SignIn
Kerala Kaumudi Online
Friday, 05 June 2026 1.11 PM IST

പലിശഭാരം കൂടില്ല, പക്ഷെ വിലക്കയറ്റം ആശങ്ക; റിപ്പോ നിരക്കിൽ മാറ്റംവരുത്താതെ റിസർവ് ബാങ്ക്

sanjay-malhotra

ന്യൂഡൽഹി: അടിസ്ഥാന പലിശനിരക്കുകളിൽ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ആറ് അംഗ ധനനയ സമിതി റിപ്പോ നിരക്ക് 5.25 ശതമാനം ആയി നിലനിർത്താൻ ഏകകണ്ഠമായി തീരുമാനിച്ചു. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ സ്വീകരിച്ച നിലപാട് തന്നെ ആർബിഐ ജൂൺ മാസത്തിലും തുടരുകയാണ്. റിപ്പോ നിരക്കിൽ മാറ്റമില്ലാതെ നിലനിർത്തുന്നത് സമ്പദ്‌വ്യവസ്ഥയിലെ പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിനും വളർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യമൊരുക്കുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.

നടപ്പ് സാമ്പത്തിക വർഷമായ 2026-27-ലെ ജിഡിപി വളർച്ചാ നിരക്ക് സംബന്ധിച്ച പ്രവചനം ആർബിഐ വെട്ടിക്കുറച്ചു. നേരത്തെ 6.9 ശതമാനം ആയിരുന്ന വളർച്ചാ നിരക്ക് ഇപ്പോൾ 6.6ശതമാനം ആയിട്ടാണ് പുനർനിശ്ചയിച്ചിരിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം മൂലമുണ്ടാകുന്ന സാമ്പത്തിക ആഘാതങ്ങളെ നേരിടാൻ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രാപ്തമാണെന്ന് ഗവർണർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഏപ്രിലിൽ ചേർന്ന സമിതിക്ക് ശേഷം ആഗോള തലത്തിൽ നിരവധി വെല്ലുവിളികൾ ഉണ്ടായി എന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. രാജ്യത്തെ വിലക്കയറ്റം ഇപ്പോഴും ആർബിഐ നിശ്ചയിച്ച അളവിന്റെ താഴെയാണ്. എന്നാൽ യുദ്ധവും മറ്റും വരും മാസങ്ങളിൽ വിലക്കയറ്റം വർദ്ധിക്കാൻ ഇടയാക്കും എന്നാണ് വിലയിരുത്തൽ. നിലവിൽ വിലക്കയറ്റം അത്രകണ്ട് ജനങ്ങളെ ബാധിച്ചിട്ടില്ല എന്നും സഞ്ജയ് മൽഹോത്ര പറഞ്ഞു.

നടപ്പുവർഷത്തെ റീട്ടെയ്ൽ പണപ്പെരുപ്പ അനുമാനം 0.50 ശതമാനം ഉയർത്തി 5.1 ശതമാനമാക്കി ഉയർത്തിയ തീരുമാനം വിലക്കയറ്റം രൂക്ഷമാകുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് നിലനിർത്തിയത് ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസമായേക്കും.റിപ്പോനിരക്കിൽ മാറ്റമില്ലാത്തതിനാൽ ഭവന വായ്പകളുടെ പലിശനിരക്ക് മാറ്റാൻ ബാങ്കുകൾ തയാറാവില്ലെന്നത് സാധാരക്കാർക്ക് ആശ്വസാമാകും.

അതേസമയം, ആദായനികുതി നിയമത്തിൽ നിർണായക ഭേദഗതി വരുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. സർക്കാർ കടപ്പത്രങ്ങളിൽ (ജി-സെക്) നിക്ഷേപിക്കുമ്പോൾ കിട്ടുന്ന ലാഭത്തിന് വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇനിമുതൽ മൂലധന നേട്ട നികുതി അടയ്ക്കണ്ട. ഈ വർഷം സിപിഐ പണപ്പെരുപ്പം 5.1 ശതമാനം ആയിരിക്കുമെന്നാണ് ആർബിഐയുടെ പ്രവചനം. ഇത് നേരത്തെ പ്രഖ്യാപിച്ചതിനേക്കാൾ കൂടുതലാണ്.

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് വലിയ ആശങ്കയാണ് ആർബിഐ രേഖപ്പെടുത്തിയിട്ടുള്ളത്. ആഗോള സമ്പദ്‌വ്യവസ്ഥ തന്നെ വലിയ തോതിൽ പ്രതിസന്ധി അനുഭവിക്കുകയാണ് എന്ന് ആർബിഐ പറയുന്നു. എണ്ണ, ഊർജവില വർദ്ധനവ്, വിതരണ ശൃംഖലകളിലെ പ്രശ്നങ്ങൾ എന്നിവയെല്ലാം പ്രതിസന്ധിയുടെ ആഴം കൂട്ടി എന്ന് ആർബിഐ വിലയിരുത്തുന്നുണ്ട്. എത്രകാലം ഈ പ്രശ്നം നിലനിൽക്കുമെന്നും എങ്ങനെയായിരിക്കും ഇതിന്റെ പ്രത്യാഘാതം ഉണ്ടാകുകയെന്നുമുള്ളതിൽ അനിശ്ചിതത്വം ഉണ്ടെന്നും ആർബിഐ വിലയിരുത്തി.

നിലവിലെ നിരക്കുകൾ

  • റിപ്പോനിരക്ക് : 5.25%
  • സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി റേറ്റ് : 5.00%
  • എംഎസ്എഫ് : 5.50%
  • ഫിക്സഡ് റിവേഴ്സ് റിപ്പോ : 3.35%
  • കരുതൽ ധന അനുപാതം (സിആർആർ) : 3.00%
  • എസ്എൽആർ : 18.00%
Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, RBI, SANJAY MALHOTRA, REPO RATE, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360