷിച്ച് പൊലീസ്. സോഷ്യൽ മീഡിയ ഭീമന്മാരായ മെറ്റയും ഉത്തർപ്രദേശ് പൊലീസും തമ്മിലുള്ള പ്രത്യേക സുരക്ഷാ സംവിധാനത്തിലൂടെയാണ് 25-കാരന് പുതുജീവൻ നൽകിയത്. ആത്മഹത്യാ പ്രവണതയുള്ള പോസ്റ്റുകൾ കണ്ടെത്തി പൊലീസിന് അടിയന്തര മുന്നറിയിപ്പ് നൽകുന്നതാണ് ഈ സംവിധാനം. മീററ്റിലെ സർധാന സ്വദേശിയായ യുവാവാണ് ജൂൺ ഏഴിന് ഇൻസ്റ്റാഗ്രാമിലൂടെ വിഷം കഴിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. 'ഇനി നീ നിന്റെ ജീവിതത്തിൽ സന്തോഷമായിരിക്കൂ' എന്ന അടിക്കുറിപ്പോടെയായിരുന്നു യുവാവ് ദൃശ്യങ്ങൾ പങ്കുവച്ചത്.
വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ, പൊലീസ് ആസ്ഥാനത്തെ സോഷ്യൽ മീഡിയ സെന്ററിലേക്ക് 'സൂയിസൈഡ് അലർട്ട്' അയച്ചു. ഡിജിപിയുടെ നിർദ്ദേശപ്രകാരം സോഷ്യൽ മീഡിയ സെന്റർ ഉടൻ തന്നെ യുവാവിന്റെ മൊബൈൽ നമ്പരും ലൊക്കേഷനും മീററ്റ് പൊലീസിന് കൈമാറി. വിവരമറിഞ്ഞ് മിന്നൽ വേഗത്തിൽ പാഞ്ഞെത്തിയ സർധാന പൊലീസ് യുവാവിന്റെ വീട്ടിലെത്തി. ഈ സമയം അവശ നിലയിലായിരുന്ന യുവാവിന്റെ അരികിൽ നിന്ന് വിഷം അടങ്ങിയ കുപ്പിയും പൊലീസ് കണ്ടെടുത്തു.
ഉദ്യോഗസ്ഥർ യുവാവിന്റെ കുടുംബാംഗങ്ങളുടെ സഹായത്തോടെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പെട്ടെന്ന് ചികിത്സ ലഭിച്ചതോടെ യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് മീററ്റ് പൊലീസ് പറഞ്ഞു. 2022 മുതലാണ് ഉത്തർപ്രദേശ് പൊലീസും മെറ്റയും ചേർന്നുള്ള 'സൂയിസൈഡ് അലർട്ട്' എന്ന സുരക്ഷാ പദ്ധതി നിലവിൽ വന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ ആത്മഹത്യാ സൂചന നൽകുന്ന പോസ്റ്റുകളോ ദൃശ്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ മെറ്റ ഉടൻ തന്നെ പൊലീസിന് അടിയന്തര സന്ദേശം കൈമാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |