SignIn
Kerala Kaumudi Online
Friday, 12 June 2026 12.25 PM IST

ഇന്ത്യൻ ഇതിഹാസ ഷൂട്ടിംഗ് താരം ജസ്‌പാൽ റാണ അന്തരിച്ചു

READ ENGLISH VERSION
jaspal-rana

ന്യൂഡൽഹി: ഇന്ത്യൻ ഇതിഹാസ ഷൂട്ടിംഗ് താരവും ദേശീയ കോച്ചുമായ ജസ്‌പാൽ റാണ (49) അന്തരിച്ചു. ഡൽഹിയിലെ മാക്‌സ് ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. അടുത്തിടെ സ്റ്റെന്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പാരീസ് ഒളിംപിക്‌സിൽ രണ്ട് മെഡലുകൾ നേടിയ ഇന്ത്യൻ ഷൂട്ടിംഗ് വിസ്‌മയം മനു ഭാക്കറിന്റെ കോച്ചാണ് റാണ.

ജർമനിയിൽ നടന്ന ഐഎസ്എസ്‌എഫ് ലോകകപ്പ് മത്സരത്തിനിടെ റാണയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. തിരികെ ഇന്ത്യയിലേയ്ക്കുള്ള വിമാന യാത്രക്കിടെയും സമാന അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ഷൂട്ടിംഗ് കോച്ച് ആയി ഉയരുന്നതിന് മുൻപ് രാജ്യം കണ്ട ഏറ്റവും മികച്ച പിസ്റ്റൾ ഷൂട്ടറായിരുന്നു അദ്ദേഹം. 1976 ജൂൺ 28ന് ഉത്തരാഖണ്ഡിൽ ജനനം. 1994ലാണ് അന്താരാഷ്ട്ര മത്സരങ്ങളിൽ ചുവടുവച്ചത്. മിലാനിൽ നടന്ന ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ ലോക റെക്കോർഡ് സ്കോറോടെ അദ്ദേഹം സ്വർണം നേടി. ആ വർഷം തന്നെ ഏഷ്യൻ ഗെയിംസിൽ 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിലും സ്വർണം നേടി.

ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ് എന്നിവയിലുടനീളം മെഡലുകൾ വാരിക്കൂട്ടി. ഒൻപത് സ്വർണ മെഡലുൾപ്പെടെ 15 മെഡലുകളുമായി ഇന്ത്യയുടെ ഏറ്റവും മികച്ച കോമൺവെൽത്ത് ഗെംയിസ് ഷൂട്ടർ എന്ന ഖ്യാതിയും അദ്ദേഹത്തിന് സ്വന്തമാണ്. 1994, 1998, 2002, 2006 കോമൺവെൽത്ത് ഗെയിംസ് മത്സരങ്ങളിലും അദ്ദേഹം ആധിപത്യം തെളിയിച്ചു.

18ാം വയസിൽ അർജുന അവാർഡ് സ്വന്തമാക്കി. മൂന്നുവർഷത്തിനുശേഷം രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു. മത്സരയിനങ്ങളിൽ നിന്ന് വിരമിച്ച റാണ 2012ൽ പരിശീലനം നൽകുന്നത് ആരംഭിച്ചു. ഷൂട്ടിംഗ് രംഗത്ത് പുതുതലമുറയെ വാർത്തെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.

സ്വാതന്ത്ര്യത്തിനുശേഷം ഒരു ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റ് എന്ന ചരിത്രനേട്ടം സ്വന്തമാക്കിയ മനു ഭാക്കറിന് പുറമെ ഇന്ത്യയിലെ മുൻനിര ഷൂട്ടിംഗ് താരങ്ങളായ സൗരഭ് ചൗധരി, അനീഷ് ഭൻവാല, ചിങ്കി യാദവ് എന്നിവരെയും പരിശീലിപ്പിച്ചു.

റാണയുടെ വിയോഗത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അനുശോചനം അറിയിച്ചു. 'ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ഗെയിംസിലും രാജ്യത്തിനായി സ്വർണ മെഡലുകൾ നേടിക്കൊടുത്തുകൊണ്ട് ജസ്‌പാൽ റാണ ലോക വേദിയിൽ ഇന്ത്യയ്ക്ക് മഹത്വം കൊണ്ടുവന്നു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ കായിക ലോകത്തിന് വലിയ നഷ്ടമാണ്'- രാജ്‌നാഥ് സിംഗ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, JASPAL RANA, SHOOTING LEGEND JASPAL RANA, MANU BHAKER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360